പമ്പയിൽ സ്നാനം ചെയ്യാം, നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ്, 10 കൗണ്ടർ

: ശബരിമലയിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന ട്രാക്ടറുകളിൽ തീർഥാടകരെ കയറ്റരുതെന്ന മുൻഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. വിശദീകരണത്തിന് ദേവസ്വം ബോർഡ് സമയം തേടിയതിനെത്തുടർന്ന് കേസ് 16-ന് വീണ്ടും പരിഗണിക്കും. 

പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് പമ്പാ സ്നാനം അനുവദിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ത്രിവേണി പാലത്തിന് സമീപത്ത് ബലിയിടാനുള്ള സൗകര്യവും തീർഥാടകർക്ക് ഉണ്ടാകും. വെർച്വൽ ക്യൂവിൽ സ്പോട്ട് ബുക്കിങ് നടത്തുന്നതിനായി അഞ്ച് പ്രത്യേക കൗണ്ടറുകൾ നിലയ്ക്കലിൽ ഉണ്ടാകും. നേരത്തെ ബുക്ക് ചെയ്ത് കൃത്യസമയത്ത് എത്താത്തവരുടെ എണ്ണം കണക്കാക്കിയാണ് സ്പോട്ട് ബുക്കിങ് നടത്തുക. സ്പോട്ട് ബുക്കിങ്ങിന് ആവശ്യമുള്ളവർ അൽപ്പനേരം നിലയ്ക്കലിൽ കാത്തുനിൽക്കേണ്ടിവരും. വെർച്വൽ ക്യൂ രേഖകൾ പരിശോധിക്കുന്നതിനായി പോലീസിന്റെ നേതൃത്വത്തിലുള്ള 10 കൗണ്ടറുകളും ഇവിടുണ്ടാകും.

കോവിഡ് പരിശോധന

നിലയ്ക്കലിൽ ആർ.ടി.ലാപ്, ആർ.ടി.പി.സി.ആർ. പരിശോധനക്കുള്ള സൗകര്യം ഉണ്ടാകും. 300 രൂപ ഇൗടാക്കും. കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, റെയിൽവേ സ്റ്റേഷനുകളിലും പ്രധാന ഇടത്താവളങ്ങളിലും ആർ.ടി.പി.സി.ആർ. പരിശോധനക്കുള്ള കിയോസ്കുകൾ ആരോഗ്യവകുപ്പ് ഒരുക്കും. മൂന്നുമണിക്കൂറിനുള്ളിൽ ഫലം അറിയാനാകും.

ചെയിൻ സർവീസിന് 100 ബസ്‌

സൂപ്പർ ഡീലക്‌സ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഉൾെപ്പടെ സംസ്ഥാനത്തുടനീളം വിവിധ ജില്ലകളിൽനിന്ന് 340 ബസുകളാണ് പമ്പയിലേക്ക് ക്രമീകരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം കൂടുന്നതനുസരിച്ച് അധികം സർവീസുകൾ ക്രമീകരിക്കും. നിലയ്ക്കൽ -പമ്പ ചെയിൻ സർവീസിനായി മാത്രം 100 ബസുകളാണുള്ളത്. ഇതിൽ 20 ബസ് എ.സി. ലോഫ്ലോറാണ്.

കുടിവെള്ളം

പമ്പയിൽനിന്ന്‌ സ്റ്റീൽകുപ്പി നൽകും. 100 രൂപ ഇതിനായി വാങ്ങും. തിരിച്ച് പമ്പയിലെത്തി തിരിച്ചേൽപ്പിക്കുമ്പോൾ പണം തിരികെ നൽകും. എല്ലാ സ്റ്റീൽകുപ്പികളും അണുവിമുക്തമാക്കിയാണ് നൽകുക. അതോടൊപ്പം നിലയ്കൽ നടപ്പന്തൽ, പമ്പ, മരക്കൂട്ടം, വലിയ നടപ്പന്തൽ എന്നിവിടങ്ങളിൽ ചുക്കുവെള്ളം ഉണ്ടാകും.

വിരിവെക്കാൻ അനുവാദമില്ല

നിയന്ത്രണങ്ങളുടെ ഭാഗമായി സന്നിധാനത്തും പമ്പയിലും തങ്ങുന്നതിനുള്ള അനുമതിയില്ല. മലകയറുന്ന ഭക്തർ ദർശനം നടത്തി വൈകീട്ടോടെ തന്നെ മലയിറങ്ങണം. ഗസ്റ്റ് ഹൗസുകളിലും മറ്റും മുറി ബുക്കിങ്ങും ഉണ്ടാകില്ല.

യാത്ര സ്വാമി അയ്യപ്പൻ റോഡുവഴി മാത്രം 

മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡുവഴി മാത്രമാണ്. പരമ്പരാതഗ പാതയായ നീലിമലപ്പാത വഴിയും കാനനനപാത വഴിയും യാത്രാനുമതി ഇല്ല. കോവിഡ് വന്ന് ഭേദമായവർക്ക് കഠിനമായ മലകയറ്റം ബുദ്ധിമുട്ടുണ്ടാക്കാൻ ഇടയുള്ളതും മാസ്ക് ധരിച്ചുകൊണ്ട് മല ചവിട്ടുമ്പോൾ ശ്വാസതടസ്സം ഉണ്ടാകാമെന്നതും കണക്കിലെടുത്താണ് ഈ നിയന്ത്രണം.

പാർക്കിങ് നിലയ്ക്കലിൽ 

നിലയ്ക്കൽ ബേസ് ക്യാമ്പിലാണ് എല്ലാ വാഹനങ്ങൾക്കും പാർക്കിങ് ക്രമീകരിച്ചിരിക്കുന്നത്. ചെറിയ വാഹനങ്ങൾക്ക് മാത്രം പമ്പയിലേക്ക് അനുമതിയുണ്ടെങ്കിലും തീർഥാടകരെ അവിടെ ഇറക്കി, തിരികെ നിലയ്ക്കലിലെത്തി പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾക്ക് പമ്പയിലേക്ക് പോകാൻ അനുമതിയില്ല. ഇൗ വാഹനങ്ങളിലെത്തുന്നവർ കെ.എസ്.ആർ.ടി.സി.യുടെ നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് ഉപയോഗിക്കണം.

അന്നദാനം

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ദേവസ്വം ബോർഡിന്റെ അന്നദാനം ഉണ്ടാകും. അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം പമ്പയിലും സന്നിധാനത്തുമാണ് ക്രമീകരിച്ചിട്ടുള്ളത്.

വഴിപാടുകൾ

നെയ്യഭിഷേകം പരമ്പരാഗത രീതിയിൽ നടക്കില്ല. തീർഥാടകർ കൊണ്ടുവരുന്ന നെയ്യ് ശ്രീകോവിലിന് പുറകുവശത്തെ പ്രത്യേക കൗണ്ടറിൽ ഏറ്റുവാങ്ങി, ശ്രീകോവിലിൽ അഭിഷേകംചെയ്ത് ശേഷം മാളികപ്പുറത്തെ പ്രത്യേക കൗണ്ടറിലൂടെ പ്രസാദമായി നൽകും. അപ്പം, അരവണ സന്നിധാനത്തെ കൗണ്ടറിൽനിന്നും വാങ്ങാം. ഉദയാസ്തമനപൂജ, പടിപൂജ എന്നിവയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.

ആശുപത്രി സൗകര്യം

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് സ്പെഷലിസ്റ്റുകളടക്കമുള്ള ഡോക്ടർമാരുടെ സേവനം ഉണ്ടാകും. സ്വാമി അയ്യപ്പൻ പാതയിൽ അഞ്ചിടത്തായി എമർജൻസി മെഡിക്കൽ യൂണിറ്റും ക്രമീകരിച്ചിട്ടുണ്ട്. മല നടന്നുകയറാൻ ബുദ്ധിമുട്ടുള്ളവർക്കായി ഡോളി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!