അമ്മയ്ക്കൊപ്പം ഒരേ കല്ലറയിൽ അലനും
കൂട്ടിക്കൽ∙ പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ മരിച്ച അലൻ ജോമി(14)യുടെ സംസ്കാരം നടത്തി. ഏന്തയാർ സെന്റ് മേരീസ് പള്ളിയിൽ അമ്മ സോണിയയുടെ കല്ലറയിലാണ് അലന്റെയും സംസ്കാരം നടത്തിയത്. ശനിയാഴ്ച നടന്ന ഉരുൾപൊട്ടലിൽ സോണിയയ്ക്ക് ഒപ്പമാണ് അലനെ കാണാതായത്. അമ്മ സോണിയയുടെ സംസ്കാരം ഞായറാഴ്ച നടത്തിയിരുന്നു. അലന്റെ മൃതദേഹം സംബന്ധിച്ച് സംശയം ഉയർന്നതോടെ വീണ്ടും നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ചയാണു മൃതദേഹം ലഭിച്ചത്.
ഇന്നലെ നടന്ന സംസ്കാര ചടങ്ങിൽ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ കാർമികത്വം വഹിച്ചു. ആറ്റുചാലിൽ ജോമിയുടെ മകനാണ് അലൻ. അലന്റേതെന്ന് ആദ്യം കരുതിയ മൃതശരീരം ആരുടേതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരഭാഗങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന പന്തലാട്ടിൽ മോഹനന്റെ ചായക്കടയിൽ എത്തിയ ആരെങ്കിലുമാകാം എന്നാണ് നിഗമനം.