കളമെഴുത്തും പാട്ടും12 വിളക്കുവരെ
മണ്ഡലകാലത്തിന്റെ ഭാഗമായി എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ ക്ഷേത്രം സംബന്ധി കലാപീഠം സുനിൽ മാരാർ പഞ്ചവർണപ്പൊടികളാൽ അയ്യപ്പന്റെ കളം വരയ്ക്കുന്നു
എരുമേലി : മണ്ഡലകാലത്തിന്റെ ഭാഗമായി എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നിന് തുടങ്ങിയ കളമെഴുത്തും പാട്ടും 12 വിളക്കിന് (ശനിയാഴ്ച) സമാപിക്കും.
മകരവിളക്ക് കാലത്ത് ധനുമാസം 25, 26, 27 തീയതികളിൽ (ജനുവരി 9, 10, 11) കളമെഴുത്തും പാട്ടുമുണ്ട്.
ശ്രീകോവിലിന് സമീപമുള്ള മണ്ഡപത്തിൽ, പഞ്ചവർണപ്പൊടികൾ ഉപയോഗിച്ചാണ് ഓരോ ദിവസവും അയ്യപ്പന്റെ വിവിധ ഭാവങ്ങൾ വരയ്ക്കുന്നത്.
12 വിളക്ക് ദിവസം പുലിവാഹനനായ അയ്യപ്പനും പേട്ടതുള്ളൽ ദിവസമായ ജനുവരി 11-ന് കുതിരപ്പുറത്തിരിക്കുന്ന രൂപവുമാണ് കളത്തിൽ വരയ്ക്കുന്നതെന്ന് കളമെഴുതുന്ന ക്ഷേത്രം സംബന്ധി കലാപീഠം സുനിൽ മാരാർ പറഞ്ഞു.
ഉമിക്കരി, വാകപ്പൊടി, അരിപ്പൊടി, മഞ്ഞൾപ്പൊടി, മഞ്ഞളും ചുണ്ണാമ്പും മിശ്രിതമാക്കിയുണ്ടാക്കുന്ന ചുവന്നപൊടിയുമാണ് കളമെഴുതാൻ ഉപയോഗിക്കുന്നത്.
ഉച്ചസമയത്തോടെ കളമെഴുതും. രാത്രി അത്താഴപൂജയ്ക്ക് ശേഷമാണ് ബാക്കി ചടങ്ങുകൾ. ഭഗവാനെ കളത്തിലേക്ക് എഴുന്നള്ളിച്ച് മേൽശാന്തിയുടെ നേതൃത്വത്തിൽ പൂജകൾ ഉണ്ട്. തുടർന്ന് അയ്യപ്പസ്തുതികളുമായി കളം പാട്ട്. ശേഷം കളം മായ്ക്കുമ്പോൾ പഞ്ചവർണപ്പൊടി പ്രസാദമായി വാങ്ങാം.