പേടിക്കണം കുറവാപ്പടയെ; മോഷണത്തിന്‍റെ ക്രൂരവഴി

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും കുറവ സംഘം എന്ന പേര് ഉയർന്നുകേൾക്കുകയാണ്. കോട്ടയം അതിരമ്പുഴ അടിച്ചിറ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണങ്ങൾ കൂടി കഴിഞ്ഞതോടെ കേരളം വീണ്ടും കുറവ പേടിയിലായിരിക്കുകയാണ്. ആരാണ് ഈ കുറവ സംഘം? എന്താണ് അവരുടെ മോഷണരീതി? എങ്ങനെയൊക്കെ അവരെ കരുതിയിരിക്കണം?

ആരാണ് കുറവ സംഘം?

തമിഴ്നാട്ടിലെ തിരുട്ട്ഗ്രാമത്തിൽ നിന്നുള്ള മോഷണസംഘമാണ് കുറവ. ഈ കുറവസംഘങ്ങൾ തന്നെ 4 തരമുണ്ട്. ഇവരുടെ പ്രധാന ലക്ഷ്യം സ്വർണ്ണമാണ്. വീട്ടുസാധനങ്ങളൊന്നും മോഷ്ടിക്കില്ല, പക്ഷെ സ്വർണ്ണം കണ്ടാൽ വെറുതെ വിടില്ല.

വയനാട്ടിലെ കുറുവയും തമിഴ്നാട്ടിലെ കുറവയും തമ്മിൽ സാമ്യമില്ല. കുറവന്മാരുടെ സംഘമാണ് തമിഴ്നാട്ടിൽ നിന്നും എത്തുന്നത്. നരിക്കുറവ വിഭാഗത്തിൽപ്പെട്ടവരാണ് പ്രധാനമായും കേരളത്തിൽ മോഷണത്തിനെത്തുന്നത്. വയനാട്ടിലേത് കുറുവ ആദിവാസി സമുദായമാണ്. അവർക്കും മോഷണംനടത്തുന്ന സംഘങ്ങളുമായി ബന്ധമില്ല.

എന്താണ് ഇവരുടെ രീതികൾ?

ഓരോ കുറവസംഘത്തിനും അവരുടേതായ രീതികളുണ്ട്. രീതി ഏത് തന്നെയാണെങ്കിലും നല്ല കായികശേഷിയുള്ളവരായിരിക്കും. അഭ്യാസമുറകളൊക്കെ വശമുണ്ട്. അൽപവസ്ത്രധാരികളായിട്ടാണ് മോഷണം. അവർക്ക് ആളൊഴിഞ്ഞ വീട്, ആളില്ലാത്ത വീട് എന്നൊരു വേർതിരിവ് ഇല്ല. ആളുകളുള്ള വീട് നോക്കി തന്നെ കയറാറുണ്ട്. കുറവസംഘം പിൻവാതിൽ ചവിട്ട് പൊളിച്ച് തന്നെ വരണമെന്നില്ല. മോഷണത്തിനായി ഒരു വീട് കണ്ടുവെച്ചാൽ അതിന്റെ മുൻവാതിലും ചവിട്ടിപൊളിച്ച് അകത്ത് കയറും. ഭീഷണിപ്പെടുത്തി സ്വർണ്ണം കവരും. കൊടുത്തില്ലെങ്കിൽ കൊല്ലുകയും ചെയ്യും. ചെവി അറുത്ത് കമ്മൽ കവർന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. 

വെളിച്ചവും ആൾസഞ്ചാരവുമുള്ള പ്രദേശങ്ങൾ അവർ ഒഴിവാക്കാറുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും അധികം പോകാറില്ല. റയിൽവേ ട്രാക്കിനോട് ചേർന്നുള്ള വീടുകൾ ഇവർ നോക്കിവെയ്ക്കാറുണ്ട്. ട്രെയിൻ വേഗത കുറയ്ക്കുന്ന സമയത്ത് അതിൽ നിന്നും ചാടിയിറങ്ങി വീടുകളിൽ കടന്നാക്രമിക്കും. മാസങ്ങളോളം മോഷ്ടിക്കേണ്ട സ്ഥലങ്ങളും പരിസരവും നോക്കിവെയ്ക്കും. വിദ്യാഭ്യാസപരമായി പിന്നോട്ടാണെങ്കിലും സാങ്കേതിക മികവുണ്ട്. 

ആക്രിപെറുക്കുന്നവർ, അമ്മില്ല് കൊത്തുന്നവർ അങ്ങനെ പല വേഷത്തിലും പകലെത്തി വീടും ചുറ്റുപാടും പരിശോധിക്കും.ചില അടയാളങ്ങളും ഇടും. ഒറ്റ വീട് മാത്രം നോക്കിവെച്ചുള്ള ആക്രമണരീതിയാകണമെന്നും വീടില്ല. അനുയോജ്യമായ പരിസരം കണ്ടാൽ അവിടെയുള്ള മിക്ക വീടുകളിലും കടന്നുകയറി സ്വർണ്ണം മോഷ്ടിക്കും. ജനൽ ചില്ല തകർക്കുന്നതും ഓടാമ്പൽ ഇളക്കി വീട്ടിൽ കയറാൻ നോക്കുന്നതുമൊന്നും കുറവന്മാരുടെ രീതിയല്ല. നേരെ വരിക, കതക് പൊളിച്ച് അകത്ത് കയറുക, കിട്ടുന്ന സ്വർണ്ണവുമായി പോകുക അതാണ് പ്രധാനമോഷണ രീതി. ഭവനഭേദനം നടത്തി ആക്രമിക്കുന്നതാണ് പൊതുവായ രീതി. സ്ത്രീകൾ മോഷ്ടിക്കാൻ ഇറങ്ങാറില്ല. 19 വയസ് മുതലുള്ളവർ ഈ സംഘത്തിന്റെ കൂട്ടത്തിൽ കാണും, 

2004ൽ കൊച്ചിനഗരത്തിൽ അവർ ആക്രമണം നടത്തിയിട്ടുണ്ട്. ഒറ്റപ്പാലം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവടങ്ങളിലും കുറവ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോഷണം നടത്താൻ തിരഞ്ഞെടുക്കുന്ന സമയത്തിനും പ്രത്യേകയുണ്ട്. രാത്രി 2 മുതൽ 4 വരെയുള്ള സമയങ്ങളിലായിരിക്കും ആക്രമണം. മഴക്കാലമൊക്കെ ആയതോടെ ആളുകൾ ഈ സമയത്ത് സുഖനിദ്രയിലായിരിക്കും. ആ സമയത്ത് അപ്രതീക്ഷിതമായി ശബ്ദങ്ങൾ കേൾക്കുമ്പോൾ വീട്ടിലുള്ളവർ പരിഭ്രമിക്കുകയോ എന്താണെന്ന് അറിയാൻ ഇറങ്ങിനോക്കുകയോ ചെയ്യും. ഈ അവസരം മുതലെടുത്ത് കുറവന്മാർ വീട്ടിൽ കയറും. ഇവരുടെ കയ്യിൽ മാരകായുധങ്ങൾ കാണും. ഷെഡുള്ള വീടുകളാണെങ്കിൽ കോടാലി, വെട്ടുകത്തി പോലെയുള്ളവ അവിടെ നിന്ന് തന്നെ എടുക്കും.  പെട്ടന്നുള്ള ആക്രമണമായതുകൊണ്ട് വീട്ടുകാർക്ക് മുൻകരുതലെടുക്കാനോ ജാഗ്രതപുലർത്താനോ സാധിക്കില്ല. ആക്രമിച്ച് അപഹരിക്കുന്ന പഴയ കൊള്ളസംഘങ്ങളുടേതിന് സമാനമാണ് ഇവരുടെ രീതികൾ. അതുകൊണ്ടാണ് രാത്രിയിൽ അപരിചിതമായ ശബ്ദങ്ങൾ കേട്ടാൽ ഇറങ്ങിനോക്കരുതെന്ന് പറയുന്നത്. കോട്ടയത്ത് ആക്രമണം നടത്തിയത് കുറവ സംഘമാണെന്ന് ഉറപ്പിക്കാറായിട്ടില്ല

തിരുട്ടുഗ്രാമങ്ങളെക്കുറിച്ച് 

കൃത്യമായ ആസൂത്രണത്തിലൂടെ ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടും കൂടി മോഷണം നടത്തുന്നവരാണ് തിരുട്ട് ഗ്രാമക്കാർ. മോഷണശ്രമത്തിനിടയ്ക്ക് ഒരാൾ  ജയിലിലായാലും അവരുടെ ബന്ധുക്കൾ പട്ടിണിയിലാകില്ല. തിരുട്ട്‌ ഗ്രാമത്തിലെ മൂപ്പന്റെ അറിവോടെയാണ്‌ ഓരോ സംഘങ്ങളും കവർച്ചയ്ക്ക് എത്തുന്നത്‌. 

ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പപ്പോൾ ഗ്രാമത്തിലേക്ക്‌ കൈമാറും. അവിടെനിന്നും ഇടപെടലുകൾ നടത്തിയാണ്‌ നിയമ സഹായമുൾപ്പെടെ നൽകുക. കവർച്ചനടത്തി ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം ഗ്രാമ മൂപ്പനെ ഏൽപ്പിക്കണം. ഈ  തുക ഉപയോഗിച്ചാണ്‌ കവർച്ചയ്ക്കിടെ ജയിലിലാകുന്ന കുടുംബങ്ങളെ സഹായിക്കുന്നത്. ഇത്തരത്തിൽ കുടുംബത്തിലെ ഒരംഗം ജയിലിലായാൽ പകരം മറ്റൊരംഗം മോഷണമേഖലയിലേക്ക്‌ സജീവമാകണമെന്ന നിബന്ധനയും ഈ ഗ്രാമത്തിലുണ്ട്‌.

error: Content is protected !!