കാഞ്ഞിരപ്പള്ളി വട്ടകപ്പാറ, പിച്ചകപള്ളിമേട് പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, ജനങ്ങൾ ഭീതിയിൽ, നിരവധി വീടുകൾ അപകടമേഖലയിൽ..
കാഞ്ഞിരപ്പള്ളി: കനത്ത മഴയിൽ, കാഞ്ഞിരപ്പളി വട്ടകപ്പാറ, പിച്ചകപള്ളിമേട് പ്രദേശങ്ങളിൽ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായതോടെ പ്രദേശവാസികൾ ഭീതിയിലാണ്. രണ്ടുവീടുകൾ പൂർണമായും തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മണ്ണിനോടൊപ്പം വലിയ ഒരു കല്ലും, ഇളകി താഴേക്ക് തെന്നിവീണത് ഏവരെയും പരിഭ്രാന്തിയിലാക്കി. വട്ടകപ്പാറ, പിച്ചകപ്പള്ളി മേട് പ്രദേശങ്ങളിൽ നിരവധിയിടങ്ങളിൽ വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്., കൂടാതെ ഭൂമിയിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. അതോടെ പ്രദേശവാസികൾ വലിയ ഭീതിയിലാണ്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കാർക്കാംതടത്തിൽ മനോജ് പരമേശ്വരന്റെ വീട് മണ്ണിടിഞ്ഞ് വീണ് തകർന്നു . മണ്ണിടിഞ്ഞതിനെ തുടർന്ന് വലിയ പാറ ഉരുണ്ട് വീടിന്റെ അടുത്തായി പതിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവരെ അപകടസാധ്യത മുൻപിൽകണ്ട് മാറ്റി താമസിപ്പിച്ചിരുന്നതിനാലാണ് ആളപായം ഒഴിവായത് . വട്ടകപ്പാറ ശാന്തയുടെ പറമ്പിലുണ്ടായിരുന്ന പാറയും മണ്ണുമാണ് താഴേക്ക് പതിച്ചത്.ഇതോടെ ഇവരുടെ വീടും അപകടാവസ്ഥയിലായി.
കഴിഞ്ഞ ദിവസത്തെ പ്രളയത്തിൽ മണ്ണിടിഞ്ഞ് വീണ് വട്ടകപ്പാറ അജ്മലിന്റെ വീട് ഭാഗികമായി തകർന്നിരുന്നു.
പ്രദേശത്തെ ജമീല ,ഖജനി ഖാജ, അക്ബർ എന്നിവരുടെ വീടുകളും മണ്ണിടിച്ചിലിനെ തുടർന്ന് അപകട ഭീക്ഷണിയിലാണ്.
വട്ടകപ്പാറ, പിച്ചകപ്പള്ളി മേട് പ്രദേശങ്ങളിൽ നിരവധിയിടങ്ങളിൽ വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്., കൂടാതെ ഭൂമിയിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്..മഴ പെയ്യുമ്പോൾ ഇവിടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത ഏറെയാണ്. .ദുരന്ത സാധ്യത മുൻപിൽ കണ്ട് പഞ്ചായത്തംഗം സുനിൽ തേനംമാക്കലിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 50 ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇവരെ
നൂറുൽ ഹുദാ യുപി സ്കൂളിലേയ്ക്കും, ബന്ധുമിത്രാദികളുടെ വീടുകളിലേയ്ക്കുമാണ് മാറ്റിയത്.
വട്ടകപ്പാറ മലയുടെഏറ്റവും മുകളിൽ വലിയ ഒരു പാറയാണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ താഴെയുള്ള മണ്ണിടിഞ്ഞാൽ വലിയപാറയ്ക്കും ഇളക്കം തട്ടിയേക്കാം എന്നാണ് പലരും കരുതുന്നത്. അങ്ങനെ സംഭവിച്ചാൽ, അതിന്റെ താഴെയുള്ള നൂറോളം വീടുകൾ അപകടസാധ്യത മേഖലയിൽ ആകും എന്നതാണ് നിലവിലെ സ്ഥിതി .