എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ റബ്ബർവില @ 183 ; വരുംമാസങ്ങളിൽ വില 200 കടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും കർഷകരും
.
റബ്ബർ കർഷകർക്ക് സന്തോഷം പകർന്ന് റബ്ബർവിലയിൽ കുതിപ്പ് തുടരുന്നു . ആർ .എസ്.എസ്.-4 കിലോയ്ക്ക് 183 രൂപയിലെത്തി. 2013-നുശേഷം ഇതാദ്യമായാണ് റബ്ബർവില ഇത്രയും എത്തുന്നത്. ഉപഭോഗത്തിനനുസരിച്ച് റബ്ബർലഭ്യതയില്ലാത്തതിനാൽ ഇപ്പോഴത്തെ സ്ഥിതിയിൽ റബ്ബർവില വരുംമാസങ്ങളിൽ 200 കടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും കർഷകരും.
ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനം റബ്ബർവില 180 രൂപയിലെത്തിയിരുന്നു. പിന്നീട് 167 രൂപവരെ താഴ്ന്നു. ആഭ്യന്തരവിപണിയിൽ റബ്ബറിന്റെ ലഭ്യത കുറഞ്ഞതാണ് ഇപ്പോൾ വില ഉയരാൻ കാരണം.
ഒക്ടോബറിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ടാപ്പിങ് ഗണ്യമായി കുറഞ്ഞിരുന്നു. ഉത്‌പാദനം കുറഞ്ഞതോടെ വിപണിയിലേക്ക് റബ്ബർ വരവ് കുറഞ്ഞു. വ്യാപാരികളുടെ ശേഖരം കുറഞ്ഞതും വിലയിൽ പ്രതിഫലിച്ചു. ടയർ കമ്പനികളുടെ ഇറക്കുമതിയിലെ കുറവും ആഭ്യന്തരവിപണിക്ക് നേട്ടമായി. സീസൺ അവസാനിക്കാൻ ഇനി മൂന്നുമാസത്തോളമേ ബാക്കിയുള്ളൂ.