കൂട്ടിക്കലിന് കരുതലുമായി വാസവൻ
മലവെള്ളപ്പാച്ചിലിൽ തകർന്ന പ്രദേശങ്ങൾ മന്ത്രി വി.എൻ.വാസവൻ സന്ദർശിച്ചപ്പോൾ
കൂട്ടിക്കൽ
: 16-ന് ഉച്ചയ്‌ക്ക് തുടങ്ങിയതാണ് വാസവനും സഹപ്രവർത്തകരും കൂട്ടിക്കൽ കുന്നുകളിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പറ്റുന്നത്ര സഹായം എത്തിക്കാനുള്ള അധ്വാനം. ആദ്യം ഒൗദ്യോഗികമായ ക്രമീകരണങ്ങൾ ഒരുക്കി. ഇപ്പോൾ അഭയവും മെഡിക്കൽ കോളേജും ഉൾപ്പെടെ പറ്റാവുന്ന എല്ലാ കരുതലുമായി നാടിനൊപ്പം.
‘ചില പ്രദേശത്ത് പണ്ടൊരു വീടുണ്ടായിരുന്നു എന്നു പറയേണ്ട അവസ്ഥ. മൃതദേഹങ്ങൾ മണ്ണിനടിയിൽനിന്നെടുത്തപ്പോൾ കാണേണ്ടിവന്നത് കരളലിയിക്കുന്ന കാഴ്ചകൾ. പരസ്പരം കെട്ടിപ്പിടിച്ച് കിടക്കുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ. ഭക്ഷണമില്ല, വസ്ത്രങ്ങളില്ല, ആധാർകാർഡില്ല, റേഷൻ കാർഡില്ല… മഴയിൽ വിറങ്ങലിച്ചുനിൽക്കുന്ന നാട്ടുകാരുടെ മുൻപിൽ തൊഴുകൈകളോടെയായിരുന്നു ഞാൻ നിന്നത്…’-വാസവൻ പറഞ്ഞു.
ദുരന്തങ്ങളുണ്ടാകുമ്പോൾ ആംബുലൻസെത്തുംമുമ്പ് സ്ഥലത്തെത്തി കാര്യങ്ങളിൽ സഹായിക്കുന്നു എന്നാണ് വാസവന് മുമ്പേ കിട്ടിയിട്ടുള്ള പ്രശംസ. ഇവിടെയും അത് ആവർത്തിച്ചു. ആദ്യം ചപ്പാത്തിൽ എത്തിയ സർക്കാരിന്റെ മുതിർന്ന പ്രതിനിധി മന്ത്രിയായിരുന്നു. അവിടെ രാത്രിമുഴുവൻ ചെലവിട്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ജീവന്റെ രക്ഷയായിരുന്നു മുഖ്യം. സാധ്യമായതെല്ലാം ചെയ്തിട്ടും പിരിഞ്ഞുപോയവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു അടുത്ത ലക്ഷ്യം.
സർക്കാർ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രംപോലെ സജ്ജമായി. മണ്ണിനടിയിൽപെട്ടുപോയ ഉറ്റവരുടെ മൃതദേഹങ്ങൾ വളരെ പെട്ടെന്ന് എടുത്തു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹായം മറക്കാനാവില്ലന്ന് വാസവൻ. പോസ്റ്റ്മോർട്ടത്തിന്റെ സമയം നാലുമണിവരെയാണെങ്കിലും രാത്രി എട്ടുമണി വരെയെടുത്ത് അവർ അതൊക്കെചെയ്തു. മൃതദേഹങ്ങൾ തിരയാൻ വഴിയില്ലാത്ത ഇടങ്ങളിൽ ജെ.സി.ബി.കൊണ്ടുപോയി. ഐ.എൻ.എസ്.ഗരുഡ, ആർമി യൂണിറ്റുകൾ എല്ലാം തിരച്ചിലിന് മണിക്കൂറുകൾക്കകമെത്തി.
പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും സേവനങ്ങൾ മറക്കാൻ കഴിയില്ല. അധ്യാപകർ, എൻ.ജി.ഒ.കൾ, നാട്ടുകാർ, വ്യാപാരി വ്യവസായികൾ, ജനപ്രതിനിധികൾ… അവരൊക്കെ കഴിയുന്നതെല്ലാം ചെയ്യുന്നു. ഇനി എല്ലാം നഷ്ടപ്പെട്ടവർക്കുള്ള പിന്തുണയാണ് വേണ്ടത്. സർക്കാർ രേഖകൾ നഷ്ടമായവർക്ക് അത് വീണ്ടും ലഭ്യമാക്കാൻ സർക്കാർ ഒപ്പമുണ്ട്. വീട്, പുനരധിവാസം, യാത്രാസൗകര്യം തുടങ്ങിയവ എല്ലാം ഒരുക്കാൻ വളരെ വേഗത്തിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നു.