പുതുവർണങ്ങളുമായി ദീപാവലിക്ക് പടക്കങ്ങൾ തയ്യാർ
: ദീപാവലിക്ക് വർണക്കാഴ്ചയും വെടിക്കെട്ടുമൊരുക്കാൻ പുതുമയുള്ള പടക്കങ്ങൾ വിപണിയിലെത്തി. വൈവിധ്യമാർന്ന ഫാൻസി ഇനങ്ങളാണ് ഇത്തവണ വില്പനയ്ക്കെത്തിച്ചിട്ടുള്ളത്. വെടിയും പുകയും കുറഞ്ഞ പരിസ്ഥിതിസൗഹൃദ പടക്കങ്ങൾക്കാണ് പ്രാധാന്യമെന്ന് കച്ചവടക്കാർ പറയുന്നു.
ശിവകാശിയിൽനിന്നെത്തുന്ന മിക്ക പടക്കങ്ങളുടെ പെട്ടിയിലും ഹരിത പടക്കത്തിന്റെ മുദ്രയുണ്ട്. ഫോട്ടോഫ്ളാഷുപോലെ മിന്നിത്തിളങ്ങുന്ന പൂക്കുറ്റികൾ തന്നെ പലതരം. ഒറ്റ നിറത്തിൽ പൂക്കുലപോലെ ഉയർന്നുചിതറുന്ന ഡ്രോൺ, തരി വീണാലും പൊള്ളലേൽക്കാത്ത ഹൾക്ക് കമ്പിത്തിരി, സിൽവർ, ചുവപ്പ്, പച്ച എന്നീ മൂന്നു നിറങ്ങളിൽ കറങ്ങി ഉയരുന്ന ഹെലികോപ്റ്റർ, ബർത്ത്‌ഡേ കേക്ക് മാതൃകയിലുള്ള 16 എണ്ണമുള്ള വർണം വിതറുന്ന ഷോട്ട്, ജമ്പിങ് ബട്ടർഫ്ളൈ, കോക്ക്‌നട്ട് ഷോട്ട്, അറേബ്യൻ നൈറ്റ്‌സ് ഷോട്ട്, നയാഗ്ര ഫാൾസ്, വിവിധ ആകൃതിയിലുള്ള തറച്ചക്രങ്ങൾ, കമ്പിത്തിരികൾ, റോക്കറ്റ്, കൂടുതൽ സമയം പ്രകാശം ചൊരിയുന്ന ക്രാക്ക്‌ലിൻ പൂക്കുറ്റി തുടങ്ങിയവ സുലഭം.
നാടൻ പടക്കങ്ങളായ ഓലപ്പടക്ക്, മാലപ്പടക്ക്, ആനപ്പടക്ക്, കുറ്റിപ്പടക്ക്, മുക്കുപടക്ക്, ഗുണ്ട്, മുകളിലെത്തി വെടിപൊട്ടുന്ന സിഗ്നൽ തുടങ്ങിയ നാടൻ ഇനങ്ങളും ശിവകാശിയിൽനിന്നെത്തിക്കുന്ന പടക്കങ്ങളുമൊക്കെയായി പടക്കവിപണി സജീവം. ഓരോ സാധനത്തിന്റെയും എണ്ണവും വലിപ്പവുമനുസരിച്ചാണ് വിലയിലെ മാറ്റങ്ങൾ. ഓലപ്പടക്കം ഒരെണ്ണത്തിന് ഒരു രൂപ മുതൽ വില തുടങ്ങും. പുതുതലമുറയെയും കുട്ടികളെയും ത്രസിപ്പിക്കുന്ന അപകടരഹിതമായ പടക്കങ്ങളാണധികവും. കുട്ടികളെ ആകർഷിക്കാൻ പടക്കങ്ങൾക്ക് ഓറിയോ, നെസ്റ്റലെ, വൈഫൈ തുടങ്ങിയ പേരുകളാണ് നൽകിയിരിക്കുന്നത്. ക്രിക്കറ്റ് ബാറ്റിന്റെ മാതൃകയിലുള്ള അപകടരഹിതമായി പൊട്ടിക്കാവുന്ന ചെറിയ പടക്കം കുട്ടികൾക്കിഷ്ടപ്പെടുന്ന ഇനമാണ്. അഞ്ഞൂറു രൂപ മുതൽ തുടങ്ങുന്ന സമ്മാനപ്പെട്ടികളും ലഭിക്കും.പൂഴിക്കുന്ന്: തലസ്ഥാനത്തിന്റെ ശിവകാശി
: വെടിക്കെട്ടെന്നും പടക്കമെന്നും കേട്ടാൽ പാപ്പനംകോട്ടെ പൂഴിക്കുന്നിനെ ഓർക്കാത്തവർ കുറവായിരിക്കും. ദീപാവലിക്ക് രണ്ടാഴ്ച മുൻപു തന്നെ പൂഴിക്കുന്നിൽ പടക്കത്തിന് ആളുകളെത്തിത്തുടങ്ങും. ആശാന്മാരുടെ കടകൾക്കു പുറമേ ഇത്തവണ ഇരുപതിലധികം കടകൾ പൂഴിക്കുന്ന് കേന്ദ്രീകരിച്ച് തുറന്നുകഴിഞ്ഞു. ദീപാവലിക്ക് രണ്ടു ദിവസം മുൻപാണ് കച്ചവടം പൊടിപൊടിക്കുന്നത്. കടകളും ആളും തിരക്കുമെല്ലാം പൂഴിക്കുന്നിനെ ചെറിയ ശിവകാശിയാക്കി മാറ്റും. വെടിക്കെട്ടിൽ ആശാനായിരുന്ന ഗോവിന്ദനാണ് വർഷങ്ങൾക്കു മുൻപ് പൂഴിക്കുന്നിന് ഈ പ്രശസ്തിയുണ്ടാക്കിക്കൊടുത്തത്. രാജാവിൽനിന്ന് പട്ടും വളയും വരെ വാങ്ങിയിട്ടുള്ള ഗോവിന്ദനാശാന്റെ മരണശേഷം അച്ഛന്റെ വഴിയേ മക്കളായ മണിയനാശാനും ശശിയാശാനും പൂഴിക്കുന്നിന്റെ പെരുമ നിലനിർത്തി.
ആകാശത്ത് വർണവിസ്മയങ്ങൾ തീർത്ത നിരവധി കമ്പക്കെട്ടുകളിലൂടെ മണിയനാശാനും ശശിയാശാനും ശ്രദ്ധേയരായി. നിരവധി കമ്പക്കെട്ടുകളിൽ ഒന്നാമതെത്തിയിട്ടുള്ള മണിയനാശാന്റെ പ്രകടനം കേരളത്തിലും പുറത്തും പ്രശംസ നേടിയിട്ടുള്ളതാണ്. തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലും കമ്പക്കെട്ട് നടത്തി. പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി എറണാകുളത്തു വന്ന സമയത്ത് അദ്ദേഹത്തിനു മുന്നിൽ കമ്പക്കെട്ട് നടത്താനും മണിയനാശാന് അവസരം ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം ആശാന്റെ പാരമ്പര്യം നിലനിർത്താൻ മകൻ ശിവകുമാറും ഭാര്യ പത്മിനിയും ചാമുണ്ഡി ഫയർ വർക്സുമായി ഇപ്പോഴും സജീവമാണ്.
ദേവി ഫയർ വർക്സ് ഉടമയായ ശശിയാശാൻ കേരളത്തിനകത്തും പുറത്തും നിരവധി കമ്പക്കെട്ടുകൾ നടത്തിയിട്ടുണ്ട്. കൊല്ലം പൂരത്തിലെ വെടിക്കെട്ട് ശശിയാശാന്റെ മാസ്റ്റർപീസായിരുന്നു. പാരമ്പര്യത്തിന്റെ പെരുമ കാത്തുസൂക്ഷിക്കുന്ന കമ്പക്കെട്ടുകളാണ് ശശിയാശാന്റേത്. മരിക്കുന്നതുവരെയും ഈ രംഗത്തു സജീവമായിരുന്നു. കരിമരുന്നിൽനിന്ന് ശിവകാശി മോഡൽ മെറ്റൽ പൗഡർ ഉപയോഗിച്ചുള്ള പടക്കനിർമ്മാണം കേരളത്തിൽത്തന്നെ ആദ്യം തുടങ്ങിയത് ശശിയാശാനായിരുന്നു. മുകേഷ് അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങിലും മിന്നുന്ന ആകാശക്കാഴ്ചയൊരുക്കി പ്രശംസ നേടി. ശശിയാശാന്റെ മരണശേഷം മക്കളായ ജിഞ്ചുവും ജിബുവുമാണ് ഈ രംഗത്തുള്ളത്.