മണിമല ബ്രിട്ടീഷ് പാലം (കൊച്ചുപാലം) പ്രളയത്തിൽ ഭാഗികമായി തകർന്നു.
മണിമല: നൂറ്റാണ്ടുപഴക്കമുള്ള കരിങ്കൽ വിസ്മയമായ മണിമല ബ്രിട്ടീഷ് പാലം (കൊച്ചുപാലം) പ്രളയത്തിൽ ഭാഗികമായി തകർന്നു.
ബുധനാഴ്ചയോടെ ആറ്റിലെ ജലനിരപ്പ് താഴാൻ തുടങ്ങിയതോടെയാണ് കൊച്ചുപാലത്തിന്റെ തകർന്ന ഭാഗം കാണാനായത്.
മണിമല വെള്ളാവൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ വെള്ളാവൂർ പഞ്ചായത്തിൽപ്പെട്ട ഭാഗത്ത് പാലം ആരംഭിക്കുന്നിടത്താണ് പാലത്തിന്റെ കരിക്കൽ പാളികൾ നിരത്തിയ ഒരു സ്പാൻ ഒഴുക്കിൽ തകർന്നിട്ടുള്ളത്. ഇളകിപ്പോയ കരിക്കൽപ്പാളികൾ സമീപത്തുതന്നെ ചെളിയിൽ താഴ്ന്നിട്ടുണ്ടാകാനാണ് സാധ്യത.
സുർക്കിയും കരിങ്കൽ പാളികളും ഉപയോഗിച്ച് നിർമിച്ചിട്ടുള്ള പാലത്തിന്റെ മറുകരയിൽ കുറച്ചുഭാഗം വള്ളങ്ങൾ കടന്നുപോകാൻ മുമ്പ് പൊട്ടിച്ചിരുന്നു. ഇപ്പോൾ പാലത്തിന്റെ തുടക്കഭാഗങ്ങൾ രണ്ടും തകർന്ന നിലയിലാണ്. പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കംചെയ്യാൻ രണ്ട് ദിവസം ജോലികൾ നടന്നിരുന്നെങ്കിലും മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്തിട്ടില്ല.
ബിട്ടീഷ് കാലത്ത് 1915-ൽ ബെസ്റ്റോ സായിപ്പ് ഉദ്ഘാടനം ചെയ്ത കരിങ്കൽ പാലത്തിൻറ ശിലാഫലകം കേടുകൂടാതെ ഇപ്പോഴും ആറ്റുതീരത്തുണ്ട്. പുരാവസ്തു എന്ന നിലയിൽ പാലം സംരക്ഷിക്കണമെന്ന ആവശ്യം പ്രദേശവാസികൾക്കുണ്ട്.