മഴ: റബ്ബർവരവ് പൂർണമായും നിലച്ചു; കമ്പനികളുടെ ശേഖരവും തീരുന്നു
: തുടർച്ചയായ മഴയെത്തുടർന്ന് വിപണിയിൽ റബ്ബർവരവ് പൂർണമായി നിലച്ചു. വൻകിട കമ്പനികളുടെ റബ്ബർശേഖരവും തീരുന്നതായാണു സൂചന. സീസൺകാലത്ത് വിപണിയിൽ തീരെ റബ്ബറില്ലാതെ വരുന്നത് അസാധാരണമാണ്.
വെള്ളിയാഴ്ച റബ്ബർവില കിലോയ്ക്ക് 174.50 രൂപയാണ്. വില ഇനിയും കൂടിയേക്കും. കരുതൽശേഖരം ഉപയോഗിച്ചാണു കമ്പനികൾ പ്രവർത്തിക്കുന്നത്. റബ്ബർ വീണ്ടും വിപണിയിൽ എത്തിത്തുടങ്ങുന്നതോടെ കമ്പനികൾക്കു കൂടുതൽ വാങ്ങേണ്ടിവരുമെന്നാണു സൂചനകൾ. അന്താരാഷ്ട്രവിപണിയിലും വിലകൂടുന്നതിനാൽ നാട്ടിൽനിന്നുവാങ്ങാൻ അവർ നിർബന്ധിതരാകുമെന്നു വിപണി വിദഗ്ധർ പറയുന്നു. മാത്രമല്ല, അന്താരാഷ്ട്രവിപണിയിലെ സീസൺ ഡിസംബറിൽ തീരുകയും ചെയ്യും.
കൽക്കരിക്ഷാമംമൂലം വൈദ്യുതിപ്രതിസന്ധി നേരിട്ട ചൈന, റബ്ബർവാങ്ങൽ കുറച്ചത് അന്താരാഷ്ട്രവിപണിയെ ബാധിച്ചിരുന്നു. ഇതു മറികടന്ന് ചൈന വീണ്ടും വാങ്ങിത്തുടങ്ങിയതാണ് വിപണിക്കു നേട്ടമായത്. ഇതു നാട്ടിലെ വിലയെയും സ്വാധീനിച്ചു. ക്രമംതെറ്റിപ്പെയ്യുന്ന മഴയാണു കർഷകരെ ഇപ്പോൾ വലച്ചിരിക്കുന്നത്.
മഴമറ (റെയിൻഗാർഡ്) ഇട്ടവർക്കു പ്രതിവർഷം 150-180 ദിവസത്തെ ടാപ്പിങ് കിട്ടേണ്ടതാണ്. മഴമറയില്ലാത്തവർക്കു നൂറിൽത്താഴെയേ കിട്ടാറുള്ളൂ. ഇത്തവണ ഇതും കുറയുമെന്നാണു കരുതുന്നത്. മഴമറയുണ്ടെങ്കിലും മഴപെയ്തുകൊണ്ടിരിക്കുമ്പോൾ ടാപ്പിങ് നടക്കില്ല.
എന്നാൽ, ഇപ്പോഴത്തെ ഭേദപ്പെട്ടവില തുടർന്നാൽ കർഷകർ മാർച്ചിൽപ്പോലും ടാപ്പിങ് നടത്താൻ സാധ്യതയുണ്ട്. സാധാരണമായി ജനുവരി അവസാനത്തോടെ സീസൺ കഴിയും. കഴിഞ്ഞവർഷം ഫെബ്രുവരി അവസാനംവരെ ടാപ്പിങ് നടത്തി. ഈവർഷവും ഇതു തുടർന്നാൽ ആകെ ടാപ്പിങ് ദിനത്തിൽ വലിയ വ്യത്യാസം വരില്ലെന്നു കരുതുന്നു. വിപണിയിൽ റബ്ബറുള്ള ആകെദിനങ്ങൾ കുറഞ്ഞാലും കച്ചവടത്തിൽ കുറവുവരില്ലെന്നാണു പ്രതീക്ഷ.
ഇലകൊഴിച്ചിലും കുമിൾരോഗവും
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ റബ്ബർ മരങ്ങളിൽ ഇലകൊഴിച്ചിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. തുടർച്ചയായ മഴയായതു കൊണ്ടാവാമെന്നാണു കരുതുന്നത്. സാധാരണ ജനുവരിയിലാണു മരം ഇലപൊഴിക്കുക. മരത്തിന്റെ താഴെഭാഗത്ത് കുമിൾരോഗവും ചിലയിടങ്ങളിൽ കാണുന്നുണ്ട്. കാലംതെറ്റിയ ഇലകൊഴിച്ചിൽ, തൊലിയെ ബാധിക്കുന്ന ബാർക്ക് കാങ്കർ, വേരുരോഗം എന്നിവയാണ് ഈ സമയത്തു കാണാറുള്ളതെന്നു റബ്ബർ ഗവേഷണകേന്ദ്രം റിട്ട.ജോയിന്റ് ഡയറക്ടർ ഡോ. ജേക്കബ് മാത്യു പറഞ്ഞു