അടിവസ്ത്രം മാത്രം ധരിച്ച് വടിവാൾ, കോടാലി എന്നിവയുമായി മോഷണസംഘം; കോട്ടയത്ത് എത്തിയത് കുറുവ സംഘം?
അതിരമ്പുഴ പഞ്ചായത്തിലെ 6 വീടുകളിൽ മോഷണ ശ്രമം. ആയുധധാരികളായ മൂന്നംഗ സംഘമാണ് ഇതിനു പിന്നിലെന്നു കണ്ടെത്തി. ഇവർ കുറുവ സംഘമാണെന്നു സംശയിക്കുന്നതായും പരിശോധന നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു.അഞ്ചാം വാർഡ് മനയ്ക്കപ്പാടം നീർമലക്കുന്നേൽ മുജീബ്, കളപ്പുരത്തട്ടേൽ ജോർജ്, ആറാം വാർഡ് തൃക്കേൽ ക്ഷേത്രത്തിന്റെ സമീപം നലീഫ മൻസിൽ യാസിർ, പൈമറ്റത്തിൽ ഇക്ബാൽ, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാർ, ഏഴാം വാർഡിലെ യാസ്മിൻ എന്നിവരുടെ വീടുകളിൽ ഇന്നലെ പുലർച്ചെ ഒന്നിനും 3.30നും ഇടയിലാണു മോഷണശ്രമം. യാസിറിന്റെ ഭാര്യയുടെ മെറ്റൽ പാദസരം സ്വർണത്തിന്റേതെന്നു കരുതി അപഹരിച്ചു.
യാസ്മിന്റെ വീടിന്റെ വാതിൽ മോഷ്ടാക്കൾ കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. ശബ്ദം വച്ചതോടെ സംഘം കടന്നു. വാർഡ് അംഗം ബേബിനാസ് അജാസിനെ ഫോണിലൂടെ വിവരമറിയിച്ചു. ഏറ്റുമാനൂർ പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
വടിവാൾ, കോടാലി ഉൾപ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടത്. മോഷണ ശ്രമത്തിനു ശേഷം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കാണ് ഇവർ പോയത്.