തകർന്നത് പ്രധാനപ്പെട്ട 58 റോഡ് , 9 പാലം:
പ്രളയത്തിനു മുൻപ് കാഞ്ഞിരപ്പള്ളി 26–ാം മൈലും ഒന്നാംമൈലും തമ്മിലുള്ള ദൂരം ഒരു കിലോമീറ്ററായിരുന്നു. പ്രളയശേഷം ആറു കിലോമീറ്ററായി കൂടി. ഇരുപ്രദേശങ്ങളും ബന്ധിപ്പിക്കുന്ന പാലം തകർന്നതാണു കാരണം. കാഞ്ഞിരപ്പള്ളി – എരുമേലി റൂട്ടിലെ ഈ പാലത്തിലൂടെ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ളവ നിരോധിച്ചു. ഇതോടെ സമീപഗ്രാമങ്ങളിലുള്ളവർക്ക് 6 മുതൽ 10 കിലോമീറ്റർ വരെ അധികം സഞ്ചരിച്ചാൽ മാത്രമേ കാഞ്ഞിരപ്പള്ളിയിൽ എത്താനാകൂ.
ഇതിവിടത്തെ മാത്രം സ്ഥിതിയല്ല. കൂട്ടിക്കൽ ഉരുൾപൊട്ടലിനു ശേഷം മലയോരമേഖല പരസ്പരം അകന്ന അവസ്ഥയാണ്. ജില്ലയിലെ പ്രധാനപ്പെട്ട 58 റോഡുകളും 9 പാലങ്ങളും തകർന്നുവെന്നാണു പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. ഇതിൽപെടാത്തവ വേറെയുണ്ട്. പഞ്ചായത്തു റോഡുകളുടെ കാര്യം പറയേണ്ടതില്ല. ഈ റോഡുകളും പാലങ്ങളും എന്നു പഴയപടിയാകുമെന്ന് ആർക്കുമറിയില്ല. മലയോര മേഖലയുടെ ദുരിതം പെട്ടെന്നൊന്നും തീരില്ലെന്നുവേണം മനസ്സിലാക്കാൻ.
വഴി മുടങ്ങി, ജീവിക്കാനും രക്ഷപ്പെടാനും
അടിയന്തര സാഹചര്യത്തിൽ എങ്ങനെ രക്ഷപ്പെടും? മ്ലാക്കരയിലെയും മൂപ്പൻമലയിലെയും വീട്ടുകാരുടെ മുന്നിലെ ചോദ്യമാണിത്. പ്രളയത്തിൽ ഇളംകാട് – മ്ലാക്കര റോഡ് തകർന്നതോടെ ഈ മേഖല ഒറ്റപ്പെട്ടു. കൂട്ടിക്കൽ പഞ്ചായത്തിലാണ് ഈ പ്രദേശങ്ങൾ. കിലോമീറ്ററുകൾ നടന്ന് ഇളംകാട് ടൗണിൽ എത്തിയ ശേഷമാണു നാട്ടുകാർ പുറംലോകത്ത് എത്തുന്നത്. നവീകരണം നടക്കുന്ന പൊൻകുന്നം – പ്ലാച്ചേരി റോഡിന്റെ 2 ഭാഗങ്ങളിൽ സംരക്ഷണഭിത്തി ഇടിഞ്ഞു. പലയിടത്തും ക്രാഷ് ബാരിയറുകളും തകർന്നു. കൈപ്പള്ളി– ഏന്തയാർ റോഡ് തകർന്നതോടെ ബസ് സർവീസും നിർത്തി. മുൻപുതന്നെ തകർന്ന ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ അവസ്ഥ കൂടുതൽ വഷളായി. മണിമല – കുളത്തൂർമൂഴി തീരദേശ റോഡും ബദൽ റോഡായ വെള്ളാവൂർ – പ്ലാക്കൽപടി റോഡും തകർന്നു.
തകർന്ന പ്രധാന റോഡുകൾ
ഇളംകാട് – വാഗമൺ റോഡ്
കൂട്ടിക്കൽ – കാവാലി -ചോലത്തടം റോഡ്
മുണ്ടക്കയം ബൈപാസ്
കാഞ്ഞിരപ്പള്ളി – എരുമേലി റോഡ്
മുണ്ടക്കയം – പറത്താനം റോഡ്
ആനക്കുഴി – പറത്താനം റോഡ്
പറത്താനം – കല്ലുവേലി റോഡ്
ചോറ്റി – ഊരയ്ക്കനാട് – മാളിക റോഡ്
കൂട്ടിക്കൽ – കാവാലി – ഏന്തയാർ റോഡ്
കൂവപ്പള്ളി – കൂരന്തൂക്ക് റോഡ്
വെള്ളനാടി – കോസ്‌വേ ജംക്‌ഷൻ റോഡ്
മണിമല – പഴയിടം റോഡ്
ചേനപ്പാടി – എരുമേലി റോഡ്
ചരള ഹോസ്പിറ്റൽ -പൊലീസ് സ്റ്റേഷൻ റോഡ്
കൊടിത്തോട്ടം പ്രപ്പോസ് റോഡ്
എരുമേലി – മുക്കട റോഡ്
കാരിത്തോട് – വായനശാല റോഡ്
കനകപ്പലം – മറ്റന്നൂർക്കര – നെുടുങ്കാവുവയൽ റോഡ്
അഴീക്കൽ – കുറവാമൂഴി റോഡ്
മൂക്കൻപെട്ടി – എയ്ഞ്ചൽവാലി റോഡ്
മുണ്ടക്കയം – മൂക്കൻപെട്ടി -പമ്പാവാലി റോഡ്
കാഞ്ഞിരപ്പള്ളി – എരുമേലി റോഡ്
മുണ്ടക്കയം – കോരുത്തോട് റോഡ്
കൊരട്ടി – കന്നിമല റോഡ്
പേരൂർത്തോട് – ഇരുമ്പൂന്നിക്കര റോഡ്
കരിനിലം – പശ്ചിമ കുഴിമാവ് റോഡ്
കൊരട്ടി – ഓരുങ്കൽ കടവ് -കരിമ്പിൻതോട് റോഡ്
കരിനിലം – പുഞ്ചവയൽ – 504 കോളനി റോഡ്
മൈക്കോളജി റോഡ്
26-ാം മൈൽ– പാലമ്പ്ര റോഡ്
പൂഞ്ഞാർ – കൈപ്പള്ളി -ഏന്തയാർ റോഡ്
അടിവാരം – കൊടുങ്ങ റോഡ്
പെരിങ്ങളം – ചട്ടമ്പി – കൈപ്പള്ളി റോഡ്
തീക്കോയി – മംഗളഗിരി – ഒറ്റയീട്ടി റോഡ്
ഈരാറ്റുപേട്ട – വാഗമൺ റോഡ്ത
കർന്ന പ്രധാന പാലങ്ങൾ പൂർണമായും തകർന്നവ; ഇവ പൂർണമായും നിർമിക്കണം
കാഞ്ഞിരപ്പള്ളി – 26-ാം മൈൽ പാലം
അടിത്തറ ഉൾപ്പെടെ തകർന്നു. കൈവരി നശിച്ചു. ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ ദേശീയപാതയിലെ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽനിന്നു തിരിഞ്ഞു പട്ടിമറ്റം വഴി എരുമേലി റോഡിൽ പ്രവേശിക്കണം.
മൂന്നിലവ് രണ്ടാം പാലം (കടപ്പുഴ പാലം)
തൂണുകൾക്ക് ഇളക്കംതട്ടി. ഗതാഗതം നിരോധിച്ചു. മേച്ചാൽ ഭാഗത്തുള്ളവർക്ക് ഇനി പ്രധാന റോഡിലെത്താൻ മേലുകാവ്, കാഞ്ഞിരംകവല വഴി ഈരാറ്റുപേട്ട – തൊടുപുഴ റൂട്ടിൽ എത്തണം.
ഏന്തയാർ പഞ്ചായത്ത് പാലം
പാലത്തിനു തകരാർ. സമീപനപാത പൂർണമായി തകർന്നു. ഗതാഗതം തടസ്സപ്പെട്ടതോടെ കൊക്കയാർ ഭാഗത്തുള്ളവർക്ക് ഇളംകാട് വഴി കിലോമീറ്ററുകൾ ചുറ്റണം.
കടവനാൽ കടവ് പാലം
2 തൂണുകൾ 2 അടിയിലേറെ തെന്നിമാറി. ഭാഗികമായി അടച്ചു. ചെറുവാഹന ഗതാഗതം അനുവദിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ബസുകൾ പാലത്തിന്റെ ഇരു ഭാഗങ്ങളിലും യാത്രക്കാരെ ഇറക്കി തിരിച്ചു പോകുന്നു.
പഴയിടം കോസ്‌വേ
കൈവരികളും സമീപനപാതയും കുത്തിയൊലിച്ചുപോയി. വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. സമീപനപാതയിൽ കല്ലിട്ടു നികത്തിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
ചെറുവള്ളി കോസ്‌വേ
കോസ്‌വേ ഒഴുകിപ്പോയി. ഇതുവഴി പോകേണ്ടവർ പഴയിടം കോസ്‌വേ വഴിയാണു പോകുന്നത്.
വെള്ളാവൂർ തൂക്കുപാലം
മണിമലയാറ്റിലൂടെ ഒഴുകിയെത്തിയ മരക്കൊമ്പുകൾ ഇടിച്ചാണു തൂക്കുപാലം തകർന്നത്. 35 മീറ്റർ ഭാഗം ഒലിച്ചു പോയി. ഇരുകരകളിലും എത്തുന്നതിന് 8 കിലോമീറ്റർ കൂടുതൽ സഞ്ചരിക്കണം.
ഭാഗികമായി തകർന്നവ
ചിറ്റാർ പാലം (എരുമേലി, മണിമല, കാഞ്ഞിരപ്പള്ളി റോഡ്) – കൈവരികൾ തകർന്നു
മണ്ണാർക്കയം പാലം (മണ്ണാർക്കയം – മണിമല റോഡ്) – കൈവരികൾ തകരാറിലായി
കുളത്തൂർമൂഴി പാലം – പാലത്തിൽ പ്രളയാവശിഷ്ടങ്ങൾ അടിഞ്ഞുകൂടി
കുളത്തൂർമൂഴി തൂക്കുപാലം – പൂർണമായും തകർന്നു
ചെറുവള്ളി പാലം –ഭാഗികമായി തകർന്നു
മുണ്ടക്കയം കോസ്‌വേ – കൈവരികൾ തകർന്നു
ഓരുങ്കൽക്കടവ് കോസ്‌വേ – കൈവരികൾ തകർന്നു
മൂക്കൻപെട്ടി കോസ്‌വേ – കൈവരികൾ തകർന്നു
ഈരാറ്റുപേട്ട ചിറ്റാട്ടുകര കോസ്‌വേ – കൈവരി തകർന്നു
പൂഞ്ഞാർ കാവുംകടവ് പാലം – കൈവരികൾ തകർന്നു
ഇളംകാട് – വാഗമൺ, വല്യേന്ത റോഡ് കലുങ്ക് – സമീപനപാത തകർന്നു.