ഉച്ചഭക്ഷണസമയത്തെ കോവിഡ് പ്രോട്ടോകോൾ ആശങ്കയൊഴിയാതെ രക്ഷിതാക്കളും അധ്യാപകരും
നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിവരവെ ഉച്ചഭക്ഷണവിതരണത്തെക്കുറിച്ച് ആശങ്കയൊഴിയുന്നില്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് സ്കൂളുകൾ പ്രവർത്തിക്കേണ്ടത്. ഇതിൽ മാസ്ക് പ്രധാനഘടകമാണ്.
ഉച്ചഭക്ഷണസമയത്ത് മാസ്ക് ഏറെനേരം അഴിച്ചുവെക്കണമെന്നതാണ് ആശങ്കയ്ക്ക് കാരണം.
കൈകഴുകാനും ഭക്ഷണം കഴിക്കാനും ശേഷം കൈയും മുഖവും കഴുകാനുമൊക്കെയായി അരമണിക്കൂർമുതൽ 40 മിനിറ്റുവരെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇത്രയും സമയം കുട്ടികൾ മാസ്ക് ധരിക്കാതെവരുമ്പോൾ കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിക്കാനാകില്ല.
പാൽ, മുട്ട എന്നിവയും നവംബർ ഒന്നിനുതന്നെ വിതരണം ചെയ്യണമെന്ന് നിർദേശമുണ്ട്. ഇത് കഴിക്കുമ്പോഴും മാസ്ക് അഴിക്കണമെന്നതിനാൽ മാസ്ക് ഉപയോഗിക്കാത്ത സമയം കൂടുമെന്ന ആശങ്കയുമുണ്ട്.
കുട്ടികൾ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ കൃത്യമായ ശാരീരിക അകലം പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിക്കുന്നുണ്ട്. ഭക്ഷണവിതരണസമയത്ത് രക്ഷിതാക്കളുടെയും എസ്.എം.സി. അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പാക്കണം, ഭക്ഷണം, വെള്ളം എന്നിവ ഒരുകാരണവശാലും പങ്കുവെക്കാൻ പാടില്ല, കൈകൾ ശുചിയാക്കുമ്പോൾ കുട്ടികൾ തിരക്കുകൂട്ടാതെ കൃത്യമായ അകലം പാലിക്കണം തുടങ്ങി ഇതുമായി ബന്ധപ്പെട്ട് മറ്റ് നിർദേശങ്ങളുമുണ്ട്. സ്കൂൾ തുറക്കുമ്പോൾ അധ്യാപകരും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഉച്ചഭക്ഷണവിതരണസമയത്തെ ക്രമീകരണങ്ങൾക്കായിരിക്കുമെന്ന് സാരം.
ഭക്ഷണം കഴിക്കാനുള്ള പാത്രവും വെള്ളം കുടിക്കാനുള്ള ഗ്ലാസും കുട്ടികൾ കൊണ്ടുവരണമെന്നാണ് നിർദേശം. ഇത് മാറിപ്പോകാതെനോക്കലും പ്രധാനമാണ്. ഈ പ്രശ്നം ഒഴിവാക്കാൻ പാചകംചെയ്ത ഭക്ഷണം ടിഫിൻ ബോക്സിലാക്കി കുട്ടികൾക്ക് വീടുകളിലേക്ക് കൊടുത്തുവിടാമെന്ന നിർദേശം ചില സ്കൂളുകളുടെ പി.ടി.എ. യോഗങ്ങളിൽ ഉയർന്നിരുന്നു.
ഇത് നടപ്പാക്കാനും ചിലർ ആലോചിക്കുന്നുണ്ട്. ഇതേക്കുറിച്ച് വ്യക്തമായ നിർദേശം സർക്കാരിൽനിന്ന് അടുത്തദിവസംതന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ. മുന്നൊരുക്കങ്ങൾക്ക് ചെലവുകൂടി
ഉച്ചഭക്ഷണവിതരണത്തിൽ അതിജാഗ്രത പുലർത്തുന്നതിനാൽ മുന്നൊരുക്കങ്ങൾക്ക് ചെലവും കൂടി. ഭക്ഷണം പാകംചെയ്യുന്ന പാത്രങ്ങൾ മിക്കസ്കൂളുകളും പൂർണമായും മാറ്റി, പുതിയവ വാങ്ങിച്ചു. കാലങ്ങളായി ഉപയോഗിക്കാത്തതിനാൽ പാത്രങ്ങൾ പൂപ്പൽപിടിച്ച നിലയിലാണ്. ഗ്യാസ് അടുപ്പുകൾ പലയിടത്തും തുരുമ്പിച്ചതിനാൽ ഇതും മാറ്റേണ്ടിവന്നു.