അക്കമ്മ ചെറിയാൻ സ്മാരക പോസ്റ്റൽ കവർ പ്രകാശനം ചെയ്തു
കാഞ്ഞിരപ്പള്ളി∙ പുതുതലമുറയ്ക്കു സ്വാതന്ത്ര്യസമര സേനാനികളുടെ സേവനങ്ങളെക്കുറിച്ചും ത്യാഗങ്ങളെപ്പറ്റിയും പഠിക്കാനായി കൂടുതൽ ചരിത്ര സംഭവങ്ങൾ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. അക്കമ്മ ചെറിയാൻ സ്മാരക പോസ്റ്റൽ കവർ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി അക്കമ്മ ചെറിയാന്റെ ചിത്രവും സ്റ്റാപും പതിച്ച തപാൽ കവർ ചങ്ങനാശേരി പോസ്റ്റൽ ഡിവിഷനാണു പുറത്തിറക്കിയത്. ഫിലാറ്റലി ദിനത്തോട് അനുബന്ധിച്ച് തപാൽ വകുപ്പ് സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക കവർ പുറത്തിറക്കിയത്. അക്കാമ്മ ചെറിയാൻ പ്രധാനാധ്യാപികയായി ജോലി ചെയ്ത കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലായിരുന്നു സമ്മേളനം.
കൊച്ചി സെൻട്രൽ റീജൻ പോസ്റ്റ് മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് പ്രത്യേക കവർ പ്രകാശനം ചെയ്തു. സ്റ്റാംപ് അക്കമ്മ ചെറിയാന്റെ മകൻ ജോർജ് വർക്കിക്കു കൈമാറി ആന്റോ ആന്റണി എംപി പ്രകാശനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ചങ്ങനാശേരി ഡിവിഷൻ പോസ്റ്റ് ഓഫിസ് സൂപ്രണ്ട് പി.എസ്. സതിമോൾ, അസിസ്റ്റന്റ് സൂപ്രണ്ട് രാജീവ്. ജെ. ചെറുകാട് എന്നിവർ പ്രസംഗിച്ചു.