പോത്ത് വിരണ്ടാൽ പിന്നെ നിൽക്കില്ല. ഒറ്റ ഓട്ടമാണ്. അപ്പോൾ എന്തു ചെയ്യും!; ചില രാഷ്ട്രീയക്കാർ ചെയ്യുന്ന അതേ പണി…
ഹോ! മൂക്കിന്റെ പാലത്തിനു താഴെക്കൂടി കയറിട്ട് ഒറ്റവലിയാണ്. കാളയ്ക്കും പോത്തിനും മൂക്കുകയറിടാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട്. പക്ഷേ, ജോയിക്ക് മൂക്കു കയറിടാൻ ആരും ധൈര്യപ്പെടില്ല. അത്യപൂർവവും ‘ചടങ്ങു പിടിച്ചതുമായ’ മൂക്കുകയർ പണി നടത്തുന്ന ജോയിയെ പരിചയപ്പെടാം.എരുമേലി കനകപ്പലത്തുനിന്നു ചാത്തൻതറയിലേക്കു കുടിയേറിയ വല്യാന്റുപറമ്പിൽ ജോയിക്ക് ജോലി മൃഗങ്ങൾക്കു മൂക്കുകയറിടലാണ്. മുക്രയിട്ട്, ഉടമയ്ക്കു നേരെ പോലും പാഞ്ഞെത്തുന്ന പോത്തിനെയും കാളയെയുമൊക്കെ പിടിച്ചുനിർത്താൻ മൂക്കുകയർ വേണം. കുതിരയ്ക്കു ജീനി മതിയാവും. പക്ഷേ, മറ്റു മൃഗങ്ങൾക്ക് അതു പോരാ. മൂക്കു കയർ എന്ന ബ്രേക്കിലൂടെ വൻപോത്തുകളൊക്കെ മുയലുകളെപ്പോലെ ഉടമയുടെ മുൻപിൽ അരുമയായി നിൽക്കും!
70 വയസ്സുള്ള ജോയിച്ചേട്ടൻ പറയുന്നു..: ‘ഈ പണി തുടങ്ങിയത് 1972ലാണ്. രണ്ടായിരത്തിലധികം മൃഗങ്ങൾക്കു മൂക്കു കയറിട്ടു. ചാച്ചനാണ് പഠിപ്പിച്ചത്. നിന്നനിൽപിൽ നാൽക്കാലിക്കു മൂക്കുകയറിടാൻ പറ്റില്ല. പ്രത്യേകിച്ചു പോത്തിന്. പോത്ത് വിരണ്ടാൽപിന്നെ കയ്യിൽ നിൽക്കില്ല. ഒറ്റ ഓട്ടമാണ്. അപ്പോൾ എന്തു ചെയ്യും! ചില രാഷ്ട്രീയക്കാർ ചെയ്യുന്ന അതേ പണി ചെയ്യും’. അതെന്താണെന്നു ചോദിച്ചാൽ ജോയി പറയും–കാലുവാരൽ!! ഉരുവിന്റെ കാൽ വലിച്ചു താഴെ വീഴ്ത്തും. ഉരു കിടന്നാൽ പണി എളുപ്പമായി.
മൂക്കിന്റെ പാലത്തിനു താഴെ പനയുടെയോ കമുകിന്റെയോ കാതൽ ചെത്തിമിനുക്കിയെടുത്ത സൂചികൊണ്ട് ഒറ്റ കുത്താണ്. കുത്തിക്കഴിഞ്ഞേ ഉരു വിവരമറിയൂ. അൽപം ചോര പൊടിയും. ഇരുമ്പ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ചു മൂക്കു കയർ തുളയിട്ടാൽ ഇൻഫെക്‌ഷൻ (ജോയിയുടെ ഭാഷയിൽ പുഴുക്കുത്ത്) ഉണ്ടാവും. ഉരുവിനു മൂക്കുകയറിടും മുൻപ് അതിന്റെ നെറ്റിയിൽ ജോയി ഒന്നു തലോടും. അപ്പോത്തന്നെ, ‘ചേട്ടാ എന്നെ നിയന്ത്രിക്കാനുള്ള പരിപാടിയാണല്ലേ’ എന്നൊരു മന്ദഹാസം കലർന്ന വെറുപ്പിക്കൽ നോട്ടമുണ്ടാവുമെന്നും ജോയിയുടെ കണ്ടെത്തൽ.