കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്തിൽ 90 വീടുകൾ പൂർണമായി നശിച്ചു; 370 വീടുകൾ ഭാഗീകമായി തകർന്നു
കൂട്ടിക്കൽ
: പ്രളയത്തിൽ കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്തിൽ മാത്രം പൂർണമായി നശിച്ചത് 90 വീടുകളെന്ന് പ്രാഥമിക നിഗമനം. 370 വീടുകൾ ഭാഗീകമായി തകർന്നു. കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട്, ടോപ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ വീടുകൾ തകർന്നത്. വാർഡ് അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് പൂർത്തിയാക്കിയാൽ മാത്രമെ നഷ്ടത്തിന്റെ കണക്ക് വ്യക്തമാകു.
ഏകദേശം 12 കോടി രൂപയുടെ കൃഷിനാശമാണ് വിലയിരുത്തിയിട്ടുള്ളത്. പഞ്ചായത്തിലെ കുടിവെള്ള പദ്ധതികൾ, റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം 60 ശതമാനത്തോളം തകർന്നു.
ഇവയുടെ പുനർനിർമാണത്തിന് മാത്രം ഏകദേശം 40 കോടി രൂപയോളം വേണ്ടിവരുമെന്നാണ് പഞ്ചായത്തിന്റെ പ്രാഥമിക വിലയിരുത്തൽ. പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
അഞ്ച് ക്യാമ്പുകളിലായി ആയിരത്തോളം പേർ
കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് എന്നിവിടങ്ങളിലെ അഞ്ച് ദുരിതാശ്വാസക്യാമ്പുകളിലായി ആയിരത്തോളം പേരാണ് കഴിയുന്നത്.
കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ക്യാമ്പുകളിൽ കഴിയാതെ ബന്ധുവീടുകളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും മാറി താമസിക്കുന്നവരും നിരവധിയാണ്. അടുത്തമാസം സ്‌കൂളുകൾ തുറക്കാനിരിക്കെ ഇവരെ മറ്റ് സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കുക എന്നത് പഞ്ചായത്തിന് വെല്ലുവിളിയായിരിക്കുകയാണ്.
വീടുകൾ നഷ്ടമായവർക്ക്് അടിയന്തരമായി സഹായങ്ങൾ ലഭ്യമാക്കുന്നതിനും പരിമിതികളുണ്ട്.
വെള്ളിയാഴ്ച മുണ്ടക്കയത്ത് മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ ആലോചനയോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കൈകോർത്ത് സന്നദ്ധ പ്രവർത്തകർ
പ്രളയബാധിത മേഖലകളിൽ സജീവമായി സന്നദ്ധ സംഘടനകളും പ്രവർത്തകരും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വീടുകൾ, റോഡ്, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ശുചീകരിച്ച് ഗതാഗതമടക്കം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനുപുറമെ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായങ്ങളെത്തിക്കാനും സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്. ഭക്ഷണം, വസ്ത്രങ്ങൾ, മരുന്ന്, കുടിവെള്ളം തുടങ്ങി എല്ലാ സൗകര്യങ്ങളും ക്യാമ്പുകളിൽ എത്തിച്ചുനൽകുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളാണ് കൂട്ടിക്കലിലേക്ക് സഹായവുമായി എത്തുന്നത്.