ആശുപത്രിയിലേക്ക് പോകവേ, അയൽവീട്ടിൽ സുഖപ്രസവം: അമ്മയും കുഞ്ഞും സുരക്ഷിതർ ..

എരുമേലി: പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോകാൻ വാഹന സൗകര്യത്തിനായി അയൽവീട്ടിൽ കാത്തിരുന്ന യുവതി അവിടെ ആൺകുഞ്ഞിന് ജൻമം നൽകി. വീട്ടുകാരും സമീപമുള്ള വൃദ്ധമാതാവും കുട്ടിയുടെ പൊക്കിൾക്കൊടി കെട്ടി പ്രാഥമിക ശുശ്രൂഷകൾ നടത്തി.

എങ്കിലും രക്തമൊഴുക്ക് നിലച്ചിരുന്നില്ല. ഒടുവിൽ കനിവിന്റെ 108 ആംബുലൻസ് നമ്പറിൽ വിളിച്ച് അവരെത്തുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

എരുമേലി ചേനപ്പാടി ചെങ്ങാംകുന്ന് മാടപ്പാട്ട് മാത്യുവിന്റെ മകൾ ബ്ലെസിയാണ് പ്രസവവേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തുന്നതിന് മുൻപ് അയൽവീട്ടിൽ ആൺകുഞ്ഞിന് ജൻമം നൽകിയത്.

പതിമൂന്നാം തീയതിയായിരുന്നു കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽനിന്നു നിശ്ചയിച്ച പ്രസവ തീയതി. എന്നാൽ വ്യാഴാഴ്ച രാത്രി പത്തുമണിയോടെ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോകാൻ ഓട്ടോറിക്ഷ വിളിച്ചശേഷം റോഡ് സൗകര്യമുള്ള അയൽ വീട്ടിലെത്തുകയായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു.

എന്നാൽ അയൽവീട്ടിലെത്തിയപ്പോൾ തന്നെ ബ്ലെസി ആൺകുഞ്ഞിന് ജൻമം നൽകി. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന്‌ 108 ആംബുലൻസ് സർവീസിൽ വിവരം അറിയിച്ചു. എരുമേലിയിൽനിന്നു നഴ്‌സ് സി.ആർ. രാഖിൽ, ഡ്രൈവർ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുരക്ഷിതരായുണ്ട്.

error: Content is protected !!