വല്യേന്ത പാറമടയ്ക്ക് താൽക്കാലിക വിലക്ക്; എന്തുകൊണ്ട് ശ്രദ്ധിക്കണം ?
കൂട്ടിക്കൽ ∙ ഇളംകാട് വല്യേന്തയിലെ പാറമട പ്രവർത്തനം നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. പ്രദേശം സന്ദർശിച്ച ശേഷമായിരുന്നു കലക്ടർ പി.കെ.ജയശ്രീയുടെ ഉത്തരവ്. ഉരുൾപൊട്ടലിന്റെ തലേന്നും പാറമട പ്രവർത്തിച്ചിരുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണു നടപടി. വല്യേന്തയുടെ എതിർവശത്തു കൊടുങ്ങയിലെ പാറമട പ്രവർത്തനം അവസാനിപ്പിച്ചതാണെന്നും കലക്ടർ പറഞ്ഞു. കൂട്ടിക്കലിൽ ഒന്നും സമീപ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ കൊക്കയാറിൽ രണ്ടും പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, ഡപ്യൂട്ടി തഹസിൽദാർമാരായ അനൂപ് ലത്തീഫ്, വി.വി.മാത്യൂസ് തുടങ്ങിയവരും കലക്ടർക്ക് ഒപ്പമുണ്ടായിരുന്നു.∙ അതീവ പരിസ്ഥിതിലോല പ്രദേശമായ കൂട്ടിക്കലിൽ പാറഖനനം അനുവദിക്കരുതെന്ന റിപ്പോർട്ടിൽ എട്ടു വർഷമായി നടപടിയില്ല. പ്രദേശത്തെ പാറമടകൾ സംബന്ധിച്ചു ഹൈക്കോടതി സംസ്ഥാന ജൈവവൈവിധ്യ ബോർഡിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നു വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഡോ. എൻ.ഉണ്ണിക്കൃഷ്ണൻ എന്നിവരെ പഠനത്തിനായി നിയോഗിച്ചിരുന്നു.
മൂന്നു പാറമടകളിൽ പഠനം നടത്തിയ സംഘം വാഗമൺ മലനിരകളുടെ ഭാഗമായ കൂട്ടിക്കൽ വല്യേന്ത, കൊടുങ്ങ മേഖലകളിലെ മലകളിൽ പാറമടകൾ അനുവദിക്കരുതെന്നു റിപ്പോർട്ട് നൽകി. പ്രദേശത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനു വിശദപഠനം വേണമെന്നും വാഗമൺ മലനിരകളിലെ നീർത്തട പ്രദേശങ്ങളെ പരിസ്ഥിതി, ജൈവവൈവിധ്യ സവിശേഷതകൾ കണക്കിലെടുത്തു പ്രത്യേക സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും നിർദേശിച്ചു. അരുവികൾ, കൈത്തോടുകൾ എന്നിവയിലെ ഒഴുക്കിനുള്ള തടസ്സം നീക്കുക, കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക എന്നീ ആവശ്യങ്ങളും ഇരുവരും മുന്നോട്ടുവച്ചു. ബോർഡിനു കൈമാറിയ റിപ്പോർട്ടിൽ പിന്നീടു നടപടികൾ ഉണ്ടായില്ല. വല്യേന്ത, കൊടുങ്ങ മേഖലകളിലാണു കഴിഞ്ഞദിവസം ഉരുൾപൊട്ടലുണ്ടായത്.
ജൈവവൈവിധ്യ കലവറ
ജൈവവൈവിധ്യ കലവറയാണു കൂട്ടിക്കൽ ഉൾപ്പെടുന്ന വാഗമൺ മലനിരകൾ. വംശനാശ ഭീഷണി നേരിടുന്ന 88 അപൂർവ ഇനം സസ്യങ്ങൾ ഈ പ്രദേശത്തു കണ്ടെത്തിയിട്ടുണ്ട്. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പട്ടികയിൽ ഉൾപ്പെടുത്തിയ 47 ഇനം സസ്യങ്ങളും ഇവിടെയുണ്ട്. പറത്താനം, കാവാലി, പ്ലാപ്പള്ളി, മുതുകോര, കട്ടൂപ്പാറ, മാത്തുമല, കളത്വാമല, തോണ്ടാൻ കളരി, മേലേത്തടം, നെല്ലിക്കൽ, മൂപ്പൻ മല, മ്ലാക്കര, ചൊറുത എന്നീ മലകളും അവയുടെ താഴ്‌വാരവും ചേരുന്നതാണ് കൂട്ടിക്കൽ പ്രദേശം.
എന്തുകൊണ്ട് ശ്രദ്ധിക്കണം ?
17 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള മലകളാണു പ്രദേശത്തുള്ളത്. ഇത്തരത്തിലുള്ള സ്ഥലത്തു ഖനനം നടത്തുന്നത് കടുത്ത പ്രത്യാഘാതം ഉണ്ടാക്കും.
ഗാഡ്ഗിൽ സമിതി, കസ്തൂരിരംഗൻ സമിതി, തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസസ് ആൻഡ് സ്റ്റഡീസ് സംഘം എന്നിവ നടത്തിയ പഠനങ്ങളിലെല്ലാം അതീവ പരിസ്ഥിതി ലോല പ്രദേശമായാണു കൂട്ടിക്കൽ വില്ലേജ് അടയാളപ്പെടുത്തിയത്.
പരിസ്ഥിതിയുടെ കാര്യം പറയുന്നതു വികസനവിരുദ്ധമല്ല. മേഖലയിലെ പ്രത്യേകത അറിഞ്ഞു വേണം അവിടെ നിർമാണജോലിചെയ്യാൻ. ഭൂമിശാസ്ത്രപരമായ ഘടന നോക്കണം. അപകടം ഉണ്ടാകുമ്പോഴുള്ള ആകുലത മാത്രം പോരാ. ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് ഡയറക്ടർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസസ്, വെള്ളൂർ
പാറമടകൾ അനുവദിക്കരുത് എന്നതു പഞ്ചായത്തിന്റെ കൂട്ടായ തീരുമാനമാണ്. ദുരന്തമുണ്ടായ സാഹചര്യത്തിൽ പാറമട പ്രവർത്തനം നിർത്തിവയ്ക്കണം. തുടർന്നും അനുമതി നൽകരുത്.പി.എസ്.സജിമോൻ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ്