ഉരുൾപൊട്ടൽ കഴിഞ്ഞിട്ട് ഇരുപതുനാൾ
മഴയെത്തുടർന്ന് കൂടുതൽ അപകടാവസ്ഥയിലായ മുണ്ടക്കയം-ഇളംകാട് റോഡിലെ ഏന്തയാർ സെന്റ് മേരീസ് പള്ളിയുടെ സമീപത്തെ ഭാഗം
കൂട്ടിക്കൽ
: പ്രളയംതീർത്ത ദുരിതത്തിൽനിന്നും കരകയറാനുള്ള ശ്രമത്തിലാണ് കൂട്ടിക്കൽ ഗ്രാമം. നഷ്ടമായതെല്ലാം പുനർനിർമിക്കാനും ഇനി പുതിയൊരു കൂട്ടിക്കലിനെ സൃഷ്ടിക്കാനുമുള്ള പരിശ്രമത്തിലാണ് ഇവർ.
ക്യാമ്പുകളിൽനിന്ന്‌വീടുകളിലേക്ക്
കൂട്ടിക്കൽ പഞ്ചായത്തിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 406 കുടുംബങ്ങളെയാണ് പാർപ്പിച്ചിരുന്നത്. കുട്ടികളടക്കം 1673 പേരാണ് ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. ക്ലാസുകൾ ആരംഭിച്ചതോടെ സ്‌കൂളുകളിലെ ക്യാമ്പുകൾ അവസാനിപ്പിച്ചു.
മഴ കുറഞ്ഞതോടെ പലരും സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും മാറി. നിലവിൽ ഏന്തയാർ സെന്റ് മേരീസ് പാരിഷ്ഹാളിൽ മാത്രമാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ഇവിടെ 11 കുടുംബങ്ങളിലെ 32 പേരാണ് കഴിയുന്നത്.
കിടപ്പാടം നഷ്ടമായത് 88 പേർക്ക്
കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് മേഖലയിൽ 88 വീടുകളാണ് പൂർണമായി നശിച്ചത്. വീടും സ്ഥലവും നഷ്ടപെട്ടത് 15 പേർക്കും. 260 വീടുകൾ ഭാഗികമായി നശിച്ചു. 79 കിണറുകളും കുടിവെള്ള ശ്രോതസ്സുകളും ഇല്ലാതായി. 259 കുടുംബങ്ങളിലെ വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചു. 212 വീടുകളാണ് സംരക്ഷണ ഭിത്തിയിടിഞ്ഞ് അപകടാവസ്ഥയിലുള്ളത്. 84 പേരുടെ ശൗചാലയങ്ങൾ പൂർണമായി നശിച്ചു. 168 വിദ്യാർഥികൾക്ക് പഠനോപകരങ്ങൾ നഷ്ടമായി.
തകർന്നത് 42 റോഡുകൾ
പി.ഡബ്ല്യു.ഡി.യുടേത് ഉൾപ്പെടെ 42 റോഡുകളാണ് പൂർണമായി തകർന്നത്. പാലം, നടപ്പാലം, തൂക്കുപാലം ഉൾപ്പടെ 17-പാലങ്ങൾ പൂർണമായി തകർന്നു. പലതും അപകടാവസ്ഥയിലാണ്.
13 കലുങ്കുകൾ പൂർണമായും ഏഴെണ്ണം ഭാഗികമായും തകർന്നു. താത്കാലിക പാലങ്ങൾ, മരത്തടികൾ, ഒടിഞ്ഞ വൈദ്യുതിത്തൂണുകൾ എന്നിവയിലൂടെയാണ് പല സ്ഥലങ്ങളിലും ആളുകളുടെ സഞ്ചാരം. വാഹനങ്ങൾ എത്താത്ത പല പ്രദേശങ്ങളുമുണ്ട്.
മ്ലാക്കര, ഇളംകാട് ടോപ്പ്, മുക്കുളം തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിക്കുന്ന ഏന്തയാർ പാലം ഭാഗികമായി തകർന്നതിനാൽ കൊക്കയാർ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശം ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോഴും. മ്ലാക്കര, മൂപ്പൻമല, ഏന്തയാർ-മുക്കുളം എന്നീ പാലങ്ങൾ അടിയന്തരമായി പുനർനിർമിച്ചാൽ മാത്രമെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ.
കുടിവെള്ള പദ്ധതികൾ
വിവിധ പദ്ധതികളിലായി പൂർത്തിയാക്കിയ 25 കുടിവെള്ള പദ്ധതികളും കിണറുകളുമാണ് പൂർണമായി നശിച്ചത്. പുല്ലകയാറിന്റെ തീരത്തായി നിർമിച്ച എട്ട് ജലനിധി പദ്ധതികൾ നശിച്ചു. പല പദ്ധതികളുടെയും പൈപ്പുലൈനുകൾ, പമ്പുഹൗസുകൾ തുടങ്ങിയവ ഭാഗികമായി തകർന്ന നിലയിലാണ് ഇവ പുനർനിർമിക്കാൻ മാത്രം കോടികൾ വേണ്ടിവരുമെന്നാണ് പഞ്ചായത്തിന്റെ പ്രാഥമിക നിഗമനം.
ജലക്ഷാമം രൂക്ഷമായ മേഖലയിൽ വേനൽ ആരംഭിക്കുന്നതോടെ കുടിവെള്ളമെത്തിക്കുക എന്നതാണ് പഞ്ചായത്ത് നേരിടുന്ന പ്രധാനമായ വെല്ലുവിളി.
98 കടകൾ നശിച്ചു
പഞ്ചായത്തിലെ 98-കടകൾ പൂർണമായി നശിച്ചു. പല വ്യാപാര സ്ഥാപനങ്ങളും ഇനിയും തുറന്നു പ്രവർത്തിക്കാറായിട്ടില്ല. കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ വെള്ളംകയറി നശിച്ചു. വ്യാപാര സ്ഥാപനങ്ങൾ പൂർവസ്ഥിതിയിൽ പ്രവർത്തനമാരംഭിക്കാൻ ഇനി ഒരു വർഷത്തോളം വേണമെന്നാണ് കൂട്ടിക്കലിലെ കച്ചവടക്കാർ പറയുന്നത്.
പഞ്ചായത്തിലെ ഏഴ് പൊതുകെട്ടിടങ്ങൾ പൂർണമായി നശിച്ചു. വെള്ളംകയറി മുങ്ങിയ കൂട്ടിക്കൽ സി.എം.എസ്. എൽ.പി.സ്‌കൂളിൽ ഇനിയും ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.