കഴുത്തുവരെ മൂടിയ ചെളി; അന്നമ്മയ്ക്ക് ഇത് പുനർജന്മം

എരുമേലി

: ഉരുൾപൊട്ടലിൽ വീട് തകർന്ന് ഒഴുകിയെത്തിയ മണ്ണും ചെളിയും തന്റെമേൽ മൂടിയപ്പോൾ അന്നമ്മ മരണം ഉറപ്പിച്ചു. മകൻ ജോബിനോട് ഭാര്യയെയും കുഞ്ഞുങ്ങളെയുമെടുത്ത് ഓടി രക്ഷപെട്ടോളാൻ ആ അമ്മ വിളിച്ചുപറഞ്ഞു. തലയൊഴികെ ബാക്കി ശരീരഭാഗമെല്ലാം മണ്ണു മൂടിക്കിടന്ന തെനിയംപ്ലാക്കൽ അന്നമ്മ (63)യ്ക്ക് താൻ ഇപ്പോളും ജീവനോടെയുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

ബുധനാഴ്ച രാത്രിയിൽ നിലയ്ക്കാതെ കനത്തമഴ പെയ്തപ്പോൾ തന്നെ ഇവർ പരിഭ്രാന്തിയിയിലായിരുന്നു. വീടിന്റെ പിൻവശത്തെ മുറിയിലാണ് അന്നമ്മ ഉറങ്ങാൻ കിടന്നത്. പെട്ടെന്ന് ഉരുൾപൊട്ടി ഭിത്തിതകർത്തെത്തിയ മണ്ണും ചെളിയും മുറിയ്ക്കുള്ളിൽ നിറഞ്ഞു. അന്നമ്മ കിടന്ന കട്ടിൽ മൂടിപ്പോയി. ശബ്ദംകേട്ട് ജോബിനും ഭാര്യയും ഓടിയെത്തിയപ്പോൾ വാതിൽ ചെളിനിറഞ്ഞ് അകത്തുനിന്നും തുറക്കാൻ കഴിയാത്ത വിധത്തിലായി. എന്നെ രക്ഷിക്കാൻ നിൽക്കേണ്ട മക്കളെയും ഭാര്യയുമായി രക്ഷപ്പെട്ടോ എന്ന് അന്നമ്മ വിളിച്ചുപറഞ്ഞു.

വീടിനുള്ളിൽ ചെളിനിറഞ്ഞതിനാൽ ജോബിനും കുടുംബത്തിനും പുറത്തേക്കിറങ്ങാൻ കഴിയാതെയായി. ഇതോടെ ഈ കുടുംബം മരണം ഉറപ്പിച്ചതാണ്.

ഒടുവിൽ മുൻവശത്തെ വാതിൽ ഒരുവിധത്തിൽ വലിച്ചു തുറന്നു. ഈ സമയം അന്നമ്മയുടെ മുറിയുടെ പാതിയിലേറെ ചെളിനിറഞ്ഞിരുന്നു. ഭാര്യ മേരിക്കുട്ടിയെയും മക്കളായ ജോസ്‌നയെയും ജോജിയെയും സമീപത്തെ വീട്ടിലേക്ക് മാറ്റിയ ശേഷം ജോബിൻ അയൽവാസികളായ കൊല്ലംപറമ്പിൽ തോമസിന്റെയും ബേബിയുടെയും സഹായത്തോടെ മണ്ണ് വെട്ടിമാറ്റിയ ശേഷം അന്നമ്മയെ രക്ഷിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അന്നമ്മയെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയശേഷം ഇടകടത്തിയിലെ ബന്ധുവീട്ടിലേക്ക് മാറ്റി.

error: Content is protected !!