കുതിച്ചുയർന്ന് കുത്തരിവില; വില ഉയരാതെ ജയ, സുലേഖ, പൊന്നി

 അടുക്കളയിൽ ആശങ്ക ഉയർത്തി കുത്തരിവില കുതിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കുത്തരി കിലോയ്ക്ക് 6 രൂപ വരെ വില കൂടി.  കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കുടുംബങ്ങളാണു കുത്തരി കൂടുതലായി ഉപയോഗിക്കുന്നത്. അതിനാൽ വിലക്കയറ്റം കാര്യമായി ബാധിച്ചിരിക്കുന്നത് ഈ ജില്ലകളിലെ ജനങ്ങളെയാണ്. കുത്തരി മൊത്തവില കിലോയ്ക്ക് 34 രൂപ ആയിരുന്ന കർണാടക വിപണിയിൽ 40 രൂപ വരെയായി വില ഉയർന്നു. കർണാടകയിൽനിന്നുള്ള നെല്ല് എത്തിച്ച് അരിയാക്കുന്ന കാലടിയിലെ വിപണിയിൽ കുത്തരി മൊത്തവില 40 രൂപ വരെയായി. 4 വർഷത്തിനിടെ ആദ്യമായിട്ടാണു കുത്തരിക്ക് ഇത്രയധികം വില ഉയരുന്നതെന്നു കച്ചവടക്കാർ പറയുന്നു.

കൊയ്ത്ത് പുരോഗമിക്കുന്നു; വില കുറയുമെന്ന് പ്രതീക്ഷ

കർണാടകയിൽ കൊയ്ത്തുകാലമാണ്. ഇതിനു മുന്നോടിയായി ഗോഡൗണുകൾ കാലിയാക്കിയതു പ്രതിസന്ധിക്കു കാരണമായി.  കൊയ്ത്ത് ആരംഭിച്ചപ്പോൾ കനത്ത മഴ മൂലം നെല്ല് വെള്ളത്തിലായി. കൊയ്ത്തു നടത്താൻ കഴിയാതെയായി. തുടർന്നു സംഭരണകേന്ദ്രങ്ങൾ കാലിയായതോടെയാണു കുത്തരിവില ഉയർന്നത്. ഏതാനും ദിവസമായി മഴ കുറഞ്ഞതോടെ കൊയ്ത്ത് പുരോഗമിക്കുന്നുണ്ട്. ഇതോടെ അരിവില കുറയുമെന്നാണു കച്ചവടക്കാരുടെ പ്രതീക്ഷ.

ജില്ലയിലെ അരിവരവ്

ജില്ലയിലെ പ്രധാന വിപണികളിൽ ആഴ്ചയിൽ ശരാശരി 75 മുതൽ 80 വരെ ലോഡ് കുത്തരിയാണ് എത്തുന്നത്. പ്രധാന വിപണികളിൽ എത്തുന്ന ലോഡുകൾ ഇപ്രകാരം:

കോട്ടയം: 35
ചങ്ങനാശേരി: 15
ഏറ്റുമാനൂർ: 5
വൈക്കം: 5
കാഞ്ഞിരപ്പള്ളി: 5
പാലാ: 10

നവജീവനിൽ ദിവസം അധികച്ചെലവ്  5000 രൂപ വരെ

െഡിക്കൽ കോളജ് ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അടക്കം പ്രതിദിനം 5000 പേർക്കു ഭക്ഷണം നൽകുന്ന ആർപ്പൂക്കര നവജീവനിൽ ഒരു ദിവസം ആവശ്യമായി വരുന്നത് 800 മുതൽ 1000 വരെ കിലോ അരിയാണ്. കുത്തരിവില ഉയർന്നതോടെ പ്രതിദിനം 5000 രൂപ വരെ അരിക്ക് അധികം ചെലവു വരുന്നുണ്ടെന്ന് നവജീവൻ മാനേജിങ് ട്രസ്റ്റി പി.യു.തോമസ് പറഞ്ഞു.

കോട്ടയം മാർക്കറ്റിലെ കുത്തരി വിലക്കയറ്റം ഇങ്ങനെ (രൂപയിൽ)

2 ആഴ്ച മുൻപ് മൊത്തവില കിലോ: 25–34, ചില്ലറവില: 34–38. ഇപ്പോൾ മൊത്തവില കിലോ: 30–40, ചില്ലറവില: 34–44,  10 കിലോ പാക്കറ്റ്: 470 (പഴയ വില 350 )

വില ഉയരാതെ ജയ, സുലേഖ, പൊന്നി

ആന്ധ്രയിൽ നിന്നെത്തുന്ന ജയ, സുരേഖ അരിക്കും തമിഴ്നാട്ടിൽ നിന്നെത്തുന്ന പൊന്നി അരിക്കും വില കൂടിയിട്ടില്ല. ഈ അരിക്ക് ഇപ്പോഴും മൊത്തവില കിലോ 30–35 രൂപയാണ്. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇപ്പോൾ കൊയ്ത്തുകാലമല്ല. നെല്ല് ആവശ്യത്തിനു വിപണിയിലുണ്ട് എന്നതാണ് ഈ അരിയുടെ വില കൂടാതിരിക്കാൻ കാരണമെന്നു കച്ചവടക്കാർ പറയുന്നു.‌ കുത്തരി നിർബന്ധമുള്ള പലരും വില ഉയർന്നതോടെ വെള്ളയരി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ ഒഴികെ മറ്റു ജില്ലകളിൽ ജയ, സുരേഖ, പൊന്നി അരിയാണു കൂടുതലും ഉപയോഗിക്കുന്നത്.

അരിവില അടുക്കള ബജറ്റിന്റെ താളം തെറ്റിക്കുന്നു. സർക്കാർ ഇടപെട്ട് അരിവില പിടിച്ചുനിർത്താൻ നടപടി സ്വീകരിക്കണം. –പി.കെ.സരസമ്മ, വടക്കേപ്പറമ്പിൽ, മൂലവട്ടം

error: Content is protected !!