ആളില്ലാത്ത വീട്ടിലെ കവർച്ച: പ്രതികളെക്കുറിച്ച് സൂചനയായില്ല; സമീപ പ്രദേശത്തെ സി.സി.ടി.വി.ദൃശ്യങ്ങളുടെ പരിശോധന തുടരുന്നു
പൊൻകുന്നം: ഇരുപതാംമൈലിൽ ആളില്ലാത്ത വീട്ടിൽ കവർച്ച നടന്ന സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചനയായില്ല. പ്ലാപ്പള്ളിൽ ദിനേശ്ബാബുവിന്റെ വീട്ടിൽനിന്ന് 1.35 ലക്ഷം രൂപയും 13 പവൻ സ്വർണാഭരണവുമാണ് നഷ്ടപ്പെട്ടത്.
വീട്ടിൽ സി.സി.ടി.വി.യില്ലാത്തതിനാൽ ദേശീയപാതയിൽ വിവിധ കടകളുടെ ക്യാമറദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അസമയത്ത് സഞ്ചരിച്ച ആൾക്കാരുടെ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. പ്രദേശവാസികളാവാം മോഷ്ടാക്കളെന്ന നിഗമനമുണ്ടെങ്കിലും ലോഡ്ജുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. അടുത്തദിവസങ്ങളിൽ പുറത്തുനിന്നെത്തി താമസിക്കുകയോ മടങ്ങുകയോ ചെയ്തവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. പരിസരപ്രദേശങ്ങളിൽ വിവിധ ജോലികൾക്കായി താമസിക്കുന്നവരെയും അക്കൂടെനിന്ന് കഴിഞ്ഞദിവസങ്ങളിൽ സ്ഥലംവിട്ടവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടൻ, സ്റ്റേഷൻഹൗസ് ഓഫീസർ സജിൻ ലൂയിസൺ, എസ്.ഐ. ടി.ജി.രാജേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറൻസിക് വിദഗ്ധർ ശേഖരിച്ച തെളിവുകളുടെ നിരീക്ഷണവും നടക്കുന്നുണ്ട്. ലഭിച്ച തെളിവുകൾ മുൻകുറ്റവാളികളുടെ വിരലടയാളങ്ങളുമായി ഒത്തുനോക്കിയുള്ള പരിശോധന നടത്തുന്നുണ്ട്.