കണ്ണിമല ബാങ്ക്; യു.ഡി.എഫ്.-എൽ.ഡി.എഫ്. പോര്

മുണ്ടക്കയം: കണ്ണിമല സർവീസ് സഹകരണബാങ്കിനെതിരേ യു.ഡി.എഫ്. നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ബാങ്ക് പ്രസിഡന്റ് പി.എസ്. സുരേന്ദ്രൻ. 

ബാങ്കിലെ ജീവനക്കാരൻ ബന്ധുക്കളുടെ പേരിൽ മതിയായ രേഖകൾ ഹാജരാക്കി വായ്പ എടുക്കുകയും, ചിട്ടി പിടിക്കുകയും ചെയ്തു. ഇത് കൂടിശ്ശികയായായതോടെ ബാങ്ക് ഭരണസമിതി നിയോഗിച്ച ഉപസമിതി നടത്തിയ പരിശോധനയ്ക്ക് ശേഷം കുടിശ്ശിക അടയ്ക്കാനാവശ്യപ്പെട്ടു. 

കുടിശ്ശിക അടയ്ക്കാതെ വന്നതോടെ ബാങ്ക് ഭരണസമിതി യോഗം ചേർന്ന് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ബാങ്കിലെ സഹകാരികളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാണ്. ആശങ്ക വേണ്ടെന്നും സഹകാരികളും നിക്ഷേപകരും ബാങ്കിനൊപ്പം നിലകൊള്ളണമെന്നും ബാങ്കിനെ തകർക്കുവാനുള്ള യു.ഡി.എഫ്. കള്ളപ്രചാരണം തള്ളിക്കളയണമെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു.

ബാങ്ക് പടിക്കൽ ധർണ നടത്തി യു.ഡി.എഫ്. 

കണ്ണിമല സർവീസ് സഹകരണബാങ്കിൽ അഴിമതി ആരോപിച്ച് ബാങ്ക് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. നൗഷാദ് ഇല്ലിക്കലിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പ്രകാശ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു പ്രശ്നം ഒതുക്കിത്തീർക്കാൻ ഭരണസമിതി ശ്രമിക്കുന്നതായും ഇവർ പറഞ്ഞു. ബി.ജയചന്ദ്രൻ, നാസർ പനച്ചി, കെ.എസ്. രാജു, ടി.സി.സാബു, ടി.സി. രാജൻ, ബിനോയ്, ബിനു ജോസ്, അരുൺകുമാർ, സജി കൊക്കാട്ട്, സുരേഷ്, തങ്കച്ചൻ, ജോമോൻ പാക്കാനം, രാമദാസ്, അരുൺ കോക്കപ്പള്ളി, രവീന്ദ്രൻ, ടോമി താമരശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!