മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ അഗ്നി പ്രവേശനത്തിലൂടെ തീച്ചാമുണ്ഡി കാഴ്ചയുടെ വിസ്മയങ്ങൾ തീർത്തു നിറഞ്ഞാടി

 December 31, 2019 

മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ അഗ്നി പ്രവേശനത്തിലൂടെ തീച്ചാമുണ്ഡി കാഴ്ചയുടെ വിസ്മയങ്ങൾ തീർത്തു നിറഞ്ഞാടി

പൊൻകുന്നം : ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ പൂരപ്പറമ്പിൽ അഗ്നി പ്രവേശനത്തിലൂടെ തീച്ചാമുണ്ഡിയും, രക്തേശ്വരിയും കാഴ്ചയുടെ വിസ്മയങ്ങൾ തീർത്തു നിറഞ്ഞാടി. കോഴിക്കോട് ശ്രീനിവാസനും സംഘവുമാണ് ഭക്തിക്കൊപ്പം വിസ്മയങ്ങൾ തീർത്തു തെയ്യം അവതരിപ്പിച്ചത് . തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശം ഭക്തിയുടെ പാരമ്യത്തിലെ ദൃശ്യമായി മാറി. 

കോലത്തുനാടിന്റെ പൈതൃകം പേറി ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാണ് തീച്ചാമുണ്ടിയും രക്തേശ്വരിയും ഉൾപ്പെടെയുള്ള തെയ്യക്കോലങ്ങൾ മണക്കാട്ട് ശ്രീഭദ്രാ ക്ഷേത്രമുറ്റത്തെ പൂരപ്പറമ്പിൽ നിറഞ്ഞാടിയത്. തീക്കനലിലൂടെ ചാമുണ്ടി തെയ്യം ചുവടുകൾ വച്ചപ്പോൾ അദ്ഭുതമാണ് വിശ്വാസികളിൽ നിറഞ്ഞത്. ഹിരണ്യവധം കഴിഞ്ഞിട്ടും നരസിംഹമൂർത്തിയുടെ കോപം ശമിക്കാത്തതിനാൽ മഹാദേവൻ തന്റെ തൃക്കണ്ണു തുറന്ന് അഗ്‌നിയുണ്ടാക്കിയെന്നും അതിൽ ചാടി നരസിംഹം തന്റെ ദേഷ്യം ശമിപ്പിച്ചുവെന്നും ഹിരണ്യകശിപുവിനെ കൊന്നു പ്രഹ്ലാദനെ രക്ഷിച്ച നരസിംഹ മൂർത്തിയെയാണ് തീച്ചാമുണ്ടിയായി കെട്ടിയാടുന്നത് എന്നതുമാണ് ഐതിഹ്യം.

നാനാഭഗങ്ങളില്‍ നിന്നും നൂറുകണക്കിന് ഭക്തജനങ്ങള്‍ എത്തിയിരുന്നു. ശ്രീനിവാസനും സംഘവും തെയ്യ വേഷങ്ങൾ അണിഞ്ഞു അമ്പലമുറ്റത്ത് അഗ്‌നി പൂജ നടത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് തോറ്റം പാട്ടുപാടി തെയ്യത്തെ ഉണര്‍ത്തി. ഇതോടെയാണ് തെയ്യം കൊട്ടിയാടുന്ന കോലത്തിലേയ്ക്ക് ദേവീചൈതന്യം ആവാഹിക്കപ്പെടുന്നത്. നാടിന്റെ അഭിവ!ത്തിക്കും സമൃദ്ധിക്കും ദേവിപ്രീതിക്കുമായി നാല്‍പ്പത്തിയൊന്നുദിവസത്തെ വൃതാനുഷ്ഠാനങ്ങളോടെയാണ് മണക്കാട്ട് തെയ്യം വഴിപാട് നടത്തുന്നതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. രാത്രി പത്തരയോടെ സമാപന വേളയില്‍ ഭക്തജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും പരിഹാര മാര്‍ഗം നിര്‍ദ്ദേശിച്ചതോടെയാണ് ചടങ്ങുകള്‍ തീര്‍ന്നത്

error: Content is protected !!