കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിലെ അപകടങ്ങൾ; വേഗനിയന്ത്രണത്തിന് നടപടി വേണം
കാഞ്ഞിരപ്പള്ളി∙ ഈരാറ്റുപേട്ട റോഡിലെ അപകടങ്ങൾ കുറയ്ക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കപ്പാടിനും മഞ്ഞപ്പള്ളിക്കുമിടെ 3 അപകടങ്ങളുണ്ടായി. ഒരാളുടെ ജീവൻ പൊലിഞ്ഞു. കാഞ്ഞിരപ്പള്ളി – കാഞ്ഞിരംകവല റോഡ് നിർമാണത്തിന്റെ ഭാഗമായി നവീകരിച്ചതിനു ശേഷം ഭൂരിഭാഗം വാഹനങ്ങളും അമിതവേഗത്തിലാണ് കടന്നു പോകുന്നത്.
കഴിഞ്ഞ ആഴ്ചയുണ്ടായ 3 അപകടങ്ങളിൽ രണ്ടിലും ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. മൂന്നാം മൈൽ മുതൽ കപ്പാട് വരെ വളവുകളില്ലാതെ നേരെയുള്ള ഭാഗത്ത് അമിതവേഗം മുൻപും അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. റോഡിൽ വേഗനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പലയിടങ്ങളിലും വളവുകൾ നിവർത്താത്തതും അപകടകാരണമാണ്.