അശരണർക്കൊപ്പം അവിസ്മരണീയമാക്കിയ കാരുണ്യത്തിൽ പൊതിഞ്ഞ ക്രിസ്മസ് ആഘോഷങ്ങൾ ..
December 23, 2019
അശരണർക്കൊപ്പം അവിസ്മരണീയമാക്കിയ കാരുണ്യത്തിൽ പൊതിഞ്ഞ ക്രിസ്മസ് ആഘോഷങ്ങൾ ..
കാഞ്ഞിരപ്പള്ളി : സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും, കാരുണത്തിന്റെയും ക്രിസ്മസ് സന്ദേശം വാക്കുകൾക്കതീതമായി സ്വയം
പ്രാവർത്തികമാക്കികൊണ്ട് ലോകത്തിനു മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി AKJM സ്കൂളിലെ വിദ്യാർത്ഥികൾ.
നല്ല സമറായൻ ആശ്രമം, ബെത്‌ലെഹെം ഭവൻ, സ്നേഹദീപം, സഞ്ചിയോ ഭവൻ, എന്നിങ്ങനെ നാല് അശരണർക്കുള്ള അഭയകേന്ദ്രങ്ങളായ ആശ്രമങ്ങളിൽ ആയിരുന്നു AKJM സ്കൂളിലെ വിദ്യാർത്ഥികളുടെ ഇത്തവണത്തെ കാരുണ്യം നിറഞ്ഞ ക്രിസ്മസ് ആഘോഷങ്ങൾ. സ്കൂൾ പ്രിൻസിപ്പൽ ഫാദർ സാൽവിൻ അഗസ്റ്റിനോടൊപ്പം മുപ്പത്തഞ്ചോളം വിദ്യാർത്ഥികളും, അധ്യാപകരും, വൈദികരും , പൂർവ വിദ്യാർത്ഥി പ്രതിനിധികളും, PTA പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തത്.
ആ അവിസ്മരണീയ നിമിഷങ്ങൾ ഇവിടെ കാണുക :
ആശ്രമങ്ങളിലെ അന്തേവാസികൾക്കൊപ്പം ആടിയും , പാടിയും, അവരുടെ ദുഖങ്ങളിൽ ആശ്വസിപ്പിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്‌തും, അവർക്കാവശ്യമുള്ള പലവ്യഞ്ജന കിറ്റുകൾ നൽകിയും അവർ ക്രിസ്മസ് സന്തോഷം പങ്കുവച്ചു.
…..
രാവിലെ ഒൻപതരയോടെ കാഞ്ഞിരപ്പള്ളി പുളിമാവിലുള്ള നല്ല സമറായൻ ആശ്രമത്തിലെത്തയ സംഘം ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. കുട്ടികൾ ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചപ്പോൾ, അവിടുത്തെ അന്തേവാസികളായ അമ്മമാരും ഗാനങ്ങൾ ആലപിച്ചു അവർക്കൊപ്പം സന്തോഷത്തിൽ പങ്കുചേർന്നു .
………………
തുടർന്ന്, മാനസിക വെല്ലുവിളികൾ നേരിടുന്ന അന്തേവാസികൾ ധാരാളമുള്ള ബെത്‌ലഹേം ഭവൻ സന്ദർശിച്ചപ്പോൾ അന്തവാസികൾ സംഘത്തോടൊപ്പം അവർ ആടിപ്പാടി തങ്ങളുടെ സന്തോഷം പങ്കുവെച്ചു. എല്ലാ ആഴ്ചയും ഒരു ദിവസം AKJM സ്കൂളിലെ കുട്ടികൾ അവിടെയെത്തി അന്തേവാസികൾക്ക് പൊതിച്ചോർ നൽകാറുണ്ട്. വർഷങ്ങളായി അവർ ആ പതിവ് തുടരുന്നുണ്ട്.
……………..
തുടർന്ന് ഇഞ്ചിയാനി സ്നേഹദീപം ആശ്രമത്തിലേക്കായിരുന്നു യാത്ര. പട്ടണത്തിൽ നിന്നും ദൂരെ മാറിയിരിക്കുന്നതിനാൽ അധികമാരും സന്ദർശിക്കാത്ത ആ സ്നേഹകൂട്ടായ്മയിൽ പത്തൊൻപതു ജുവനൈൽ ആൺകുട്ടികളാണ് വസിക്കുന്നത്. 6 വയസ്സുമുതൽ 13 വയസ്സുവരെ പ്രായമുള്ള ആൺകുട്ടികൾ ആ സ്ഥാപനത്തിൽ വസിച്ചു പഠനവും പരിശീലനവും നേടുന്നു. ആരോരുമില്ലാത്ത അവരെ സംരക്ഷിക്കുവാനും, നയിക്കുവാനും ത്യാഗപൂർണമായ ജീവിതം നയിക്കുന്ന സിസ്റ്റേഴ്സ് ഒപ്പമുണ്ട്.
കാഞ്ഞിരപ്പള്ളി സഹായ മെത്രാൻ ബിഷപ്പ് ജോസ് പുളിക്കലിന്റെ കുടുംബസ്വത്തും ഭവനവും അദ്ദേഹം കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ദാനം ചെയ്തപ്പോൾ , അതേറ്റെടുത്ത് സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് എന്ന സന്യാസ സമൂഹം, ജുവനൈൽ കുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും വേണ്ടി നടത്തുന്ന സ്ഥാപനമാണ് സ്നേഹദീപം.
അവിടെയെത്തിയ സംഘത്തോടൊപ്പം കുട്ടികൾ ആടിയും പാടിയും മതിമറന്ന് ക്രിസ്മസ് സന്തോഷം പങ്കുവച്ചു. അവരുടെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു വലിയ ക്രിസ്മസ് ആഘോഷം നടക്കുന്നത് എന്നാണ് സ്നേഹദീപത്തിലെ മദർ സിസ്റ്റർ ബീന പറഞ്ഞത്. പട്ടണത്തിൽ നിന്നും ദൂരെ മാറിയിരിക്കുന്നതിനാൽ സന്ദർശകർ വളരെ കുറവായതിനാൽ, വളരെ അപൂർവമായി മാത്രം കിട്ടുന്ന ഇത്തരം സ്നേഹകൂട്ടായ്മകൾ അവിടെ വസിക്കുന്ന കുട്ടികൾക്ക് ഏറെ സന്തോഷം പകരുന്ന അനുഭവമാണെന്നും സിസ്റ്റർ പറഞ്ഞു .
അവിടെനിന്നുള്ള യാത്രപറച്ചിൽ വികാരനിർഭരം ആയിരുന്നു. ” ഇനിയും വരണം ” എന്ന ഉറപ്പിലാണ് നിറകണ്ണുകളോടെ ആ കൊച്ചു കുട്ടികൾ തങ്ങളുടെ പുതിയ കൂട്ടുകാരെ യാത്രയാക്കിയത്.
ഉച്ചയോടെ സംഘം കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തുള്ള ആരാധനമഠം സന്യാസ സമൂഹം നടത്തുന്ന സാൻജിയോ ഭവനിൽ എത്തി. പ്രായമായ മുപ്പതോളം അമ്മമാർ താമസിക്കുന്ന സാൻജിയോ ഭവനിൽ എത്തിയ കുട്ടികളെ അമ്മാർ സന്തോഷപൂർവം സ്വീകരിച്ചു. കുട്ടികൾ കരോൾ ഗാനങ്ങൾ ആലപിച്ചപ്പോൾ അവിടെയുള്ള മേരിചേച്ചി സ്വന്തമായി എഴുതി സംഗീതം നൽകിയ ക്രിസ്മസ് ഗാനം കുട്ടികൾക്കുവേണ്ടി ജോളിച്ചേച്ചിയ്ക്കൊപ്പം ആലപിച്ചത് വ്യത്യസ്തമായ അനുഭവമായി.
പിരിയുവാൻ നേരത്ത് തങ്ങളെ സന്ദർശിച്ചതിനു നിറകണ്ണുകളോടെ നന്ദി പറഞ്ഞ അമ്മമാർ കുട്ടികളെ കെട്ടിപ്പിച്ചു തലയിൽ കൈവച്ചു അനുഗ്രഹം വാരിചൊരിഞ്ഞു .
…..
അശരണർക്കും ആലബഹീനർക്കും രക്ഷ നൽകുവാൻ, നന്മയുടെ പ്രകാശം തെളിച്ചുകൊണ്ട് ലോകത്തിൽ അവതരിച്ച യേശുക്രിസ്തുവിന്റെ പിറവിത്തിരുനാളിന്റെ ഓർമദിനമായ ക്രിസ്മസ് ആഘോഷിക്കേണ്ടത്, ഒറ്റപെട്ടവർക്കും അശരണർക്കും ആലബഹീനർക്കും ഒപ്പമായിരിക്കണം എന്ന തിരിച്ചറിവാണ് ഈ സന്ദർശനങ്ങളിലൂടെ AKJM സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചത്. സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും കാരുണത്തിന്റെയും ക്രിസ്മസ് സന്ദേശം വാക്കുകളിൽ മാത്രമല്ല, പ്രവർത്തികളിലൂടെയും തെളിയിച്ചുകൊണ്ട് ലോകത്തിനു മാതൃകയാവുകയാണ് ഈ കൊച്ചുമിടുക്കർ.. ഇത്തരം നല്ല അനുഭവങ്ങൾ അവരുടെ ഭാവി ജീവിതത്തിൽ നന്മയുടെയും കാരുണ്യത്തിന്റെയും തീനാളം കെടാതിരിക്കുവാൻ അവരെ സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല.
..