താലൂക്കിൽ 150-ലേറെ വീടുകൾ തകർന്നു
കാഞ്ഞിരപ്പള്ളി: താലൂക്കിൽ ശനിയാഴ്ചയുണ്ടായ മഴനാശത്തിൽ നൂറ്റിയൻപതിലേറെ വീടുകൾ പൂർണമായും, ആയിരത്തിലേറെ വീടുകൾ ഭാഗികമായും തകർന്നു. കൂട്ടിക്കൽ വില്ലേജ്-60, ഇടക്കുന്നം വില്ലേജ്-53, മുണ്ടക്കയം വില്ലേജ്-15, എരുമേലി വടക്ക് വില്ലേജ്-15, കൂവപ്പള്ളി വില്ലേജ്-25 വീടുകളും പൂർണമായും തകർന്നു. താലൂക്കിൽ ആയിരത്തിലേറെ വീടുകൾക്ക് ഭാഗിക നാശമുണ്ടായി. പ്രാഥമിക കണക്കുപ്രകാരമാണ് നാശം കണക്കാക്കിയിരിക്കുന്നത്. നാശത്തിന്റെ കണക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ക്യാമ്പിൽ 250 കുടുംബങ്ങൾ
താലൂക്കിൽ 20 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 250 കുടുംബങ്ങളിലെ ആയിരത്തിലേറെ ആളുകളെ ക്യാമ്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. കൂട്ടിക്കൽ ജെ.ജെ. മർഫി സ്മാരക സ്‌കൂൾ, സെന്റ് ജോർജ് സ്‌കൂൾ, ആർ. ശങ്കർ സ്മാരക സ്‌കൂൾ, പ്ലാപ്പള്ളി ഗവ. എൽ.പി.എസ്., പുത്തൻചന്ത സെന്റ് ജോസഫ് സ്‌കൂൾ, പറത്താനം അങ്കണവാടി, കൂട്ടിക്കൽ എ.എം.ജെ. സ്‌കൂൾ, മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ സ്‌കൂൾ, ആനക്കല്ല് ഗവ. എൽ.പി.എസ്., വട്ടക്കാവ് എൽ.പി.എസ്., ചെറുമല അങ്കണവാടി, കോരൂത്തോട് സി.കെ.എം.എച്ച്.എസ്., ചെറുവള്ളി ഗവ. എൽ.പി.എസ്, കൂവക്കാവ് ഗവ. എച്ച്.എസ്. എന്നിവിടങ്ങളിലായാണ് 20 ദുരിതാശ്വാസക്യാമ്പുകൾ തുറന്നത്. പട്ടയംകിട്ടാത്ത സ്ഥലത്തെ വീടും കടയും തകർന്നു
മണിമല: ഒരുനൂറ്റാണ്ടിലധികമായി മണിമല മൂങ്ങാനിയിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിന് ഇതുവരെ സ്ഥലത്തിന് പട്ടയം കിട്ടിയിട്ടില്ല. ഇപ്പോൾ ഇവിടെ താമസിക്കുന്നത് 90-കാരി ഭാനുമതിയമ്മയും മകൻ പരേതനായ ഉണ്ണിക്കൃഷ്ണന്റെ കുടുംബവും. സമീപത്ത് മൂത്തമകൻ പരേതനായ ബാബുവിന്റെ കുടുംബം. രണ്ടുവീട്ടുകാരും ചെറുകിട വ്യാപാരം നടത്തിവന്നത് വീടിനോടുചേർന്നുള്ള കടയിൽ. ശക്തമായ വെള്ളപ്പാച്ചിലിൽ ഇരുവീടുകളും കടയും തകർന്നു. വീട്ടിലുണ്ടായിരുന്ന കട്ടിൽ അടക്കമുള്ളവ ഒഴുകിപ്പോയപ്പോൾ ആർക്കും സഹായിക്കാനായില്ല.
സമീപത്ത് മുപ്പതുമീറ്റർ മാറി പോലീസ് സ്റ്റേഷൻ ഉണ്ടെങ്കിലും പോലീസ് സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ ഇവരും സഹായത്തിനെത്തിയില്ല.