സ്കോളർഷിപ്പുകൾ: അപേക്ഷിക്കാം
സ്കോളർഷിപ്പുകൾ: അപേക്ഷിക്കാം
•പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
:2020-’21 അധ്യയന വർഷത്തിൽ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി., പ്ലസ് ടു/വി.എച്ച്.എസ്.ഇ. തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക്. സ്കോളർഷിപ്പ് തുക 10,000 രൂപ.
ബി.പി.എൽ. വിഭാഗക്കാർക്ക് മുൻഗണന. ബി.പി.എൽ. അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ടുലക്ഷം രൂപവരെ വാർഷികവരുമാനമുള്ള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. അപേക്ഷ www.minoritywelfare.kerala.gov.in വഴി നൽകാം. അവസാന തീയതി നവംബർ അഞ്ചിന്. വിവരങ്ങൾക്ക്: 0471-2300524
•മദർതെരേസ
:സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിങ് ഡിപ്ലോമ/പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക്
15,000 രൂപയാണ് സ്കോളർഷിപ്പ്. സർക്കാർ അംഗീകൃത സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളേജുകളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചിരിക്കണം. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കണം.
പ്ലസ് ടു പരീക്ഷയിൽ 45 ശതമാനം മാർക്കുനേടണം. ബി.പി.എൽ. അപേക്ഷകരുടെ അഭാവത്തിൽ എട്ടുലക്ഷം രൂപവരെ വാർഷികവരുമാനമുളള എ.പി.എൽ. വിഭാഗത്തെ പരിഗണിക്കും. കോഴ്സ് ആരംഭിച്ചവർക്കും/രണ്ടാംവർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. തിരഞ്ഞെടുപ്പ് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ. അപേക്ഷ www.minoritywelfare.kerala.gov.in വഴി നൽകാം. അവസാന തീയതി നവംബർ 20. വിവരങ്ങൾക്ക്: 0471-2300524
•എ.പി.ജെ. അബ്ദുൽ കലാം
:സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നുവർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക്
ഒരുവർഷത്തേക്ക് 6,000 രൂപയാണ് സ്കോളർഷിപ്പ്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം. ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി.പി.എൽ. അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ടുലക്ഷം രൂപവരെ വാർഷികവരുമാനമുള്ള നോൺ ക്രീമിലയർ വിഭാഗത്തെയും പരിഗണിക്കും. രണ്ടാംവർഷക്കാരെയും മൂന്നാം വർഷക്കാരെയും സ്കോളർഷിപ്പിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ. അപേക്ഷ www.minoritywelfare.kerala.gov.in വഴി നൽകാം. അവസാന തീയതി നവംബർ 25. വിവരങ്ങൾക്ക്: 0471-2300524
•സി.എച്ച്. മുഹമ്മദ് കോയ (പുതുക്കൽ)
:കേരളത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് 2021-’22 അധ്യയനവർഷത്തേക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപ്പൻഡ് പുതുക്കുന്നതിന് അപേക്ഷിക്കാം.
ബിരുദത്തിന് 5,000 രൂപ വീതവും ബിരുദാനന്തര ബിരുദത്തിന് 6,000 രൂപ വീതവും പ്രൊഫഷണൽ കോഴ്സിന് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപ്പൻഡ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്നത്.
ഒരു വിദ്യാർഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. അപേക്ഷ www.minoritywelfare.kerala.gov.in വഴി നൽകാം. അവസാന തീയതി നവംബർ 11. വിവരങ്ങൾക്ക്: 0471-2302090