സർക്കാർ വാക്കുപാലിച്ചു ; കൂട്ടിക്കൽ പ്രളയദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി
മുണ്ടക്കയം : ഒക്ടോബർ പതിനാറാം തീയതി കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളി, കാവാലി, ഏന്തയാർ, ഇളങ്കാട് എന്നീ പ്രദേശങ്ങളിൽ സംഭവിച്ച ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മരണമടഞ്ഞ വ്യക്തികളുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ പ്രകാരം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത സംഖ്യ മരിച്ചവരുടെ ആശ്രിതരായ സരസമ്മ പന്തലാടിലിന്റെ ഭർത്താവ് മോഹനൻ, റോഷ്നി മുണ്ടകശ്ശേരിയുടെ ഭർത്താവ് വേണു, ആറ്റുചാലിൽ സോണിയയുടെ ഭർത്താവും അലന്റെ പിതാവുമായ ജോമി, സിസിലി ഇളംതുരുത്തിയുടെ ഭർത്താവ് സെബാസ്റ്റ്യൻ, ഷാലറ്റ് ഓലിക്കലിന്റെ പിതാവ് ബേബി എന്നിവർക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ധനസഹായം കൈമാറി.
കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. സജിമോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ . ബിജോയ് മുണ്ടുപാലം, കെ. എസ്.മോഹനൻ, രജനി സുധീർ, വില്ലേജ് ഓഫീസർ . പി എ മുഹമ്മദ്, മറ്റു റവന്യു ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.