എന്താണ് മുല്ലപ്പെരിയാർ പാട്ടക്കരാർ?
കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് ഇത്തവണ തുറന്നത് ചരിത്രദിനത്തിൽ. 135 വർഷം മുമ്പ് (1886 ഒക്‌ടോബർ 29) ഇതേ ദിവസമായിരുന്നു പെരിയാർ പാട്ടക്കരാർ ഒപ്പിട്ടത്. തിരുവതാംകൂർ മഹാരാജാവും ബ്രിട്ടീഷ് സർക്കാരും തമ്മിലായിരുന്നു കരാർ.
എന്താണ് പാട്ടക്കരാർ?
തിരുവിതാംകൂറിനുവേണ്ടി ദിവാൻ വി.രാമഅയ്യങ്കാറും മദിരാശി സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ് ‘പെരിയാർ പാട്ടക്കരാർ’ (പെരിയാർ ലീസ് ഡീഡ്) ഒപ്പിട്ടത്.പെരിയാർ നദിയുടെ പോഷകനദിയായ മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമിച്ച്
പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ചുവിടാനാണ് കരാർ. പെരിയാർ നദിയുടെ ഏറ്റവും ആഴംകൂടിയ അടിത്തിട്ടിൽനിന്ന് 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽവരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നാണ് കരാറിൽ പറയുന്നത്.
ഈ വെള്ളം ഉപയോഗിക്കുന്നതിനുള്ള ജലസേചന പദ്ധതിക്കായി നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പൂർണ അധികാരം മദിരാശി സംസ്ഥാനത്തിന് നൽകിയിരിക്കുന്നതായും കരാറിൽ പറയുന്നു. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചുറ്റുവട്ടത്തുള്ള 8000 ഏക്കർ സ്ഥലവും നിർമാണ പ്രവർത്തനങ്ങൾക്കായി 100 ഏക്കർ സ്ഥലവുമാണ് പാട്ടമായി നൽകിയത്.
പെരിയാർ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിർമിക്കാനുള്ള എല്ലാ അധികാരവും അവകാശവും മദിരാശി സർക്കാരിന് നൽകിയതായും കരാറിൽ പറയുന്നു. 999 വർഷത്തേക്കാണ് കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വീണ്ടും 999 വർഷത്തേക്ക് പാട്ടത്തിന് നൽകേണ്ടിവരും.
പാട്ടത്തുകയായി വർഷത്തിൽ ഏക്കറിന് അഞ്ച് രൂപതോതിൽ 40,000 രൂപയാണ്
തിരുവിതാംകൂറിന് നൽകാൻ നിശ്ചയിച്ചത്. മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനാണ് വെള്ളമെന്നാണ് വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ ആർബിട്രേറ്റർമാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രിബ്യൂണലിന് വിടാം. 1886-ൽ കരാർ ഒപ്പിട്ട് അടുത്തവർഷം 1887 സെപ്റ്റംബറിൽ അണക്കെട്ടിന്റെ പണി തുടങ്ങി. 1896 ഫെബ്രുവരിയിൽ പൂർത്തിയായി.