രാഷ്ട്രീയം അതിന്റെ വഴിക്ക്, ജീവിതം അതിന്റെ വഴിക്ക്.. ഷോണ്‍ ജോർജും ബിനീഷ് കോടിയേരിയും ഒരുമിച്ച് എറണാകുളത്ത് വക്കീൽ ഓഫീസ് തുടങ്ങി
രാഷ്ട്രീയം അതിന്റെ വഴിക്ക്, ജീവിതം അതിന്റെ വഴിക്ക്.. 23 വർഷമായി രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം തുടരുന്ന മൂന്ന് സുഹൃത്തുക്കൾ ഒന്നിച്ചു ഒരു സംരഭം തുടങ്ങിയപ്പോൾ കേരളത്തിൽ അതൊരു ചർച്ചാവിഷയമായി .
സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും മുൻ എംഎൽഎ പി.സി.ജോർജിന്റെ മകൻ ഷോണ്‍ ജോർജും ഹൈക്കോടതി ചേംബറിൽ പുതിയ ലീഗൽ ഓഫീസ് തുറന്നു. മുൻ ഇലക്ഷൻ കമ്മീഷൻ എൻ. മോഹൻദാസിന്റെ മകൻ നിനു എം. ദാസും ഒപ്പമുണ്ട്. ഇരുവരുടെയും സൗഹൃദം പുതിയ നിയമ ഓഫീസിലേക്ക് എത്തിയതോടെ മുന്നണി രാഷ്ട്രീയ രംഗത്തും മാറ്റമുണ്ടാകുമോ എന്ന നിരീക്ഷണത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ .
നിനു സ്കൂൾ കാലഘട്ടത്തിലും നിയമ പഠനത്തിലും ഷോണിന്റെ സഹപാഠിയായിരുന്നു. മയക്കുമരുന്ന് കേസിൽ ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രീഡിഗ്രി കാലഘട്ടം മുതൽ ബിനീഷും ചാക്കോച്ചൻ എന്നു വിളിക്കുന്ന ഷോണും സൗഹൃദത്തിലാണ്. ബിനീഷ് എസ്എഫ് ഐയുടെയും ഷോണ്‍ കെഎസ്സിയുടെയും നേതാവായിരുന്നു.
തുടർന്ന് നിയമപഠനത്തിനായി ലോ അക്കാദമിയിലും ഇരുവരും ഒരുമിച്ചെത്തി. ലോ അക്കാദമിയിൽ ആദ്യമായി കെഎസ്്സിയുടെ യൂണിറ്റ് രൂപീകരിച്ചത് ഷോണിന്റെ നേതൃത്വത്തിലായിരുന്നു.
സമരപരിപാടികളിലും പോലീസ് നടപടി യിലുമൊക്കെയായി ഷോണും ബിനീഷും പലപ്പോഴും വാർത്തകളിലെ വിവാദനായകൻമാരായി. പഠനം പൂർത്തിയാക്കിയ ഷോണ്‍ പാലായിലും ഈരാറ്റുപേട്ടയിലും ഓഫീസ് തുറന്നു. ബിനീഷ് തിരുവനന്തപുരത്തും.
ഇതിനിടയിൽ രണ്ടു പേരും രണ്ടു മുന്നണികളിലായെങ്കിലും ഇരുവരുടെയും സൗഹൃദത്തിൽ യാതൊരു ഇടിവും വന്നില്ല. രാഷ്്ട്രീയം അതിന്റെ വഴിക്ക്, അഭിപ്രായങ്ങൾ പറയും. തർക്കിക്കും. അല്ലാതെ സൗഹൃദവുമായി രാഷ്്ട്രീയത്തെ കൂട്ടി കലർത്താറില്ലെന്നു ഷോണ്‍ ജോർജ് ദീപിക ഡോട്ട്കോമിനോടു പറഞ്ഞു.
ഈരാറ്റുപേട്ടയിലെ ഷോണിന്റെ വീട്ടിൽ ബിനീഷും ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ ഷോണും കൂടെ കൂടെ എത്താറുണ്ടായിരുന്നു. രണ്ടു വർഷം മുന്‍പ് തീരുമാനിച്ചിരുന്നതാണ് ഹൈക്കോടതിയിൽ ഒരു ഓഫീസ്. കോവിഡ് കാലമായതിനാൽ നടന്നില്ല.
ഇതിനിടയിൽ ബിനീഷിനു കേസും വന്നു. ഇതാണ് നീണ്ടുപോയത്. തൊഴിലിൽ തിളങ്ങുക എന്നതാണ് ഏറ്റവും നല്ലത്. ഇപ്പോൾ തുടങ്ങാൻ നല്ല സമയം, അതുകൊണ്ടു തുടങ്ങുന്നു ഷോണ്‍ പറഞ്ഞു. ആഴ്ചയിൽ രണ്ടു ദിവസം ഷോണ്‍ ഓഫീസിലുണ്ടാകും. ബാക്കി സമയങ്ങളിൽ ജില്ലാ പഞ്ചായത്തംഗം എന്ന നിലയിൽ ഡിവിഷനിലുമുണ്ടാകും. ഒപ്പം പാർട്ടി പ്രവർത്തനവും.
ബിനീഷും ആഴ്ചയിൽ രണ്ടു ദിവസമേ ഓഫീസിലുണ്ടാകൂ. ഇരുവരുടെയും സൗഹൃദം പുതിയ നിയമ ഓഫീസിലേക്ക് എത്തിയതോടെ മുന്നണി രാഷ്ട്രീയ രംഗത്തും മാറ്റമുണ്ടാകുമോ എന്ന നിരീക്ഷണത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.
അഞ്ചിനു നടക്കുന്ന ഓഫീസ് ഉദ്ഘാടനത്തിൽ പി.സി.ജോർജ്, എൻ.മോഹൻദാസ് എന്നിവർ പങ്കെടുക്കും. ആരോഗ്യ പ്രശ്നങ്ങളാൽ കോടിയേരി ബാലകൃഷ്ണൻ എത്തില്ല.