സൗകര്യങ്ങളില്ലാതെ ജനറൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടംമുറി
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറി
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പോസ്റ്റ്‌മോർട്ടം മുറി നിർമിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ആശുപത്രിയിൽ പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുങ്ങുമ്പോഴും പോസ്റ്റ്‌മോർട്ടം മുറി അസൗകര്യങ്ങളുടെ നടുവിലാണ്. ആശുപത്രിയിൽ സ്ഥിരം ഫൊറൻസിക് സർജനും ഇല്ല.
എൻ.ആർ.എച്ച്.എമ്മിന്റെ കീഴിൽ താത്കാലികമായി ഫൊറൻസിക് യോഗ്യതയുള്ള ഡോക്ടറെ നിയമിച്ചിട്ടുണ്ടെങ്കിലും നിയമപരമായി പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് തടസ്സങ്ങളുണ്ട്. ഫൊറൻസിക് സർജൻ ഇല്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിടുകയാണ് പലപ്പോഴും ചെയ്യുന്നത്. ഹൈറേഞ്ചിൽനിന്നടക്കം പോസ്റ്റ്‌േമാർട്ടത്തിന് മൃതദേഹം ഇവിടെ കൊണ്ടുവരുന്നുണ്ട്. വലിയ സംഭവങ്ങളിൽ മറ്റിടങ്ങളിൽനിന്ന് ഫോറൻസിക് സർജന്മാരെത്തിയാണ് ഇവിടെ പോസ്റ്റ്‌േമാർട്ടം നടത്തുന്നത്.
ഇടുങ്ങിയ ഷീറ്റിട്ട ഒറ്റമുറിയാണ് പോസ്റ്റ്മോർട്ടം മുറിയായി നിലവിൽ ആശുപത്രിയിലുള്ളത്. പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായി വഴിവെട്ടിയതോടെ പോസ്റ്റ്‌േമാർട്ടം മുറിയിലേക്ക് മൃതദേഹം എത്തിക്കുന്നതിനും പ്രശ്നങ്ങളുണ്ട്. മെഡിക്കൽ വാർഡിന് സമീപത്തായിട്ടാണ് പോസ്റ്റ്‌മോർട്ടം മുറി സ്ഥിതിചെയ്യുന്നത്. 2018-ൽ പുതിയ പോസ്റ്റ്മോർട്ടം മുറി നിർമിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കിയെങ്കിലും പ്രളയം വന്നതോടെ ഫണ്ടില്ലെന്ന കാരണത്താൽ പദ്ധതി മുടങ്ങി.