പൊൻകുന്നത്ത് ആളൊഴിഞ്ഞ വീട്ടിലെ മോഷണം ; ഭീതി മാറി, അത് കുറുവ സംഘമല്ല, മോഷ്ടാവ് മലയാളി ..

പൊൻകുന്നം : പൊൻകുന്നത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും 13 പവൻ സ്വർണാഭരണവും കവർന്ന കേസിലെ പ്രതി മറ്റൊരു കേസിൽ കട്ടപ്പനയിൽ അറസ്റ്റിലായി. ഇടുക്കി വെള്ളിലാംകണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം പാറശ്ശാല പൂവരക്കുവിള വീട്ടിൽ സജുവാണ്‌(36) അറസ്റ്റിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ സജു ജയിൽ ശിക്ഷ കഴിഞ്ഞ് ജനുവരിയിലാണ് പുറത്തിറങ്ങിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് പൊൻകുന്നം ഇരുപതാംമൈൽ പ്ലാപ്പള്ളിൽ പി.സി.ദിനേശ് ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അടുത്ത ദിവസങ്ങളിലായി തമിഴിനാട്ടിൽ നിന്നുള്ള കവർച്ച സംഘമായ കുറുവ സംഘം കോട്ടയം ഭാഗത്തു എത്തിയെന്നുള്ള വാർത്തകൾ പ്രദേവശത്തുള്ള ജനങ്ങളെ ഭീതിയിലാക്കിയിരുന്നു. പൊൻകുന്നത്ത് നടന്ന മോഷണവും കുറുവ സംഘം നടത്തിയതായിരിക്കുമെന്ന് പലരും ഭയപ്പെട്ടിരുന്നുവെങ്കിലും, മോഷ്ടാവ് മലയാളിയാണെന്ന് അറിഞ്ഞതോടെ കുറുവ സംഘത്തെപ്പറ്റിയുള്ള ഭീതി മാറി.

കട്ടപ്പന പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പൊൻകുന്നത്ത് മോഷണം നടത്തിയത് സാജുവാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ ദിവസം പൊൻകുന്നം ഇരുപതാംമൈൽ പ്ലാപ്പള്ളിൽ പി.സി.ദിനേശ് ബാബുവിന്റെ വീട്ടിലാണ് സജു മോഷണം നടത്തിയത്. വീട്ടുകാർ അടൂർക്ക് യാത്രപോയദിവസം രാത്രിയാണ് മോഷണം നടന്നത്. മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന ഇയാൾ അലമാര തുറന്നാണ് 1.35 ലക്ഷം രൂപ, 13 പവൻ സ്വർണം, 35,000 രൂപ വിലയുള്ള മൂന്ന് വാച്ച് എന്നിവയെടുത്തത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ സജു ജയിൽശിക്ഷ കഴിഞ്ഞ് ജനുവരിയിലാണ് പുറത്തിറങ്ങിയത്.

‘കുറുവ’ സംഘം എന്നു കേൾക്കുമ്പോഴേ വിറയ്ക്കുകയാണ് ഗ്രാമങ്ങളിൽ താമസിക്കുന്നവർ . ആളുകളെ ആക്രമിച്ച് കവർച്ച നടത്തുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഈ കൊള്ളസംഘങ്ങൾ കോട്ടയം ജില്ലയിലും എത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

കുറച്ച് മാസം മുമ്പ് വരെ കേരളത്തിന് ഈ പേര് അപരിചിതമായിരുന്നു. ഇപ്പോഴും സംഘത്തെക്കുറിച്ചും പ്രവർത്തനശൈലിയെക്കുറിച്ചും വ്യക്തതക്കുറവുണ്ട് സമൂഹത്തിന്. അതുകൊണ്ട് തന്നെ ഇതിനോടകം പല കഥകളും പ്രചരിക്കുന്നുണ്ട്.

ഒരു സമുദായമോ സമൂഹമോ അല്ല, ആക്രമണവും കവർച്ചയും തൊഴിലാക്കിയ വ്യക്തികളുടെ ഒരു കൂട്ടം മാത്രമാണ് കുറുവ സംഘം. പഠിച്ച കള്ളന്മാർ. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമങ്ങളാണ് ഇവരുടെ കേന്ദ്രം. കരുത്തുറ്റ ആളുകളുടെ കൂട്ടമെന്ന നിലയിലാണ് തമിഴ്നാട് ഇന്റലിജൻസ് സംഘം ഈ കവർച്ചാ സംഘത്തിന് കുറുവ സംഘമെന്ന പേര് നൽകിയത്. നാളിതുവരെ തമിഴ്നാട്ടിൽ മാത്രമാണ് കവർച്ച നടത്തിയിരുന്നതെങ്കിലും ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വേട്ട വ്യാപിപ്പിച്ചിരിക്കുകയാണ്.

പകൽ സമയത്ത് അമ്മികൊത്ത്, ആക്രി പെറുക്കൽ, വസ്ത്ര വ്യാപാരം എന്നീ വ്യാജേന മോഷണത്തിനുള്ള വീടുകളും കടകളും കണ്ടുവെച്ച് രാത്രിയിൽ മാരകായുധങ്ങളുമായി കവർച്ചയ്‌ക്കിറങ്ങും. ശരീരം മുഴുവൻ എണ്ണ തേച്ചാവും മോഷണത്തിനിറങ്ങുക. വീടുകളുടെ മുൻവാതിൽ ആയുധങ്ങൾകൊണ്ട് തകർത്താണ് അകത്ത് കയറുക. മോഷണം നടത്തി വേഗത്തിൽ തിരിച്ചു പോകുന്നതാണ് രീതി. പി

അത്യന്തം അപകടകാരികളാണ് കുറുവ സംഘം, നാല്‌‌പതും അൻപതും അംഗങ്ങളുള്ള സംഘമായാണ് ഇവർ മോഷണത്തിനിറങ്ങുക. ആയോധന കലകൾ പയറ്റിത്തെളിഞ്ഞ ഇവർ മോഷണ ശ്രമത്തിനിടെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരെ ആക്രമിക്കുവാനും മടിക്കില്ല . കൊള്ളസംഘത്തിൽ 19 മുതൽ 59 വയസ് വരെയുള്ളവരുണ്ട്. പണവും സ്വർണവും തട്ടിയെടുക്കാൻ എന്ത് അക്രമവും നടത്തുമെന്നാണ് ഈ സംഘത്തെക്കുറിച്ചുള്ള തമിഴ്നാട് ഇന്റലിജൻസ് റിപ്പോർട്ട്.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് സമീപത്തുള്ള തിരുട്ട് ഗ്രാമത്തിൽ നിന്നാണ് ഇവർ എത്തുന്നത് എന്നാണ് കരുതപ്പെടുന്നത്. ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടും കൂടി മോഷണം നടത്തുന്നവരുടെ നാടാണ് തിരുട്ട് ഗ്രാമം . . ഗ്രാമത്തിന്റെ മുഴുവൻ ചുമതല മൂപ്പനാണ്. കവർച്ചാ സംഘങ്ങൾ പിടിക്കപ്പെട്ട് ജയിലിലായാലും ബന്ധുക്കൾ പട്ടിണിയിലാകില്ല. അവരുടെ കുടുംബത്തെ നോക്കേണ്ട ചുമതലയും ജയിലിൽ നിന്ന് ഇറക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ടതും മൂപ്പനാണ്. തിരുട്ട് ഗ്രാമത്തിലെ മൂപ്പന്റെ അറിവോടെയാണ് ഓരോ സംഘവും കവർച്ചയ്ക്ക് എത്തുന്നത്. ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പപ്പോൾ ഗ്രാമത്തിലേക്ക് കൈമാറും. അവിടെനിന്നും ഇടപെടലുകൾ നടത്തിയാണ് നിയമ സഹായമുൾപ്പെടെ നല്‌കുക. കവർച്ചനടത്തി ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം മൂപ്പനെ ഏല്‌പ്പിക്കണം. ഈ തുക ഉപയോഗിച്ചാണ് കവർച്ചയ്ക്കിടെ ജയിലിലാകുന്ന കുടുംബങ്ങളെ സഹായിക്കുന്നത്. അങ്ങനെ ചെയ്യാത്തവരെ ഗ്രാമത്തിലേക്ക് അടുപ്പിക്കുകയോ അവരുടെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയോ ചെയ്യില്ല. കുടുംബത്തിലെ ഒരംഗം ജയിലിലായാൽ പകരം മറ്റൊരംഗം മോഷണമേഖലയിലേക്ക് സജീവമാകണമെന്ന നിബന്ധനയും ഈ ഗ്രാമത്തിലുണ്ട്.

error: Content is protected !!