ദുരിതപ്പെയ്‌ത്ത് കാഞ്ഞിരപ്പള്ളിയിലും എരുമേലിയിലും വ്യാപക നാശനഷ്‌ടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, എരുമേലി മേഖലയില്‍ വ്യാപക നാശനഷ്‌ടം. താലൂക്കിലെ നിരവധി പേരുടെ വീടുകള്‍ വെള്ളം കയറി നശിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ആറ്‌ ക്യാമ്പുകള്‍ തുറന്നു. കുറുവമൂഴി മേഖലയിലെ 13 വീടുകളും ഒരു ഷാപ്പും പൂര്‍ണമായും തകര്‍ന്നു. ചേനപ്പാടി പാലത്തിന്റെ ഇരുഭാഗവും തെന്നി മാറിയ നിലയിലാണ്‌. മേഖലയിലെ പത്തോളം വീടുകള്‍ വെള്ളം കയറി നശിച്ചു. 
എരുമേലി കെ. എസ്‌. ആര്‍. ടി. സി. ഡിപ്പോയില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന മൂന്നു ബസുകള്‍ തകരാറിലായി. ജീവനക്കവരുടെ മുപ്പതോളം ബൈക്കുകളും രണ്ടും കാറും നശിച്ചു. കമ്പ്യൂട്ടറുകള്‍, രജിസ്‌റ്ററ്റുകള്‍ ടിക്കറ്റുകള്‍, റാക്ക്‌, മെക്കാനിക്‌ വിഭാഗത്തിന്റെ കമ്പ്രസര്‍, ഉപകരണങ്ങള്‍ എന്നിവയും നശിച്ചു. ഇന്ന്‌ കെ. എസ്‌. ആര്‍. ടി. സി. സര്‍വീസ്‌ നടത്തുകയില്ല. കാഞ്ഞിരപ്പള്ളി ടൗണ്‍ വെള്ളത്തിനടിയിലായതോടെ വ്യാപാരസ്‌ഥാപനങ്ങളില്‍ ലക്ഷകണക്കിന്‌ രൂപയുടെ നാശനഷ്‌ടമുണ്ടായി. അഞ്ചിലിപ്പയിലെ അഭയഭവന്‍ വെള്ളം കയറി നശിച്ചു. 
ആനക്കല്ല്‌, ടൗണ്‍, അഞ്ചിലിപ്പ, ചിറക്കടവ്‌, മണ്ണംപ്ലാവ്‌, മൂന്നാംമൈല്‍, മണ്ണനാനി എന്നിവിടങ്ങളിലായി നൂറോളം വീടുകള്‍ വെള്ളം കയറി നശിച്ചു. അടിയന്തിര കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ റവന്യു അധികൃതരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ആര്‍. തങ്കപ്പന്‍ അറിയിച്ചു. സംസ്‌ഥാന സര്‍ക്കാരിന്റെ സഹായമുണ്ടെങ്കില്‍ മാത്രമെ ഇവരുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ പറ്റുകയുള്ളുവെന്ന്‌ പ്രസിഡന്റ്‌ പറഞ്ഞു. 26 ാം മൈല്‍ പാലം ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന്‌ ഗതാഗതം നിരോധിച്ചു. പട്ടിമറ്റം ഭാഗത്തുകൂടിയാണ്‌ വാഹനം കടത്തി വിടുന്നത്‌. മുണ്ടക്കയം വള്ളക്കടവ്‌ പാലം, ചെറുവള്ളിപാലം എന്നിവ ഒലിച്ചു പോയി. 
കരിമ്പുകയം, ഓരുങ്കല്‍, ചിറക്കടവ്‌ പള്ളി പാലം, പഴയിടം കോസ്‌വേകള്‍ക്ക്‌ നാശനഷ്‌ടമുണ്ടായി. എരുമേലി ടൗണിലെ നിരവധി വ്യാപരസ്‌ഥാപനങ്ങളില്‍ വെള്ളം കയറിയതോടെ ലക്ഷകണക്കിന്‌ രൂപയുടെ നാശനഷ്‌ടമാണുണ്ടായത്‌. തോടിനു സമീപത്തുള്ള നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ വാസയോഗ്യമല്ലാതായി. ചെമ്പകത്തുങ്കല്‍ ഭാഗത്തുള്ള വീടുകളില്‍ വെള്ളം കയറി നശിച്ചു. ഇവിടെയുള്ള മെഹനാസ്‌ ചപ്പാത്തി കമ്പനിയുടെ മെഷീനുകളും ഭക്ഷ്യസാധനങ്ങളും നശിച്ചു. കൊരട്ടി മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.

error: Content is protected !!