“കൈകോർക്കാം വീടൊരുക്കാം ” ; മണ്ണിടിച്ചിൽ മൂലം പിച്ചകപള്ളിമേട്ടിൽ വീടുകൾ നഷ്ട്ടപെട്ടവർക്കായി വീടുകൾ നിർമ്മിക്കുവാൻ ഒരു കോടി രൂപ സമാഹരിക്കും

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പിച്ചകപള്ളിമേട്ടിൽ ഭവനങ്ങൾ നഷ്ടപ്പെട്ടവർക്ക് 10 വീടുകൾ ആദ്യഘട്ടമായി നിർമിക്കുന്നതിനായി ഒരു കോടി സ്വരൂപിക്കാനുള്ള തീവ്രശ്രമത്തിലാണ് കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷൻ .

കഴിഞ്ഞ ആഴ്ചയിൽ കനത്ത മഴയിൽ പത്താം വാർഡിലെ പിച്ചക പള്ളിമേട്ടിലുള്ള രണ്ട് വീടുകൾ പൂർണമായും എട്ടോളും വീടുകൾ ഭാഗികമായും തകർന്നിരുന്നു.കൂടാതെ 25 ഓളം കുടുംബങ്ങളെ അപകട ഭീഷണി മൂലം ഇവിടെ നിന്ന് മാറ്റി താമസിപ്പിക്കേണ്ട അവസ്ഥയിലുമായിരുന്നു. കാഞ്ഞിരപ്പള്ളി നൂറുൽഹുദാ സ്കൂളിലെ ക്യാമ്പിലേക്ക് ഇവരെ മാറ്റി താമസിപ്പിച്ചു.

കേരള മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ശുപാർശപ്രകാരം കോട്ടയം ജില്ലാ കലക്ടർ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ട് ഇക്കഴിഞ്ഞ 23ന് ഉത്തരവിറക്കിയിരുന്നു -ഈ മേഖലയിൽ തങ്ങളുടെ സ്വന്തം സ്ഥലത്ത് വീട് പുനർ നിർമ്മിക്കുവാനോ, പുതിയ വീട് വയ്ക്കുവാനോ സാധിക്കാത്ത അവസ്ഥയിൽ അപകടഭീഷണി നിലനിൽക്കുന്നതിനാൽ അപകടഭീഷണി ഇല്ലാത്ത സ്ഥലം വാങ്ങി വീട് വച്ചു നൽകുക എന്ന ഉദ്യമം ഏറ്റെടുത്തിരിക്കുകയാണ് കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷൻ .

പ്രതീക്ഷകൾ അറ്റ കുടുംബങ്ങൾക്ക് താങ്ങും തണലും ആകുവാൻ പത്താം വാർഡിലെ നാല് ജമാഅത്ത് കമ്മിറ്റികളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും സന്നദ്ധ സേവന സംഘടനകളും മറ്റു സുമനസ്സുകളും ഒത്തൊരുമിച്ച് രൂപീകരിച്ച സംഘടനയാണ് കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷൻ. ഈ സംഘടനയുടെ ആദ്യഘട്ട പ്രവർത്തനം എന്ന നിലയിൽ ഈ പ്രദേശത്തെ പത്ത് കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീട് വെച്ചു നൽകുവാൻ ആണ് ലക്ഷ്യം ഇട്ടിരിക്കുന്നത്..ഒരു കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുമ്പോൾ സഹജീവികളോട് സഹതാപവും സഹാനുഭൂതിയും ഉള്ള കാഞ്ഞിരപ്പള്ളിയിലെ നല്ല മനസ്സുള്ളവരുടെയും , മറ്റ് വിദൂരങ്ങളിൽ ഉള്ളവരുടെയും മുന്നിൽ സഹായ അഭ്യർത്ഥനയുമായി മുന്നിട്ടിറങ്ങി ഇരിക്കുകയാണ് . ഭവനപദ്ധതിയിൽ പങ്കാളികളാകുവാൻ നന്മയുടെ ഉറവ വറ്റാത്ത ഏവരെയും “കൈകോർക്കാം വീടൊരുക്കാം’ ‘എന്ന പദ്ധതിയിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥനയുമായി നവംബർ ഏഴിന് ഈ മേഖലയിലെ എല്ലാ വീടുകളിലും സന്ദർശനം നടത്തി സഹായ അഭ്യർത്ഥന നടത്തും.

ആദ്യപടിയായി ഇടപ്പള്ളി ജുമാ മസ്ജിദ് പ്രസിഡന്റ് റ്റി.ഇ. നാസറുദ്ദീൻ മൂന്ന് സെൻറ് സ്ഥലം വിട്ടുനൽകാമെന്ന് വാഗ്ദാനം ചെയ്തു. കൂടാതെ നൂറുദ്ദീൻ വട്ടകപ്പാറ മൂന്ന് സെൻറ് സ്ഥലവും വിട്ടു നൽകും.കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷന്റെ
ചെയർമാൻ അഡ്വ സുനിൽ തേനം മാക്കലും ,മുഖ്യ രക്ഷാധികാരികൾ ആന്റോ ആന്റണി എം.പി, ഡോക്ടർ എൻ. ജയരാജൻ എം.എൽ.എ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ , ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ, രക്ഷാധികാരികളായി നാസർ മൗലവി, മൺസൂർ മൗലവി, ഷിയാസ് മൗലവി, യഹിയ ഉസ്താദ് എന്നിവരും , വൈസ് ചെയർമാൻമാരായി റ്റി.ഇ. നാസറുദ്ദീൻ , ഷാജഹാൻ, ഷിബിലി തേനംമാക്കൽ അഫ്സൽ രാമനാട്ടു പുരയിടം , െഷമീർ നാച്ചി പറമ്പിൽ എന്നിവരും ജനറൽ കൺവീനറായി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷക്കീല നസീർ , ചീഫ് കോ-ഓർഡിനേറ്ററായി ബഷീർ തേനം മാക്കൽ, സെക്രട്ടറി പി പി അസീസ്, ട്രഷറർ സെയ്ദ് ചെറുകര എന്നിവരും പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നു.

error: Content is protected !!