പൊൻകുന്നം-പുനലൂർ ഹൈവേയിൽ പ്രളയത്തിൽ കനത്തനഷ്ടം
ചെറുവള്ളി: പൊൻകുന്നം-പുനലൂർ ഹൈവേയിൽ പ്ലാച്ചേരി റീച്ചിൽ പ്രളയത്തിൽ ഏറെ നാശമുണ്ടായത് മണ്ണനാനി മുതൽ മണിമല വരെ. കെ.എസ്.ടി.പി. അധികൃതർ ഈ മേഖല സന്ദർശിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി.
വിവിധ ഭാഗങ്ങളിലായി 200-ലേറെ മീറ്റർ ക്രാഷ്ബാരിയർ പൂർണമായും പൊളിഞ്ഞുവീണു. വെള്ളം കുത്തിയൊഴുകിയെത്തിയപ്പോൾ ഇവയുടെ അടിത്തറയിളകി മറിഞ്ഞുവീഴുകയായിരുന്നു. മറ്റ് പലയിടങ്ങളിൽ ക്രാഷ്ബാരിയർ ഇളകിയിട്ടുണ്ട്.
മണിമലയാറ്റിൽനിന്ന് വെള്ളംകയറി റോഡിലൂടെ ഒഴുകിയ പ്രദേശത്തെല്ലാം അടയാള ബോർഡുകൾ മുഴുവനായി നശിച്ചു. ഒഴുക്കിൽപ്പെട്ട് നഷ്ടപ്പെട്ടു ഭൂരിഭാഗം ബോർഡുകളും. മറ്റുള്ളവ മറിഞ്ഞുവീണ നിലയിലാണ്. സ്ഥലനാമം എഴുതിയ ബോർഡുകൾ, പ്രതിഫലന ബോർഡുകൾ എന്നിവയെല്ലാം പുനഃസ്ഥാപിക്കണം.
സംരക്ഷണഭിത്തി തകർന്നു
ചിറക്കടവ് അടിച്ചുമാക്കൽ പാലത്തിന് സമീപം സംരക്ഷണഭിത്തിയിടിഞ്ഞു. സമീപത്തെ തോട്ടിൽനിന്നുള്ള വെള്ളമൊഴുക്കിൽ പുതിയ കൽക്കെട്ട് ഇടിഞ്ഞുവീഴുകയായിരുന്നു. ഒരുമാസം മുൻപ് ഇതേപോലെ ഇടിഞ്ഞിട്ട് പുനർനിർമിച്ച ഭാഗമാണിത്. ചെറുവള്ളി എസ്.സി.ടി.എം.സ്‌കൂളിന് സമീപവും സംരക്ഷണഭിത്തിക്ക് തകരാറുണ്ട്.
വൈദ്യുതിത്തൂണുകൾ മറിഞ്ഞുവീണു
മൂലേപ്ലാവ് മുതൽ മണിമലവരെ പുതിയതായി സ്ഥാപിച്ച വൈദ്യുതിത്തൂണുകളും ലൈനുകളും തകർന്നു. 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഈ നഷ്ടം കെ.എസ്.ടി.പി.നികത്തേണ്ടിവരും. റോഡ് വികസനത്തിനായി വൈദ്യുതിവകുപ്പിൽനിന്ന് ഏറ്റെടുത്ത് നിർമാണം നടത്തിയതിനുശേഷം കെ.എസ്.ടി.പി. ഇത് കൈമാറിയിരുന്നില്ല. അതിനാൽ കെ.എസ്.ടി.പി.തന്നെ പൂർവസ്ഥിതിയിലാക്കി വൈദ്യുതി ബോർഡിന് ഔദ്യോഗികമായി കൈമാറേണ്ടി വരും.
ഹൈവേ നിർമാണ മേൽനോട്ടത്തിന് ചുമതലപ്പെടുത്തിയ കൺസൾട്ടൻസിയാവും നഷ്ടങ്ങളുടെ കണക്കെടുപ്പ് നടaത്തുന്നത്. കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ നടത്തിയ സന്ദർശനത്തിൽ നഷ്ടം വിലയിരുത്തിയില്ല. അടുത്തദിവസം കൺസൾട്ടൻസിയുടെ പ്രതിനിധികളെത്തും. ഏതൊക്കെ ജോലികൾ റോഡ് നിർമാണത്തിന് നിലവിലുള്ള കരാറിൽപ്പെടുത്തി ചെയ്യേണ്ടിവരുമെന്നത് അതിനുശേഷമേ നിശ്ചയിക്കൂ. നിലവിൽ നിർമാണം നടത്തുന്ന കമ്പനിക്ക് അഞ്ചുവർഷത്തേക്ക് പരിപാലച്ചുമതലയുള്ളതിനാൽ കൂടുതൽ ജോലികളും അതിൽപ്പെടുത്തി ചെയ്യേണ്ടിവരും.
നാശനഷ്ടങ്ങളുടെ പ്രാഥമിക വിവരം കെ.എസ്.ടി.പി. സെക്ഷൻ അധികൃതർ തിരുവനന്തപുരത്ത് ചീഫ് എൻജിനീയർ ഓഫീസിൽ അറിയിച്ചു. കൺസൾട്ടൻസിയാവും ഇനി എസ്റ്റിമേറ്റ് എടുക്കുന്നത്. പുതിയതായി കരാർ ചെയ്യേണ്ട പുനർനിർമാണ ജോലികൾ തീരുമാനിക്കും.