കൊടുത്തതെല്ലാം പുഴ ‘തിരിച്ചുതന്നു’
ചിറക്കടവ്: ചിറ്റാർ എന്നും മനുഷ്യർ വലിച്ചെറിയുന്ന മാലിന്യംപേറാൻ വിധിക്കപ്പെട്ട പുഴയാണ്. തരം കിട്ടിയപ്പോൾ പുഴ അതെല്ലാം നാടിന് തിരിച്ചുകൊടുത്തു.
പ്രളയജലം ഇറങ്ങിയപ്പോൾ ചിറക്കടവ് പള്ളിപ്പടിക്ക് സമീപം പാലത്തിൽ ടൺകണക്കിന് മാലിന്യമാണ് അടിഞ്ഞത്. കാഞ്ഞിരപ്പള്ളി പട്ടണംമുതൽ നഗര, ഗ്രാമ മാലിന്യമത്രയും പേറി മണിമലയാറ്റിലേക്കാണ് ചിറ്റാർപ്പുഴ ചേരുന്നത്. സാധാരണ വെള്ളപ്പൊക്കത്തിൽ ഈ പാഴ്‌വസ്തുക്കളത്രയും പഴയിടം കോസ്‌വേയിൽ അടിയാറുണ്ടായിരുന്നു. ഇത്തവണ ചിറ്റാർപ്പുഴ കുറെ മാലിന്യം കരയ്ക്കുതള്ളിയാണ് മണിമലയാറ്റിലേക്ക് ഒഴുകിച്ചേർന്നത്. പാലത്തിന്റെ കൈവരിയിൽ അടിഞ്ഞതിലേറെയും പ്ലാസ്റ്റിക് മാലിന്യമാണ്.
കുടിവെള്ളക്കുപ്പികൾ, മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് കൂടുകൾ, ബേബിനാപ്കിൻ തുടങ്ങിയവയും ഉപയോഗശേഷം വലിച്ചെറിയുന്ന വീട്ടുപകരണങ്ങളുംവരെയുണ്ട് ഇക്കൂടെ.