പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കൈയേറിയെന്ന ആരോപണത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം

കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കൈയേറിയെന്ന ആരോപണത്തിൽ സ്വകാര്യവ്യക്തിക്ക് അനുകൂല നിലപാടെടുത്ത ഭരണസമിതിക്കെതിരേ നാട്ടുകാരും പ്രതിപക്ഷവും ചേർന്ന് പ്രതിഷേധിച്ചു. ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാർഡിൽ ഉൾപ്പെട്ട തമ്പലക്കാട്- മറ്റത്തിപ്പാറ- അമ്പിയിൽ- എറികാട് റോഡ് സ്വകാര്യവ്യക്തി കൈയേറിയെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.

ഹൈക്കോടതി പഞ്ചായത്ത് ഭരണസമിതിയോട് വിഷയത്തിൽ പഞ്ചായത്തിന്റെ നിലപാട് അറിയിക്കാൻ രേഖാമൂലം അറിയിച്ചിരുന്നു. ഇതെത്തുടർന്ന് പഞ്ചായത്ത് റോഡിന്റെ 600 മീറ്റർ ഒഴികെയുള്ളഭാഗം സ്വകാര്യ വ്യക്തിയുടേതാണെന്ന് നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിഷേധമുണ്ടായത്. യോഗത്തിൽ വിഷയം വീണ്ടും ചർച്ച ചെയ്യണമെന്ന് കോൺഗ്രസ്, ബി.ജെ.പി. അംഗങ്ങൾ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ യോഗം നടന്ന ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തുടർന്ന് പഞ്ചായത്ത് ഓഫീസിന് പുറത്ത് നാട്ടുകാരും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.

പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യവ്യക്തിക്ക് അന്യാധീനപ്പെടുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പി. അംഗങ്ങളും വിയോജനക്കുറിപ്പ് സെക്രട്ടറിക്ക്് നൽകി.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ 21 ാം നമ്പരായി രേഖപ്പെടുത്തിയിട്ടുള്ള റോഡാണിതെന്നും തർക്കമുള്ള റോഡ് പഞ്ചായത്തിന്റേത് തന്നെയെന്ന് സെക്രട്ടറി നേരത്തെ ഹൈക്കോടതിയിൽ സത്യാവാങ്മൂലം നൽകിയിരുന്നതുമായി പ്രതിഷേധക്കാർ പറഞ്ഞു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമാണവും ഈ റോഡിൽ നടത്തിയിട്ടുള്ളതാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.

എന്നാൽ പഞ്ചായത്ത്് ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്തിയത് പഞ്ചായത്തിന്റെ കീഴിലുള്ള 600 മീറ്റർ ഭാഗത്ത് മാത്രമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ പറഞ്ഞു. നിലവിൽ ആ പ്രദേശത്ത് താമസക്കാരില്ലെന്നും 40 ഏക്കറോളം ഭൂമി രാജൻ തോമസ് എന്ന സ്വകാര്യവക്തിയുടെ പേരിലാണെന്നും പഞ്ചായത്ത് റോഡാണെന്ന വാദം ശരിയല്ലെന്ന് വിവിധ സബ് കമ്മിറ്റികളുടെ പരിശോധനയിൽ കണ്ടെത്തിയതാണെന്നും പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്തിന്റെ നിലപാടിൽ തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതി പ്രതിഷേധിച്ചു. വരുംദിവസങ്ങളിൽ തുടർസമരങ്ങൾ ഉണ്ടാകുമെന്ന് സമിതിനേതാക്കൾ അറിയിച്ചു.

യോഗത്തിൽ ഗ്രാമപ്പഞ്ചാത്തംഗങ്ങളായ രാജു ജോർജ് തേക്കുംതോട്ടം, അമ്പിളി ഉണ്ണികൃഷ്ണൻ, ബേബി വട്ടയ്ക്കാട്ട്, മഹാകാളിപാറ ദേവസ്വം പ്രസിഡന്റ് ആർ. രാജു കടക്കയം, ആക്‌ഷൻ കൗൺസിൽ ജോയിന്റ് കൺവീനർ കെ.ജി. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ബി.ജെ.പി. പ്രതിഷേധിച്ചു
കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള റോഡ് സ്വകാര്യവ്യക്തിക്ക് നൽകാനുള്ള എൽ.ഡി.എഫ്. ഭരണസമിതിയുടെ നീക്കത്തിൽ ബി.ജെ.പി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

യോഗത്തിൽ പഞ്ചായത്ത് ജനറൽസെക്രട്ടറി വിഷ്ണു എ. വിനോദ്, രാജേഷ് കടുകുമാക്കൽ, ടി.എസ്. ഉണ്ണികൃഷ്ണൻ, സിന്ധുസോമൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!