ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ ; 22, 23 തീയതികളിൽ മഞ്ഞ മുന്നറിയിപ്പ്
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഒക്‌ടോബർ 20, 21 തീയതികളിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഒക്‌ടോബർ 19, 22, 23 തീയതികളിൽ മഞ്ഞ മുന്നറിയിപ്പും ജില്ലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മഴ തുടരുന്നതിനാൽ നഗരപ്രദേശങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണം.