ഇങ്ങനെയും ചിലർ… മണ്ടത്തരത്തിനു പരിധി കല്പിക്കാത്തവർ ..
November 9, 2019
സ്വന്തം ജീവൻ പണയം വച്ചാണ്, ചിലർ വരും വരായ്മകൾ ആലോചിക്കാതെ മണ്ടത്തരങ്ങൾ ചെയ്തുകൂട്ടുകുന്നത് . അത്തരമൊരു സംഭവമാണ് കാഞ്ഞിരപ്പള്ളി പട്ടിമറ്റം കവലയിൽ ശനിയാഴ്ച വെളുപ്പിന് രണ്ടരയ്ക്ക് നടന്നത് . വീഡിയോ കാണുക :
കാഞ്ഞിരപ്പള്ളി : സ്വന്തം ജീവൻ പണയം വച്ചാണ്, ചിലർ വരും വരായ്മകൾ ആലോചിക്കാതെ മണ്ടത്തരങ്ങൾ ചെയ്തുകൂട്ടുകുന്നത് . അത്തരമൊരു സംഭവമാണ് കാഞ്ഞിരപ്പള്ളി പട്ടിമറ്റം കവലയിൽ നടന്നത് .
നവംബർ 9 ശനിയാഴ്ച വെളുപ്പിന് രണ്ടരയ്ക്കാണ് സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ പട്ടിമറ്റത്ത് റോഡിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ പട്ടിമറ്റത്ത് നിന്നും വഴിത്തിരിഞ്ഞു മണ്ണാറക്കയം വഴിയാണ് പോകേണ്ടത്. രാത്രി രണ്ടരയോടെ കൂവപ്പള്ളിയിൽ നിന്നും റബ്ബർ പാൽ ക്രീം കയറ്റിയ ലോറി പട്ടിമറ്റത്തു, മെയിൻ റോഡിൽ, വഴി ബ്ലോക്ക് ചെയ്ത സ്ഥലത്തു നിന്നും കുത്തനെയുള്ള ഇറക്കത്തിലേക്കു വഴി വെട്ടിതിരിയുവാൻ ശ്രമിക്കുന്നതിനിടയിൽ വണ്ടി നിന്നുപോവുകയായിരുന്നു. ഫുൾ ലോഡ് കയറ്റിയ വലിയ ആ ലോറിയ്ക്കുള്ളിൽ തമിഴ്ന്നാട്ടുകാരനായ ഡ്രൈവർ ഒറ്റയ്ക്കായിരുന്നു . അത്ര വലിയ വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിർബന്ധമായും കുറഞ്ഞത് രണ്ടുപേർ വേണമെന്നാണ് നിയമം.
കുത്തിറക്കത്തിലെ വളവിൽ നിന്നുപോയ വണ്ടി പുറകേട്ടെടുത്തു തിരിക്കുവാനായി ഡ്രൈവറുടെ ശ്രമം. എന്നാൽ പിറകുവശത്തെ ടയറുകൾ ജാമായി വണ്ടി അനങ്ങുവാൻ സാധിക്കാത്ത സ്ഥിതിയിലായതോടെ പാതിരാത്രിയിൽ പരസഹായം ലഭിക്കാതെ ഒറ്റയ്ക്കായ ഡ്രൈവർ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു . . കുത്തിറക്കത്തിലെ വളവിൽ ഫുൾ ലോഡുമായി ജാമായി കിടക്കുന്ന ലോറി ശരിയാക്കി എടുക്കുവാൻ ഒരാൾക്ക് തനിയെ എന്ത് ചെയ്യുവാൻ സാധിക്കും ? എന്തായാലും ടയറുകൾ നിവർത്തുവാൻ വേണ്ടി ആ ഡ്രൈവർ, ആരും ഒരിക്കലും അങ്ങനെയുള്ള സന്ദർഭത്തിൽ ചെയ്യാതെ തരത്തിലുള്ള മണ്ടത്തരമാണ് അപ്പോൾ ചെയ്തത്.
ലോറി സ്റ്റാർട്ട് ചെയ്തു ന്യുട്ടറിൽ നിർത്തിയ ശേഷം, ഡ്രൈവർ ലോറിയുടെ പുറത്തിറങ്ങി ടയറുകൾക്കു തട വച്ച ശേഷം വണ്ടിയുടെ അടിയിൽ ജാക്കി വച്ച് വണ്ടി ഉയർത്തുവാൻ ശ്രമിച്ചു. ഗിയറുമായി ബന്ധമുള്ള, ജാമായി നിൽക്കുന്ന ടയർ പൊക്കി ഒന്ന് കറക്കി കൊടുക്കുവാനാണ് ഡ്രൈവർ ശ്രമിച്ചത്. ജാക്കിയിൽ ലോറി പൊങ്ങിയതോടെ ടയറുകൾ നേരെയാവുകയും, ഇറക്കത്തിൽ കിടന്നിരുന്ന ലോറി പെട്ടെന്ന് ജാക്കി തട്ടിത്തെറുപ്പിച്ചുകൊണ്ടു മുൻപോട്ടു ഉരുണ്ടു നീങ്ങുകയും ചെയ്തു. വളരെ പെട്ടെന്ന് ഡ്രൈവർ വണ്ടിയുടെ അടിയിൽ നിന്നും ഉരുണ്ടുമാറിയെങ്കിലും, ലോറിയുടെ അടിയിൽ തലയിടിച്ചു സാരമായ പരിക്ക് പറ്റുകയും ചെയ്തു.
താഴേക്കുരുണ്ട ലോറി, അടുത്തുണ്ടായിരുന്ന ഫർണിച്ചർ കടയുടെ മുൻഭാഗം തകർത്തുകൊണ്ട് കടയിലേക്ക് ഇടിച്ചുകയറി. ശബ്ദം കേട്ട് സമീപവാസികൾ ഓടികൂടിയപ്പോൾ, ” തല്ലല്ലേ ചേട്ടാ ” എന്നപേക്ഷിച്ചോണ്ടു കൈകൾ കൂപ്പി രക്തത്തിൽ കുളിച്ചു പേടിച്ചു വിറച്ചു നിൽക്കുന്ന ഡ്രൈവറെയാണ് കണ്ടത്. . ഉടൻതന്നെ അവർ അയാളെ ആശ്വസിപ്പിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയും, തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു . ലോറി സമാന്തര വഴിയുടെ കുറുകെ ജാമായി കിടന്നതോടെ അതുവഴിയുള്ള വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു.
കഴിഞ്ഞ പ്രളയത്തിനു വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായപ്പോൾ തകർന്ന കാഞ്ഞിരപ്പള്ളി എരുമേലി മെയിൻ റോഡിൽ, പട്ടിമറ്റത്ത് അടിയന്തിരമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആ വഴി പൂർണമായും അടച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ റോഡിന്റെ അടിയിൽ നിന്നും കൂടുതൽ മണ്ണിടിഞ്ഞുവീണതിനാൽ വളരെ അപകടസ്ഥിതിയിലായിരുന്ന ആ വഴിയേ ഒരു വാഹനവും കടത്തിവിട്ടിരുന്നില്ല. എന്നാൽ മെയിൻ റോഡ് അടച്ചപ്പോൾ വാഹനങ്ങൾക്കു വഴിതിരിച്ചു പോകുവാനായി അനുവദിച്ചിരുന്ന സമാന്തര റോഡിൽ ലോറി ജാമായി കിടന്നതോടെ അവിടെ എത്തിയ വലിയ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തിരികെ പോകാതെ, അവിടെ തടസ്സം വച്ചിരുന്ന വീപ്പകൾ മാറ്റി മെയിൻ റോഡിലെ ആ അപകടവഴിയെ യാത്ര ചെയ്യുന്നത് കാണാമായിരുന്നു. റോഡിൻറെ അടിഭാഗം മണ്ണിടിഞ്ഞു തകർന്നു കിടക്കുകയാണെന്നോ, അവിടെ അടിയന്തിരപണികൾ നടക്കുകയെന്നതോ വകവയ്ക്കാതെ, വളരെ അപകടം പിടിച്ച ആ വഴിയിലൂടെ വാഹനങ്ങൾ സാഹസികമായി ഓടിക്കുന്ന വിവരം അറിഞ്ഞ PWD ഉദ്യോഗസ്ഥർ ഉടൻ തന്നെ റോഡ് പൂർണമായും ബ്ലോക്ക് ചെയ്തു സുരക്ഷിതമാക്കി.