സേവാഭാരതി സേവാസംഗമം
മുണ്ടക്കയം: മനുഷ്യമനസ്സുകളിൽ മാനവികതയുടെ സേവന തത്‌പരത സൃഷ്ടിക്കലാണ് സേവാ ഭാരതിയുടെ ലക്ഷ്യവും ആഗ്രഹവുമെന്ന് ആർ.എസ്.എസ്. സംസ്ഥാന സമ്പർക്ക പ്രമുഖ് കെ.ബി.ശ്രീകുമാർ. സേവാഭാരതി സേവാസംഗമത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പ്രദേശങ്ങളിൽ പ്രളയം നാശം വിതച്ചനാൾ മുതൽ സേവാഭാരതി ദുരന്തഭൂമിയിൽ കർമനിരതരായിരുന്നു.
പ്രളയകാലത്ത് ജീവൻരക്ഷാ പ്രവർത്തനം നടത്തിയ അനീഷ് വെംബ്ളി, കെ.എസ്.ആർ.ടി.സി. ജീവനക്കാരായ ജെയ്സൺ ജോസഫ്, കെ.ടി.തോമസ്, പ്രദേശവാസിയായ സാലി തോമസ്, അഗ്നിരക്ഷാ സേനാംഗങ്ങൾ, കെ.എസ്.ഇ.ബി.ജീവനക്കാർ, കണ്ണൻ ഫാരഡൈസ്, വൈ.എം.സി.എ.ക്കും ഹോളി ട്രിനിറ്റി സി.എസ്.ഐ. ചർച്ചിനുംവേണ്ടി ബോബിനാ മാത്യു, എസ്.എൻ.ഡി.പി. മുണ്ടക്കയം ശാഖായോഗം പ്രസിഡന്റ് വി.വി.വാസപ്പൻ, ഡോ. ഷെറി എം. ജോസഫ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
എസ്.എൻ.ഡി.പി. മുണ്ടക്കയം ശാഖാ പ്രസിഡന്റ് വി.വി.വാസപ്പൻ അധ്യക്ഷത വഹിച്ച സേവാസംഗമം സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഇ.പി.കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു. ആർ.എസ്.എസ്. കോട്ടയം വിഭാഗ് സംഘചാലക് പി.പി.ഗോപി, ജില്ലാ കാര്യവാഹ് വി.ആർ.രതീഷ്, ജില്ലാ സേവാ പ്രമുഖ് കെ.ജി.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.