അടിത്തറയില്ല, 3 അടി മാത്രം കോൺക്രീറ്റ് ; തമിഴ്നാടും പേടിക്കുന്ന ബേബിഡാം ബലക്ഷയം
മുല്ലപ്പെരിയാർ ഡാം എന്ന് കേൾക്കുമ്പോഴേ കേരളത്തിന്റെ നെഞ്ചിടിപ്പ് ഉയരും. എന്നാൽ ഈ നെഞ്ചിടിപ്പിന്റെ ഉത്ഭവ കേന്ദ്രം മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടല്ല, തൊട്ടടുത്ത് നിൽക്കുന്ന ബേബി ഡാമാണ് എന്നതാണ് സത്യം. പേരു പോലെ അത്ര ‘ബേബി’ അല്ല ബേബി ഡാം. അതുകൊണ്ടുതന്നെയാണ് ബേബി ഡാം ശക്തിപ്പെടുത്താൻ ഏതു മാർഗവും സ്വീകരിക്കാൻ തമിഴ്നാട് മുന്നിട്ടിറങ്ങുന്നത്. ബേബി ഡാം സുരക്ഷിതമാക്കിയാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കിയാലും ഒന്നും പേടിക്കാനില്ലെന്നാണ് തമിഴ്നാടിന്റെ വാദം. മുല്ലപ്പെരിയാറിൽ ഏറ്റവും അപകടഭീഷണി നേരിടുന്നത് ബേബി ഡാമാണ്. അടിത്തറയില്ലാതെ വെറും മൂന്ന് അടി മാത്രം കോൺക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കിയതാണ് ബേബി ഡാം എന്നറിയുമ്പോഴാണ് ഭീഷണി എത്ര വലുതെന്ന് മനസ്സിലാകുന്നത്.
മുല്ലപ്പെരിയാർ ഡാമുകൾ
തമിഴ്നാട്ടിലെ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽനിന്ന് ഉത്ഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിട്ട് മണലാറിനു സമീപം മുല്ലയാറുമായി ചേർന്ന് മുല്ലപ്പെരിയാറാകുന്നു. ഈ നദിയിൽ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വള്ളക്കടവിലാണ് മുല്ലപ്പെരിയാർ അണക്കെട്ടുകൾ. ചൊക്കംപെട്ടി, പ്ലാച്ചിമല, നാഗമല, ശിവഗിരിമല, മദളംതൂക്കിമല എന്നീ അഞ്ചു മലകളിൽനിന്ന് ഒഴുകിയെത്തുന്ന നീർച്ചാലുകൾ ചേർന്നാണു പെരിയാർ നദിയുടെ ഉത്ഭവം. മുല്ലത്തോട് വെള്ളിമലയിൽനിന്നാണ് ഉത്ഭവിക്കുന്നത്. മുല്ലത്തോട്ടിൽ കല്ലിടിച്ചാൽ ഭാഗത്ത് അണക്കെട്ടു നിർമിക്കാനുള്ള ശ്രമത്തിനിടെയാണ് പെരിയാർ മുല്ലത്തോടിനേക്കാൾ വലിയ നദിയാണെന്നും ഇവ രണ്ടും ചേർന്നൊഴുകുന്ന ഭാഗത്ത് അണക്കെട്ടു നിർമിക്കണമെന്നുമുള്ള ആശയം ജോൺ പെന്നിക്വിക് എന്ന എൻജിനീയറുടെ മനസ്സിലുദിക്കുന്നത്. അങ്ങനെ അവിടെ ഡാം ഉയർന്നു.1895 ഒക്ടോബർ 10ന് ഉദ്ഘാടനം ചെയ്തു. 126 വയസ്സായി മുല്ലപ്പെരിയാർ ഡാമിന് ഇപ്പോൾ.
മുല്ലപ്പെരിയാര്‍ മൂന്നല്ല 4!
പൊതുവേ പ്രചരിക്കുന്ന വിവരങ്ങള്‍ പോലെ 3 അല്ല 4 അണക്കെട്ടുകളുണ്ട് മുല്ലപ്പെരിയാറില്‍. 152 അടി ഉയരവും 1200 അടി നീളവുമുള്ള പ്രധാന അണക്കെട്ടും 240 അടി നീളവും 115 അടി ഉയരവുമുള്ള ബേബിഡാമും 240 അടി നീളവും 20 അടി വീതിയുള്ള എർത്തൺ ഡാമും പിന്നെ സ്പിൽവേയും ചേർന്നതാണു മുല്ലപ്പെരിയാർ അണക്കെട്ട്. ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചുണ്ണാമ്പും ചേർത്തു തയാറാക്കിയ സുർക്കി ചാന്തിൽ കരിങ്കല്ല് കെട്ടിയുണ്ടാക്കിയതാണ് പ്രധാന ഡാമിന്റെ അടിത്തറ. തുടക്കത്തിൽ 152 അടി വെള്ളമാണ് അണക്കെട്ടിൽ സംഭരിച്ചു നിർത്തിയിരുന്നത്.
152 അടി വെള്ളം സംഭരിച്ചു നിർത്തിയ കാലഘട്ടത്തിൽ കേരളത്തിന്റെ 42 ചതുരശ്ര കിലോമീറ്റർ വനമേഖലയാണു വെള്ളത്തിനടിയിലായത്. 1978ൽ അണക്കെട്ടിനു ബലക്ഷയം എന്നു കണ്ടെത്തിയതോടെയാണു സംഭരണശേഷി 136 ആയി നിജപ്പെടുത്തിയത്. സ്വാതന്ത്ര്യത്തിനുശേഷം 1948ൽ ജലനിരപ്പ് 152 അടിക്കു മുകളിലേക്ക് ഉയർന്നു. ജലസേചനത്തിനായി നിർമിച്ച അണക്കെട്ടിലെ ജലം ഉപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കാൻ 1948ലാണ് തമിഴ്‌നാട് തീരുമാനിച്ചത്. തുടർന്നു പാറ തുരന്നു തുരങ്കം നിർമിച്ചു. 1952ൽ തമിഴ്നാട്ടിലെ ലോവർ പെരിയാറിൽ പവർ ഹൗസിന്റെ ജോലികൾ ആരംഭിക്കുകയും 1958ൽ വൈദ്യുതി ഉൽപാദനം തുടങ്ങുകയും ചെയ്‌തു. 1948നുശേഷം 1961ലും അണക്കെട്ടു കവിഞ്ഞൊഴുകി. 1965ലും 1973ലും അണക്കെട്ടിൽ ഗ്രൗട്ടിങ് ജോലികൾ നടന്നു.
ബേബി ഡാം
മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടിനോടു ചേർന്നു പിന്നീടു നിർമിച്ച ബേബി ഡാമിന് 240 അടി നീളവും 53 അടി ഉയരവും എട്ടടി വീതിയുമുണ്ട്. കരിങ്കല്ലും സിമന്റും കോൺക്രീറ്റും ചേർന്നു നിർമിച്ച ഡാമിനു ശക്‌തമായ അടിത്തറയില്ലെന്നു പണ്ടുമുതലേ കേരളം ആരോപിക്കുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 118 അടിയിൽനിന്ന് ഉയർത്തുന്നതിനായാണ് ഇവിടെ ബേബി ഡാം നിർമിച്ചത്. ആദ്യം ഷട്ടർ നിർമിക്കാനായിരുന്നു തമിഴ്‌നാടിന്റെ പദ്ധതി. ഇതിനായി മണ്ണുനീക്കിയെങ്കിലും പിന്നീട് ഈ ഭാഗത്തു പ്രത്യേക അടിത്തറ നിർമിക്കാതെ ഡാം കെട്ടുകയായിരുന്നു.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 118 അടി പിന്നിടുമ്പോഴാണ് ബേബി ഡാമിലേക്ക് വെള്ളം എത്തുന്നത്. ജലനിരപ്പ് 142 അടിയാകുമ്പോൾ 24 അടി വെള്ളമാണ് ബേബി ഡാമിൽ സംഭരിച്ചിട്ടുണ്ടാവുക. 2011ലാണ് ബേബി ഡാമിന് ബലക്ഷയം കണ്ടുപിടിച്ചത്. ബേബി ഡാം ബലപ്പെടുത്തുന്നതിനായി തമിഴ്നാട് നിർമിച്ച കുഴിയിലേക്ക് വെള്ളം ഉറവയായി എത്തിത്തുടങ്ങിയതും സ്വീപ്പേജ് വാട്ടര്‍ ലെവല്‍ ഉയര്‍ന്നതും ഡാമിന്റെ ബലക്ഷയത്തിന് സൂചനയായി (ഡാമിന്റെ ഭിത്തികളിലൂടെ ഊറി വരുന്ന വെള്ളമാണ് സ്വീപ്പേജ് വാട്ടര്‍). ഇതോടെയാണ് ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്നാട് നീക്കങ്ങള്‍ ശക്തമാക്കിയത്. ജലനിരപ്പ് 136ന് മുകളിലേക്ക് കയറ്റണമെങ്കില്‍ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് അക്കാലത്ത് കമ്മിഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
മരം മുറിക്കാന്‍ വാശി എന്തിന് ?
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ബേബി ഡാമിന്റെ ബലക്ഷയമാണ്. അതിനാലാണ് എന്തു വിലകൊടുത്തും ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്നാട് ശ്രമിക്കുന്നത്. ഇതിന് തമിഴ്നാടിനു മുന്നിലുള്ള ഒരു തടസ്സം ഡാമിനോട് തൊട്ടടുത്ത് നില്‍ക്കുന്ന 3 വന്‍മരങ്ങളും സമീപത്തായുള്ള 24ഓളം മറ്റ് മരങ്ങളുമാണ്. ബേബി ഡാമിനോട് ചേര്‍ന്ന് എന്തു നിര്‍മാണം നടത്തണമെങ്കിലും ആദ്യം പറഞ്ഞ ഈ 3 മരങ്ങള്‍ തടസ്സമാണ്. ബേബി ഡാം ബലപ്പെടുത്തുക എന്നതുകൊണ്ട് ഡാമിന്റെ വീതി കൂട്ടുക എന്നാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ ഡാമിന്റെ വീതി കൂട്ടണമെങ്കില്‍ തൊട്ടടുത്ത് നില്‍ക്കുന്ന 3 മരങ്ങള്‍ നിര്‍ബന്ധമായും മുറിക്കേണ്ടി വരും.
താന്നി, വഴന, ഉന്നം മരങ്ങളാണ് ഇവ. ഈ 3 മരങ്ങളോട് അനുബന്ധിച്ചുള്ള 24 ഓളം മറ്റ് മരങ്ങൾ മുറിച്ചാൽ തമിഴ്നാടിന് സുഗമമായി ഡാമിന്റെ അടുത്തേക്ക് വാഹനങ്ങളും നിർമാണ സാമഗ്രികളും എത്തിക്കുകയും ചെയ്യാം. ഒപ്പംതന്നെ ബേബി ഡാമിന്റെ തൊട്ടടുത്തുള്ള എർത്തൻഡാമും ശക്തിപ്പെടുത്താം. ബേബി ഡാമും എർത്തൻ ഡാമും ബലപ്പെടുത്തിയാൽ പ്രധാന അണക്കെട്ടിൽ അറ്റകുറ്റപ്പണിയില്ലാതെ ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്താം എന്നതും തമിഴ്നാട് ലക്ഷ്യം വയ്ക്കുന്നു.
മരം മുറിക്ക് തടസ്സം എന്ത് ?
മരങ്ങൾ മുറിച്ചു മാറ്റി ബേബി ഡാം ശക്തിപ്പെടുത്തുകയല്ല, മറിച്ച് മുഖ്യ അണക്കെട്ട് പുതുക്കിപ്പണിയണം എന്നതാണ് കേരളത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ മരങ്ങൾ മുറിച്ച് ബേബി ഡാം പണി തുടങ്ങിയാൽ തമിഴ്നാടിന് ലഭിക്കുന്ന മേൽക്കൈ തടയാൻ കേരളം മുൻപുതന്നെ ജാഗ്രത കാട്ടിയിട്ടുണ്ട്. ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ കേരളം അല്ല അനുവാദം കൊടുക്കേണ്ടത് എന്നതാണു മറ്റൊരു കാര്യം. മരങ്ങൾ സ്ഥിതി ചെയ്യുന്നത് തമിഴ്നാടിന്റെ പാട്ട ഭൂമിയിലും ബഫർ സോണിലുമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര വനം വന്യജീവി വകുപ്പാണ് മരം മുറിക്കാൻ അനുമതി നൽകേണ്ടത്.
മരം മുറിക്ക് നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റാണ് കേരളം നൽകേണ്ടത്. പാട്ടക്കരാർ പ്രകാരം തമിഴ്നാടിന് മരങ്ങൾ മുറിക്കാൻ അധികാരമുണ്ടെന്ന് കാട്ടിയാണ് നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. എന്നാൽ ബഫർസോണിലെ മരങ്ങൾ മുറിക്കുന്നതിന് മുൻപ് കേന്ദ്രത്തിന്റെയോ കേരളത്തിന്റെയോ അനുവാദത്തിന് സമർപ്പിച്ചിട്ടും ഇല്ല.