KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ടെറസിൽ അരയോളം വെള്ളത്തിൽ നിന്നു നിലവിളിച്ചു കുടുംബം: ട്യൂബുകൾ എടുത്ത് ചാക്കു കെട്ടി സീറ്റ് ഉണ്ടാക്കി രക്ഷപ്പെടുത്തൽ…

മുണ്ടക്കയം ∙ പുത്തൻചന്തയിൽ പ്രളയത്തിൽ മുങ്ങിത്താഴാൻ പോയ രണ്ടു കുടുംബങ്ങളെ വായു നിറച്ച ട്യൂബുകളിൽ കയറ്റിയിരുത്തി രക്ഷപ്പെടുത്തിയത് ഷംസീറും ഷെബീറും. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സുഹൃദ്സംഘത്തെ നയിച്ചത് മുണ്ടക്കയം മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബെന്നി നെയ്യൂർ. സ്ത്രീകളും കുട്ടികളും വീടിന്റെ ടെറസിൽ അരയോളം വെള്ളത്തിൽ നിന്നു നിലവിളിക്കുന്നെന്ന്  അറിഞ്ഞാണ് തങ്ങൾ നീന്തിചെന്നതെന്ന് ഷംസീർ പറഞ്ഞു. 

മറ്റു വീടുകളിൽ നിന്ന് ആളുകളെ നീക്കുന്നതിനിടയിൽ ഷെബീറാണ് ആദ്യം വിളിച്ചത്. പ്ലാസ്റ്റിക് ജാറുമായി പോയി രക്ഷപ്പെടുത്താമെന്നാണ് ആദ്യം വിചാരിച്ചത്. അതു പ്രായോഗികമല്ലെന്നു കണ്ടാണ് തൊട്ടടുത്തുള്ള ടയർ കടയിൽനിന്ന് ട്യൂബുകൾ എടുത്ത് അതിൽ ചാക്കു കെട്ടി സീറ്റ് ഉണ്ടാക്കിയത്. പ്രായമുള്ള സ്ത്രീകളെ ട്യൂബിൽ ഇരുത്താൻ പാടുപെട്ടു.  ഒരു വീടിന്റെ ടെറസിലുള്ളവരെ  രക്ഷപ്പെടുത്തി മടങ്ങുമ്പോൾ അടുത്ത വീട്ടിൽ നിന്ന്  നിലവിളി. അവരെയും രക്ഷപ്പെടുത്തി – ഷംസീർ പറഞ്ഞു.

ഈ സമയം പുത്തൻചന്തയിൽ പുഴയോടു ചേർന്ന ഭാഗത്ത് ബെന്നിയുടെ നേതൃത്വത്തിൽ സുഹൈൽ, ആസിഫ്, എപിക് എന്നിവരും വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന തിരക്കിലായിരുന്നു. ജീവൻ രക്ഷിച്ചതിന് പേരും പെരുമയും വേണ്ടെന്ന നിലപാടിലായിരുന്നു ഈ സുഹൃത്തുക്കൾ.  എന്നാൽ, സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അവർ പേരുകൾ വെളിപ്പെടുത്തുകയായിരുന്നു. ജോസ്, മുംതാസ്, സിജോ, ബിജു, റഷി, രാജു എന്നിവരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

error: Content is protected !!