ജീവനക്കാരില്ല; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധനയും കോവിഡ് ചികിത്സാ വാർഡിന്റെ പ്രവർത്തനവും നിലച്ചു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേഖലയിലെ നിരവധിപേർക്ക് ആശ്വാസമായിരുന്നു കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കോവിഡ് പരിശോധനയും, കിടത്തി ചികിത്സയും നിലച്ചത് ഏറെപ്പേരെ ദുരിതത്തിലാക്കി. കിഴക്കൻ മലയോര പ്രദേശങ്ങളിലെയും പ്രത്യേകിച്ച് കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, ഇളംകാട്,കൂട്ടിക്കൽ, ഏന്തയാർ, കോരൂത്തോട്, പുഞ്ചവയൽ ,എരുമേലി, പൊൻകുന്നം, മണിമല, വാഴൂർ, എലിക്കുളം മേഖലകളിലുള്ളവരും ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നുമുള്ളവർ ചികിത്സ തേടി എത്തുന്നതു ജനറൽ ആശുപത്രിയിലാണ്.
ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാലാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ആന്റിജൻ, ആർടിപിസിആർ കോവിഡ് പരിശോധനയും കോവിഡ് ചികിത്സാ വാർഡിന്റെ പ്രവർത്തനവും നിലച്ചത് . ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നുള്ള മൊബൈൽ ടീമായിരുന്നു ആശുപത്രിയിൽ ആർടിപിസിആർ പരിശോധന നടത്തിവന്നത്. ജില്ലാ മെഡിക്കൽ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരം കഴിഞ്ഞ ദിവസം മുതൽ മൊബൈൽ ടീം പരിശോധന നിർത്തി. എന്നാൽ പകരം പരിശോധന നടത്താൻ ജനറൽ ആശുപത്രിയിൽ ആവശ്യത്തിനു ജീവനക്കാരുമില്ല.
ആർടിപിസിആർ പരിശോധന നടത്താൻ കുറഞ്ഞത് 3 ജീവനക്കാർ ആവശ്യമാണ്. നിലവിൽ ആശുപത്രിയിൽ കിടത്തിച്ചികിത്സ ആവശ്യമായി വരുന്നവർക്കും അവരുടെ കൂട്ടിരിപ്പുകാർക്കും മാത്രമാണ് ആന്റിജൻ പരിശോധന നടത്തുന്നത്. ജീവനക്കാരുടെ കുറവുമൂലം കോവിഡ് ഐസലേഷൻ വാർഡും പ്രവർത്തനരഹിതമായി. ഇതോടെ ജനറൽ ആശുപത്രിയെ ആശ്രയിച്ചിരുന്ന ആളുകൾ ദുരിതത്തിലായി. പരിശോധന ആവശ്യമായി വരുന്നവർ പണം നൽകി സ്വകാര്യ ആശുപത്രികളെയും ലാബുകളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്.
സംസ്ഥാനത്തിന് അകത്തും പുറത്തും വിദ്യാഭ്യാസത്തിനും മറ്റു ആവശ്യങ്ങൾക്കുമായി പോകുന്നവരിൽ സാധാരണക്കാരായ ആളുകൾ ആർടിപിസിആർ പരിശോധനയ്ക്കു എത്തുന്നതു ജനറൽ ആശുപത്രിയിലായിരുന്നു. ശബരിമല സീസൺ ആരംഭിച്ചതോടെ തീർഥാടകർക്കും ആർടിപിസിആർ പരിശോധനാ ഫലം ആവശ്യമാണ്. ഇവിടെ പരിശോധന നിർത്തിയതോടെ 500 രൂപ മുടക്കി സ്വകാര്യ ലാബുകളെയോ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഒരു കുടുംബത്തിൽ ഒന്നിലധികം ആളുകൾക്കു പരിശോധന ആവശ്യമായി വരുമ്പോൾ നിർധനർക്കും സാധാരണക്കാർക്കും തുക താങ്ങാൻ കഴിയാതെ വരും.
ആവശ്യത്തിനു ജീവനക്കാരില്ലാത്ത ആശുപത്രിയിൽ കോവിഡ് കാലത്ത് ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെ കോവിഡ് പ്രതിരോധത്തിനായി നാഷനൽ ഹെൽത്ത് മിഷൻ വഴി കോവിഡ് ബ്രിഗേഡ് എന്ന പേരിൽ സർക്കാർ നിയമിച്ച 52 താൽക്കാലിക ജീവനക്കാരെ ഒരു മാസം മുൻപു പിരിച്ചുവിട്ടതോടെയാണു ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായത്.
കിഴക്കൻ മലയോര പ്രദേശങ്ങളിലെയും പ്രത്യേകിച്ച് കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, ഇളംകാട്,കൂട്ടിക്കൽ, ഏന്തയാർ, കോരൂത്തോട്, പുഞ്ചവയൽ ,എരുമേലി, പൊൻകുന്നം, മണിമല, വാഴൂർ, എലിക്കുളം മേഖലകളിലുള്ളവരും ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നുമുള്ളവർ ചികിത്സ തേടി എത്തുന്നതു ജനറൽ ആശുപത്രിയിലാണ്. ആശുപത്രിയിൽ ആർടിപിസിആർ പരിശോധന പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ശക്തമായി.