കാനന പാത സർക്കാർ തുറന്നു നൽകിയില്ലെങ്കിൽ, കാനന പാത സ്വയം വെട്ടിത്തെളിക്കുമെന്നു അഖില തിരുവിതാംകൂർ മലയരയ മഹാസഭ
എരുമേലി : മലചവിട്ടുന്ന അയ്യപ്പ ഭക്തരുടെ പ്രധാന ആചാര അനുഷ്ഠാനങ്ങളിൽ ഒന്നായ കാനനപാതയിലൂടെയുള്ള കാൽനട സഞ്ചാരം തടഞ്ഞ സർക്കാർ നടപടി പ്രതിഷേധർഹമാണെന്നും, സർക്കാർ ഉടൻ തുറന്നു നല്കിയില്ലെകിൽ കാനനപാത സ്വയം വെട്ടിത്തെളിക്കുമെന്നു അഖില തിരുവിതാംകൂർ മലയരയ മഹാസഭ ഭാരവാഹികൾ അറിയിച്ചു.
പേരുർത്തോട്, ഇരുമ്പൂന്നിക്കര, കാളകെട്ടി, കല്ലിടാംകുന്ന്, കരിമല വഴിയുള്ള പരമ്പരാഗത കാനനപാത ശബരിമല അയ്യപ്പ ഭക്തർക്കായി അടിയന്തിരമായി തുറന്നു കൊടുക്കണമെന്ന് അഖില തിരുവിതാംകൂർ മഹാസഭ ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സർക്കാരും – ദേവസ്വം ബോർഡും നിരവധി ഇളവുകൾ നൽകിയെങ്കിലും കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ രണ്ടു വർഷംമുമ്പ് അടച്ചിട്ട പരമ്പരാഗത കാനനപാത തുറക്കുന്നില്ല. ഇതുമൂലം നൂറ്റാണ്ടുകളായി ആചരിച്ചു പോരുന്ന ആചാര അനുഷ്ഠാനങ്ങൾ പൂർത്തീകരിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും, ഇനിയും തുറന്നു നല്കിയില്ലെകിൽ കാനന പാത സ്വയം വെട്ടിത്തെളിക്കുമെന്നു അഖില തിരുവിതാംകൂർ മലയരയ മഹാസഭ ഭാരവാഹികൾ അറിയിച്ചു.
എരുമേലി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ അഖില തിരുവിതാംകൂർ മലയരയ മഹാസഭ സെക്രട്ടറി ബാബു കോസടി, ബോർഡ്അംഗങ്ങളായ രാജൻ അറക്കുളം, കെഎസ് സുബിൻ, യുവജന അസ്സോസിയയേഷൻ സംസ്ഥാന പ്രസിഡന്റ് നിഖിൽ ദാസ് എന്നിവർ പങ്കെടുത്തു.