നടുവൊടിക്കാൻ ഒന്നാന്തരം ‘വഴി’ ഇതാ…; കപ്പാട് – തമ്പലക്കാട് – പൊൻകുന്നം റോഡിലെ യാത്ര കഷ്ടപ്പാട്

കാഞ്ഞിരപ്പള്ളി ∙ കപ്പാട് – തമ്പലക്കാട് – പൊൻകുന്നം പൊതുമരാമത്ത് റോഡ് തകർന്ന് യാത്ര ദുരിതമായി. മഴക്കാലത്ത് രൂപപ്പെട്ട കുഴികൾ വലുതായി വെള്ളം കെട്ടിക്കിടക്കുകയാണ്. തമ്പലക്കാട് ഷാപ്പുകവല മുതൽ ഐഎംഎസ് ജംക്‌ഷൻ വരെയുള്ള ഭാഗമാണ് ഏറ്റവും ശോചനീയമായിട്ടുള്ളത്. ഈ ഭാഗത്ത് ടാറിങ്ങിന്റെ രണ്ടു വശവും ഇടിഞ്ഞ് വീതി കുറഞ്ഞതും വാഹനഗതാഗതം ദുരിതമാക്കുന്നു. കട്ടിങ്ങിൽ ചാടി ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. 

റോഡിന്റെ കട്ടിങ്ങിൽ നിന്നു ചാടുന്ന വാഹനങ്ങളുടെ അടിവശം ഇടിച്ച് മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയാത്ത അവസ്ഥയിലാകുന്നതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ ചേർന്നു തള്ളിയാണ് വാഹനങ്ങൾ കയറ്റിവിടുന്നത്. ‍പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്ത് ടാറിങ് നടത്തി ഏതാനും നാളുകൾക്കു ശേഷം ജലപദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ  കുഴിച്ചതോടെയാണ് റോഡ് തകരാൻ തുടങ്ങിയതെന്നു നാട്ടുകാർ ആരോപിക്കുന്നു. പിന്നീട് കുഴികളടച്ചതല്ലാതെ റീ ടാറിങ് നടത്തിയിട്ടില്ല. 

ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റോഡ് വഴി എത്തുന്ന വാഹനങ്ങൾക്ക് കാഞ്ഞിരപ്പള്ളി ടൗണിലെത്താതെ കപ്പാട് നിന്നു തിരിഞ്ഞു ൻകുന്നത്ത് എത്താനുള്ള ഏറ്റവും എളുപ്പ വഴിയാണ്. യാത്രാ ബസുകൾ ഉൾപ്പെടെ വലുതും ചെറുതുമായ ഒട്ടേറെ വാഹനങ്ങൾ നിത്യേന കടന്നു പോകുന്നുണ്ട്.റോഡിലെ ഐഎംഎസ് ജംക്‌ഷനിൽ നിന്നു വെളിയന്നൂരിലേക്കു പോകുന്ന റോഡും തകർന്ന് ശോചനീയാവസ്ഥയിലാണ്. റോഡിലെ ടാറിങ് പൂർണമായി തകർന്ന നിലയിലാണ്. മെറ്റൽ ഇളകിക്കിടക്കുന്ന റോഡിലൂടെ വാഹന ഗതാഗതം ദുഷ്കരമായി. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും ചെറിയ വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. ഇരു റോഡുകളും റീടാർ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി.

error: Content is protected !!