ചേനപ്പാടി കടവനാൽ കടവിലെ പാലത്തിൽ ഇനിയെന്ത്.
ചേനപ്പാടി കടവനാൽകടവ് പാലം തെന്നിമാറിയ നിലയിൽ
ചേനപ്പാടി: മണിമലയാറ്റിലെ കുത്തൊഴുക്ക് പിടിച്ചുനിൽക്കാനാകാതെ അടർന്നുമാറിയ പാലം. ചേനപ്പാടി കടവനാൽക്കടവിന്റെ രണ്ട് സ്പാൻ പ്രളയത്തിന്റെ ഭീകരാവസ്ഥ വെളിവാക്കുന്നതാണ്.
പാലത്തിന്റെ ഒരുഭാഗം രണ്ടടിയിലേറെയാണ് തെന്നി നീങ്ങിയത്. അതോടെ ഉപരിതലം ഇളകി വിടവുണ്ടായി. ഇതുവഴി ഭാരവാഹനങ്ങളുടെ ഗതാഗതം നിർത്തിവെച്ചു.
വെള്ളപ്പൊക്കത്തെക്കാൾ ഉയരെ പണിതു
എരുമേലി, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടത്തുവള്ളമുണ്ടായിരുന്ന കടവനാൽക്കടവിൽ 1990-ൽ നിർമിച്ച പാലമാണിത്. വെള്ളപ്പൊക്കം അതിജീവിക്കാൻ കരുത്തുള്ള നിലയിലായിരുന്നു നിർമാണം.
1957-ലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ മണിമലയാറ്റിലുണ്ടായ ജലനിരപ്പ് കണക്കാക്കിയാണ് പാലത്തിന്റെ ഉയരം നിർണയിച്ചത്. ഇത്തവണ ആ കണക്കുതെറ്റി. പാലത്തിനുമുകളിൽ വെള്ളംകയറി കൈവരികൾക്കും നാശമുണ്ടായി. മുളങ്കാടും മരങ്ങളും അടിഞ്ഞ് വെള്ളം ശക്തമായി പാലത്തിന് പ്രഹരമേൽപ്പിച്ചതാണ് സ്പാനുകൾ നീങ്ങിപ്പോകാനിടയാക്കിയതെന്ന് കരുതുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽനിന്ന് പ്രവേശിക്കുന്നിടത്തെ രണ്ടാമത്തെ സ്പാനാണ് രണ്ടടിയിലേറെ തെന്നിമാറിയത്. മറ്റ് രണ്ട് സ്പാൻ ഏതാനും ഇഞ്ച് തെന്നിമാറി.
ഇനിയെന്ത്…
പാലത്തിന്റെ അടിത്തട്ടിന് തകരാറില്ലെങ്കിൽ സ്പാൻ പൊക്കിനീക്കി പഴയ സ്ഥിതിയിലാക്കുമെന്ന് പൊതുമരാമത്ത് ബ്രിഡ്‌ജസ് വിഭാഗം കോട്ടയം എക്‌സി.എൻജിനീയർ പറഞ്ഞു. അടിത്തട്ടിന് ഇളക്കമുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടിവരും. ജില്ലയിൽ ഇതാദ്യമാണ് ഒരുപാലത്തിന് ഇങ്ങനെയൊരു തകരാറുണ്ടായത്.
2018-ലെ പ്രളയത്തിൽ തൃശ്ശൂർ ജില്ലയിൽ സ്പാൻ തെന്നിമാറിയ പാലങ്ങൾ പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്.
വെള്ളം കഴുത്തൊപ്പം, നീന്തി രക്ഷപ്പെട്ടു
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വെള്ളപ്പൊക്കത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയതെന്ന് പാലത്തിന്റെ ഏറ്റവുമടുത്ത് വീടുള്ള കുറ്റിക്കാട്ടുപറമ്പിൽ കെ.എസ്.ജയകൃഷ്ണൻ നായർ, കെ.എസ്.സോമനാഥൻ നായർ എന്നിവർ പറഞ്ഞു. പാലത്തിന്റെ അടിയിൽ കൂട്ടത്തോടെ മുളങ്കാടുകൾ അടിഞ്ഞ് വെള്ളത്തിന്റെ ഗതിമാറി. വെള്ളം നിറഞ്ഞുകയറുക മാത്രമല്ല, പുഴ ഇതുവഴി ശക്തിയായി വഴിമാറി ഒഴുകുകയായിരുന്നു. കഴുത്തൊപ്പം വെള്ളത്തിൽ നീന്തിയാണ് വീടിനുള്ളിൽനിന്ന് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത്. രാത്രിയാണ് സംഭവമെങ്കിൽ അത് ചിന്തിക്കാൻ പോലുമാവില്ലെന്ന് സോമനാഥൻ നായർ പറഞ്ഞു.