ഉരുൾപൊട്ടൽ; ഏയ്ഞ്ചൽവാലിയിൽ തകർന്നത് 33 വീടുകൾ
എരുമേലി : ഏയ്ഞ്ചൽവാലി മേഖലയിൽ വ്യാഴാഴ്‌ചയുണ്ടായ ഉരുൾപൊട്ടൽ നിരവധി കുടുംബങ്ങളെയും വ്യാപാരികളെയും ദുരിതത്തിലാക്കി. 12 വീടുകൾ പൂർണമായും 21 വീടുകൾ ഭാഗികമായും തകർന്നതായി റവന്യൂ അധികൃതർ അറിയിച്ചു. ഇരുപതോളം വീടുകളിൽ വെള്ളം കയറി നാശമുണ്ടായി.
സെന്റ് മേരീസ് സ്‌കൂളിൽ ആളുകളെ താമസിപ്പിക്കാൻ സൗകര്യം ഒരുക്കി. എഴുകുമണ്ണിൽ പഞ്ചായത്ത് നിർമിച്ച ജലവിതരണ ടാങ്കിൽ മണ്ണും കല്ലുംനിറഞ്ഞു. മേഖലയിൽ മൂന്നിടങ്ങളിലാണ് ഒരേസമയം ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകൾ വാസയോഗ്യമല്ല. കിണറുകളും മോട്ടോറുകളും നശിച്ചതോടെ ശുദ്ധജലവും പ്രതിസന്ധിയിലായി. അരുവിക്കൽ പ്രദേശത്ത് ഉരുൾപൊട്ടിയെങ്കിലും കാര്യമായ നാശമില്ല. റബർതോട്ടങ്ങളോടു ചേർന്നുള്ള പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. വീടുകൾ കുറവായതിനാൽ വൻദുരന്തം ഒഴിവായി.
എഴുകുമൺ ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ചെരിപുറത്ത് ഷിബുവിന്റെ വീട് തകർന്നു. തലനാരിഴയ്ക്കാണ് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത്. ഇവരുടെ വീട്ടിലേയ്ക്കുള്ള വഴി തകർന്നു. വളയത്തുപടിയിൽ വനമേഖലയിൽ നിന്നാണ് ഉരുൾപൊട്ടിയെത്തിയത്. റോഡിനോട് ചേർന്ന് താമസിക്കുന്ന കുടുംബം വീട്ടിൽനിന്ന് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. പൊങ്ങന്താനത്ത് എബ്രഹാമിന്റെ ഭാര്യ മഞ്ജുവും പ്രായമായ അമ്മയും മൂന്നുകുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. ശൗചാലയം ഉൾപ്പെടെ വീടിന്റെ ഒരു ഭാഗത്ത് വിള്ളൽവീണു.
പള്ളിപ്പടിയിലെ നിരവധി കടകളിൽ വെള്ളം കയറി. പലചരക്ക് കടകളിലെ സാധനങ്ങൾ നശിച്ചു. നാട്ടുകാർ കടകൾ വൃത്തിയാക്കി. വളയത്തുപടിയിൽ അൻപതോളം കുടുംബങ്ങൾക്ക് ശുദ്ധജലത്തിനായി നാട്ടുകാർ നിർമിച്ച ഓലി മൂടിപ്പോയി. ഇത് നാട്ടുകാർ വൃത്തിയാക്കി. സമീപത്തുള്ള വളയത്തിൽ സോബന്റെ മീൻകുളം പൂർണമായും നശിച്ചു. മീനുകൾ ഒഴു കിപോയി. നിരവധി പേരുടെ കൃഷിയിടങ്ങളും നഷ്ടമായി. വളയത്തുപടിയിൽ കലുങ്കിൽ മണ്ണും കല്ലും നിറഞ്ഞത് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി കെ പ്രദീപ്, മാഗി ജോസഫ്, സിപിഐ എം നേതാക്കളായ വി പി ഇബ്രാഹിം, വി പി ഇസ്‌മയിൽ, കെ രാജേഷ്, തഹസിൽദാർ ജോസ് സെബാസ്റ്റ്യൻ, വില്ലേജ് ഓഫീസർ ടി ഹാരിസ്, പഞ്ചായത്തംഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചു.