വ്യാപാരികൾക്ക് നഷ്ടം 70 കോടി; 1,500 കടകൾ പാടേ തകർന്നു

പ്രളയത്തിൽ കിഴക്കൻ മേഖലയിലെ വ്യാപാരികൾക്ക് നഷ്ടം 70 കോടിയിലേറെ രൂപയെന്ന് ആദ്യ നിഗമനം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയിൽപെട്ട് 1,500 കടകൾ പൂർണമായി തകർന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. ഭാഗികമായി തകർന്ന കടകൾ ഇതിനു പുറമേ വരും. 2018ലെ മഹാപ്രളയത്തിലുണ്ടായതിനെക്കാൾ വലിയ നഷ്ടമാണ് മണിക്കൂറുകൾക്കുള്ളിൽ സംഭവിച്ചത്.

കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, വാളക്കയം, പാറത്തോട്, മണിമല, കുറുവാമൂഴി, തെക്കേത്തുകവല, മുക്കൂട്ടുതറ, ആനക്കല്ല്, മൂന്നിലവ്, തീക്കോയി, പൂഞ്ഞാർ, ഈരാറ്റുപേട്ട യൂണിറ്റുകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. കടകൾ പാടേ ഒലിച്ചുപോയി. കെട്ടിടം ബാക്കിയായ കടകളിൽ സാധനങ്ങൾ ഒഴുകിപ്പോകുകയോ വെള്ളവും ചെളിയും കയറി നശിക്കുകയോ ചെയ്തു. ഫ്ലെക്സ് പ്രിന്റിങ് കടകൾ, വാഹന സർവീസ് സ്റ്റേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങളാണു നഷ്ടപ്പെട്ടത്. ഫർണിച്ചർ കടകൾ, യൂസ്ഡ് കാർ ഷോറൂമുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഭീമമായ നഷ്ടം സംഭവിച്ചു.

റോഡിനും ആറിനും ഇടയിലുള്ള സ്ഥലത്തെ മിക്ക കടകൾക്കും സാധനങ്ങൾ സൂക്ഷിക്കാനായി താഴെ ഒരു നില കൂടി ഉണ്ടായിരുന്നു. അവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളടക്കം കുത്തിയൊഴുകിയ മലവെള്ളപ്പാച്ചിലിൽ പോയി. കടകളിൽ സൂക്ഷിച്ചിരുന്ന പണവും ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. നഷ്ടത്തിന്റെ കണക്കെടുപ്പിനുള്ള നടപടി റവന്യു വകുപ്പ് ഉടൻ ആരംഭിക്കണമെന്നും വ്യാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ.തോമസ്കുട്ടി, ജനറൽ സെക്രട്ടറി എ.കെ.എ‍ൻ.പണിക്കർ, ട്രഷറർ പി.സി.അബ്ദുൽ ലത്തീഫ് എന്നിവർ ആവശ്യപ്പെട്ടു.

error: Content is protected !!