പൂഞ്ഞാർ എംഎൽഎ മുൻകൈയെടുത്തു ; എരുമേലിയിലെ ഓട്ടോ പാർക്കിങ് പ്രതിസന്ധിക്ക്‌ താത്കാലിക പരിഹാരം

എരുമേലി: പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുൻകൈയെടുത്തതോടെ കോടതി ഉത്തരവിനെത്തുടർന്ന് എരുമേലി ടൗണിൽ പാതയോരത്ത് പാർക്കിങ് പ്രതിസന്ധിയിലായ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പ്രശ്നത്തിന് താത്കാലിക പരിഹാരം ഉണ്ടായി.

ജങ്ഷന് സമീപം പാർക്കിങ് നിരോധിച്ച ഭാഗത്തിന് എതിർവശം കച്ചവടക്കാർക്ക് വഴിസൗകര്യം നൽകി നിയന്ത്രിത എണ്ണം ഓട്ടോറിക്ഷകൾ പാർക്കുചെയ്യാൻ ധാരണയായി. ഇതിനൊപ്പം ടൗൺ റോഡിൽനിന്ന്‌ നേർച്ചപ്പാറ റോഡിന്റെ വശത്തും പാർക്കുചെയ്യാം.

കോടതി ഉത്തരവിനെത്തുടർന്ന് ഓട്ടോപാർക്കിങ് നിരോധിച്ചതിനെത്തുടർന്ന് മൂന്ന് ദിവസമായി പാർക്കിങ്ങിനിടമില്ലാതെ ഓട്ടോറിക്ഷാ തൊഴിലാളികൾ പണിമുടക്കിയിരുന്നു.

ടൗണിലെ ഏതാനും വ്യാപാരികളാണ്, കച്ചവടസ്ഥാപനത്തിന് തടസ്സമാകുന്നതിനാൽ പാതയോരത്തെ ഓട്ടോറിക്ഷ പാർക്കിങ്ങിനെതിരേ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലിസ് നോപാർക്കിങ് ബോർഡുകൾെവച്ചു. അതോടെയാണ് ഓട്ടോക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, എരുമേലി എസ്.എച്ച്.ഒ. എം.മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വ്യാപാരികളും ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികളുമായി ചർച്ചനടത്തി താത്കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു.

പഞ്ചായത്ത് ഭരണസമിതി തൊഴിലാളികൾക്കൊപ്പമാണെന്നും ശാശ്വത പരിഹാരത്തിന് ടാക്സിസ്റ്റാൻഡിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

error: Content is protected !!